പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അലംഭാവം. നവംബര്‍ 16ന് മണ്ഡല-മകരവിളക്കുത്സവത്തിനു നട തുറക്കും.
ഇത്തവണ വിദേശത്തുനിന്നും ഉത്തര ഭാരത സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊന്നുമായില്ല.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് തിരക്കു നിയന്ത്രിക്കുന്നതിലും ശൗചാലയങ്ങളൊരുക്കുന്നതിലും വീഴ്ചയുണ്ടായി, ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വെള്ളം കിട്ടാതെ തീര്‍ഥാടകര്‍ വലഞ്ഞു. ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ പലപ്പോഴും അക്രമാസക്തരായി.
ഇത്തവണ സന്നിധാനത്ത് 168 ശൗചാലയങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ ഇവയുടെ പണി പൂര്‍ത്തിയായിട്ടില്ല. പമ്പയില്‍ 440 ടോയ്ലറ്റുകളുണ്ട്്. ഇതില്‍ 66 സ്ത്രീകള്‍ക്കായാണ്. 26 മാത്രമേ സൗജന്യമായി ഉപയോഗിക്കാനാകൂ. കരാര്‍ നല്കിയ ബാക്കിയുള്ളതിനു ഫീസ് കൊടുക്കണം. സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയില്‍ ആറു ക്യൂ കോംപ്ലക്സുകളിലായി 18 കെട്ടിടങ്ങളുണ്ട്. വര്‍ഷങ്ങളായി പണി നടക്കുന്നുണ്ടെങ്കിലും പകുതി പോലുമായിട്ടില്ല. തിരുപ്പതി മോഡല്‍ ക്യൂ സംവിധാനമെന്ന് കാലങ്ങളായി ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തവണയും അടച്ചിടുന്ന ക്യൂ കോംപ്ലക്സില്‍ തീര്‍ഥാടകര്‍ വെള്ളവും പ്രാഥമിക സൗകര്യവുമില്ലാതെ വലയുമെന്നുറപ്പാണ്.
മഹാപ്രളയത്തില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപം നശിച്ചതോടെ തീര്‍ഥാടകര്‍ക്ക് വിശ്രമ സൗകര്യമില്ല. ഗണപതി കോവിലിനുമുന്നില്‍ താത്ക്കാലിക നടപ്പന്തലുണ്ടാക്കാന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചെങ്കിലും വനംവകുപ്പ് തടസ്സമായി. കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിലയ്ക്കലില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നടപ്പായില്ല. പാര്‍ക്കിങ് ഏരിയ മെറ്റലിട്ട് ഉറപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇതും തീര്‍ഥാടന കാലത്തിനു മുമ്പ് നടക്കുമോയെന്നും സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: