എല്ലാ വര്‍ഷവും ഒക്ടോബര്‍ 29 ലോകം മുഴുവനും മസ്തിഷ്കാഘാത ദിനമായി 2004 മുതല്‍ നടത്തപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രരംഗത്തെ മുന്നേറ്റം മനുഷ്യായുസ്സില്‍ ഉണ്ടാക്കിയ വര്‍ദ്ധന ലോകത്തെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2050 ആകുമ്പോള്‍ 28%ത്തിനു മുകളില്‍ എത്തിക്കും. ഇതില്‍ മഹാഭൂരിപക്ഷം ഭാരതമുള്‍പ്പടെ വികസ്വര അവികസിത രാജ്യങ്ങളില്‍ ആയിരിക്കും. അവിടെയാണ് ഹൃദയാഘാതം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു മരണനിരക്കുണ്ടാക്കുകയും, വികലത സൃഷ്ടിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുമുള്ള മസ്തിഷ്കാഘാതം തടയേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നതും. ഇതിനായി ഈ രോഗത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഓരോ വര്‍ഷവും 12 ദശലക്ഷം ജനങ്ങളിലാണ് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ഇതില്‍ 90% മസ്തിഷ്കാഘാതങ്ങളും ചുരുക്കം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തടയാവുന്നതാണെന്നോര്ക്കുക. ഇക്കാരണത്താലാണ് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാപേരുടെയും ഉത്തരവാദിത്വനിര്വ്വഹണ പ്രാധാന്യം സൂചിപ്പിക്കാന്‍ ‘നമ്മള് ഒരുമിച്ചാല്‍ സ്ട്രോക്കിനെക്കാള്‍ വലുത്’ എന്ന ശീര്‍ഷകം ഇത്തവണ ലോക മസ്തിഷ്കാഘാത സംഘടന ഈ ദിനസന്ദേശമായി സ്വീകരിച്ചിരിക്കുന്നത്.
എന്താണ് മസ്തിഷ്കാഘാതം?
മസ്തിഷ്കം തലയോട്ടിക്കുള്ളില്‍ ഒരു സുരക്ഷിത കവചത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വളരെ മൃദുവായ ഒരു അവയമാണ്. ശരീരത്തിന്റെ 2% ഭാരമേയുള്ളുവെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് 20% ശതമാനം രക്തം അത്യന്താപേക്ഷിതമാണ്. ഇത് വഹിക്കുന്ന രക്തക്കുഴലുകള്‍ കഴുത്തിന് ഇരു വശത്തുമായി നാല് എണ്ണമാണ്. വലിയരക്തധമനിയായ അയോര്‍ട്ടയുടെ ശാഖയായി വരുന്നത്. അത് തലച്ചോറിലേക്ക് എത്തി പരസ്പരം ഇണപിരിഞ്ഞു തലച്ചോറിനെ രക്തകവചത്തിനുള്ളില് സൂക്ഷിക്കുന്നു. മസ്തിഷ്കത്തിലേക്കുള്ള ഈ രക്തധമനികള്‍ അടയുന്നതുമൂലമോ അല്ലെങ്കില്‍ രക്തധമനികള്‍ പൊട്ടിപ്പോകുന്നതുമൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്. ലോകത്ത് ഏകദേശം ഒരു ലക്ഷം ആളുകളില്‍ 100 മുതല്‍ 150 വരെ ആളുകള്‍ക്ക് പ്രതിവര്‍ഷം മസ്തിഷ്കാഘാതം ഉണ്ടാകുന്നതായി കണ്ടുവരുന്നു.
ഭാരതത്തെ പോലുള്ള വികസ്വര രാജ്യങ്ങള്‍ സാംക്രമികരോഗങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും ഇരട്ടി ഭാരം നേരിടുകയാണ്. ഭാരതത്തില്‍ കണക്കാക്കിയിരിക്കുന്ന മസ്തിഷ്കാഘാത നിരക്ക്, ഗ്രാമങ്ങളില്‍ 84-262/100,000, നഗരപ്രദേശങ്ങളില്‍ 334-424/100,000/1 വര്‍ഷം വരെയാണ്. മസ്തിഷ്കാഘാത മരണനിരക്കും 30% മുതല്‍ 50 % വരെയാണ്. ചികിത്സാരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച, വികസിതരാജ്യങ്ങളില്‍ ഇത് ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. തദവസരത്തില്‍ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ആരോഗ്യരംഗത്തെ ചെലവ് ഭാരതത്തില്‍ മറ്റു മൂന്നു പ്രധാന സാംക്രമിക രോഗങ്ങളെക്കാള്‍ മുന്നില്‍ നില്ക്കുന്നു എന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ സ്ട്രോക്ക് തടയാനുള്ള കര്‍മ്മപദ്ധതികള്‍ ഊര്‍ജിതപ്പെടുത്തേണ്ടിയിരിക്കുന്നു.
തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നതുമൂലമോ മറ്റു ഭാഗങ്ങളില്‍ നിന്ന് രക്തക്കട്ട വന്നു അടയുന്നതു മൂലമോ ഉണ്ടാകുന്ന സ്ട്രോക്കിനെ ഇസ്കീമിക് മസ്തിഷ്കാഘാതം (കരെവമലാശര ടൃേീസല) എന്നും, തലച്ചോറിലേക്കുള്ള രക്തധമനികള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന സ്ട്രോക്കിനെ മസ്തിഷ്കത്തിലെ രക്തസ്രാവം (ഒമലാീൃൃവമഴശര ടൃേീസല) എന്നും പറയുന്നു. 80 ശതമാനം മസ്തിഷ്കാഘാതങ്ങളും രക്തധമനികള്‍ അടയുന്നതുമൂലമാണ് ഉണ്ടാകുന്നതെങ്കില്‍, 20 ശതമാനം സ്ട്രോക്കുകള്‍ രക്തക്കുഴല്‍ പൊട്ടുന്നതു മൂലമാണ് ഉണ്ടാകുന്നത്.
കാരണങ്ങള്‍
1.പ്രായം 65വയസ്സിന് മുകളിലുള്ള പുരുഷന്മാര്
2.രക്താതിസമ്മര്‍ദ്ദം
3.പ്രമേഹം
4.ഹൃദയസംബന്ധമായ രോഗങ്ങള്‍
5.അമിതമായ കൊളസ്ട്രോള്‍
6.വ്യായാമമില്ലായ്മ
7.പുകവലി
8.അമിത മദ്യപാനം
9. അമിത വണ്ണം
10. ഹൃദയത്തിന്റെ മിടുപ്പില്‍ ഉണ്ടാവുന്ന വ്യതിയാനം (ഏട്രിയല്‍ ഫിബ്രില്ലേഷന്)
11. അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍.
കൂടാതെ രക്തധമനികളെ ബാധിക്കുന്ന ജന്മനായുള്ള മറ്റ് അസുഖങ്ങളും കാരണമാവാം. ഓരോ 3 മിനിട്ടിലും ലോകത്തൊരാള്‍ മസ്തിഷ്കാഘാതം മൂലം മരണപ്പെടുന്നു എന്നാണ് കണക്ക്. 6 ദശലക്ഷത്തിലധികം രോഗികള്‍ ഓരോ വര്‍ഷവും മരണപ്പെടുന്നു. നാലില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു തവണ എങ്കിലും മസ്തിഷ്കാഘാതം ഉണ്ടാവുമെന്നും ഇതില്‍ നാലില്‍ ഒരു രോഗിക്ക് വീണ്ടും മസ്തിഷ്കാഘാതം വരുന്നു എന്നതും ഈ രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടി കാണിക്കുന്നു. വികസിത രാജ്യങ്ങളില്‍ സ്ട്രോക്കിന്റെ എണ്ണം കുറക്കാന്‍ കഴിഞ്ഞിട്ടും അവികസിത, വികസ്വര രാജ്യങ്ങളില്‍ 50% രോഗവര്‍ധന ഉണ്ടാകുന്നതു ആശങ്കാജനകമാണ്.
മസ്തിഷ്കാഘാതം എങ്ങനെ തിരിച്ചറിയാം?
ശരീരത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളരുക, സംസാരശേഷി നഷ്ടപ്പെടുക, മുഖം ഒരു വശത്തേക്ക് കോടി പോകുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് കര്ട്ടന് വീണ പോലെ മങ്ങുക, ശക്തമായി പെട്ടെന്നുണ്ടാവുന്ന തലവേദന, അല്ലെങ്കില്‍ പെട്ടെന്ന് കേള്‍വിയും, ബാലന്‍സും നഷ്ടപ്പെടുക തുടങ്ങിയവയെല്ലാം മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ഇവിടെയാണ് ജനങ്ങള്‍ക്ക് ഈ അസുഖത്തില്‍ സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം നല്കാന്, ബി ഫാസ്റ്റ് (ആഋ എഅടഠ) എന്ന ഒരു ഫോര്‍മുല നടപ്പാക്കാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നത്. ഇവിടെ രോഗലക്ഷണങ്ങള്‍ ചുരുക്കുന്നതാണ്, ബാലന്‍സ് (ആ), കാഴ്ച പ്രയാസം (ഋ), മുഖം കോടല്‍ (എ), കൈയുടെ ബലക്ഷയം (അ), സംസാര വ്യതിയാനം (ട) ഫാസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അവസാനത്തെ(ഠ)ചികിത്സക്ക് സമയ നഷ്ട്ടം ഉണ്ടാവാതിരിക്കേണ്ട ആവശ്യകത എടുത്തു കാട്ടുന്നു. കാരണം രോഗലക്ഷണം തുടങ്ങി ഓരോ മിനുട്ടിലും 2 ദശലക്ഷം നാഡീകോശങ്ങളാണ് നഷ്ടപെട്ടുകൊണ്ടിരിക്കുക. നവീന ചികിത്സാരീതികള്‍ നിലവില്‍ വന്നിട്ടും പലപ്പോഴും രോഗിയും ബന്ധുക്കളും സ്ട്രോക്ക് തിരിച്ചറിയാന്‍ വൈകുന്നതിന് കൊടുക്കേണ്ടി വരുന്ന വില ചെറുതല്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും സമയം പാഴാക്കാതെ ചികിത്സ തേടണം എന്നു പറയുന്നതും ഇതുകൊണ്ടാണ്. പുതിയ ചികിത്സാതന്ത്രം രോഗലക്ഷണം തുടങ്ങുന്ന സമയത്തേക്കാള്‍ പ്രാധാന്യം, എംആര്‍ഐ സ്കാന്‍ ഉപയോഗിച്ചുള്ള തലച്ചോറിലെ കോശങ്ങളുടെ നാശം തുടങ്ങിയ സമയം നിശ്ചയിക്കല്‍ ആണ്. ഇവിടെ നിര്‍മ്മിത ബുദ്ധി ഉപയോഗം നിലവില്‍ വന്നു കഴിഞ്ഞു. പ്രത്യേകിച്ചും ഉറക്കത്തില്‍ നിന്നും സ്ട്രോക്ക് ലക്ഷണങ്ങളുമായി ഉണരുമ്പോള്‍. മസ്തിഷ്കാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്താല്‍ രോഗംമൂലമുള്ള മരണനിരക്കു കുറയ്ക്കുവാനും രോഗാതുരത, വൈകല്യം എന്നിവ ഒഴിവാക്കുവാനും കഴിയും.
ചികിത്സാരീതി
ചികിത്സയില്‍ സമയത്തിനുള്ള പ്രാധാന്യം മനസിലാക്കുന്നതോടൊപ്പം ഈ അസുഖം വരാതിരിക്കാനും വന്നു കഴിഞ്ഞാല്‍ എന്ത് ചെയ്യണം എന്നും പൊതുജനം അറിയേണ്ടതുണ്ട്. കാരണം മസ്തിഷ്കാഘാതം ആര്‍ക്കും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഈ വര്‍ഷത്തെ അവബോധം ലക്ഷ്യമിടുന്നത് പ്രധാനമായും ‘നമ്മള് ഒരുമിച്ചു പ്രതിരോധമൊരുക്കിയാല് മസ്തിക്ഷ്കാഘാതത്തേക്കാള്വലുതായിരിക്കും’ എന്ന ആശയമാണ്. മസ്തിഷ്കാഘാതം തടയാന്‍ വേണ്ടത് ശരിയായ വ്യായാമം, ജീവിതചര്യ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ കര്‍ശനമായി നിയന്ത്രിക്കുക, പൊണ്ണത്തടി കുറക്കുക, മാനസികസമ്മര്‍ദ്ദം ഒഴിവാക്കുക, അന്തരീക്ഷമലിനീകരണം കുറക്കുക, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞു ചികിത്സിക്കുക എന്നിവയാണ്.
മസ്തിഷ്കാഘാതം വന്നവരെ ഏത് തരം ആശുപത്രികളിലാണ് എത്തിക്കേണ്ടത് എന്ന് നമ്മള് അറിഞ്ഞിരിക്കണം. സ്ട്രോക്ക് ഉണ്ടായികഴിഞ്ഞാല്‍ ‘സ്ട്രോക്ക് റെഡി’ആശുപത്രിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. നാലര മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തലച്ചോറിലെ രക്തക്കട്ട അലിയിക്കുന്നതിനുള്ള ചികിത്സയെ ത്രോംബോലൈറ്റിക്ക് ചികിത്സ എന്നും, 6 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ, വലിയ ധമനികളിലെ രക്തക്കട്ട നീക്കുന്നതിന് മെക്കാനിക്കല്‍ ത്രോംബക്ടമി എന്ന ചികിത്സയും ഇന്ന് ലഭ്യമാണ്. പക്ഷെ, അടിയന്തിര സ്ട്രോക്ക് ചികിത്സക്കു വേണ്ട സജ്ജീകരണങ്ങളുള്ള ആശുപത്രിയില്‍ മാത്രമെ ഇവലഭ്യമാകൂ. രോഗിയെ കഴിവതും കിടത്തി മാത്രമേ കൊണ്ട് പോകാന്‍ ശ്രമിക്കാവു. പലപ്പോഴും രോഗ ചികിത്സയുടെ വിവിധ വശങ്ങളുടെ അറിവില്ലായ്മ കൊണ്ട് മാത്രം രോഗിയോ ബന്ധുക്കളോ, രക്തക്കട്ട അലിയിക്കുന്ന ചികിത്സക്കും നീക്കം ചെയ്യുന്ന ചികിത്സക്കും തീരുമാനം എടുക്കാന്‍ വൈകുന്ന രീതി പൊതുവെ കാണാറുണ്ട്. ഇത് മൂലമുണ്ടാകുന്ന സമയ നഷ്ടം രോഗിയുടെ ശിഷ്ടജീവിതം ഇല്ലാതാക്കിയേക്കാം എന്ന വസ്തുത ഓരോരുത്തരും മനസ്സിലാക്കി, നേരത്തെ തന്നെ മസ്തിഷ്കാഘാതത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കണം. ഇതില്‍ ആരോഗ്യരംഗത്തെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും അത്യന്താപേക്ഷിതമാണ്.
സിടി സ്കാന്‍ വഴി രക്തം കട്ടപിടിക്കുന്ന സ്ട്രോക്കും രക്തസ്രാവവും മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചറിയാം. സിടി പെര്‍ഫൂഷന്‍, എംആര്‍ഐ ഡിഫ്യൂഷന്‍ സ്കാന്‍, ആന്‍ജിയോഗ്രാം എന്നിവ സ്ട്രോക്ക് രോഗനിര്‍ണയത്തെ കൂടുതല്‍ ഫലവത്താക്കാന്‍ സഹായിക്കും. നൂതന ചികിത്സരീതികള്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട് എന്ന് മനസ്സിലാക്കുക. മസ്തിഷ്കാഘാത ചികിത്സയിലും സമീപനത്തിലും ഉണ്ടായിട്ടുള്ള വിപ്ലവകരമായ മുന്നേറ്റങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ എല്ലാ മാധ്യമങ്ങളും വലിയ പങ്കു വഹിക്കേണ്ടതുണ്ട്. സ്ട്രോക്കുണ്ടായ സമയം അറിയാതെയുള്ള രോഗികളില്‍ രക്തക്കട്ട അലിയിക്കല്‍ (രോംബോലൈസിസ്), രക്തക്കട്ട നീക്കം ചെയ്യല്‍ (മെക്കാനിക്കല്‍ ത്രോംബെക്ടമി)എന്നീ ചികിത്സകള്‍ നല്കുന്നതിനു പുതിയ എംആര്‍ഐ പെര്‍ഫ്യൂഷന്‍ സ്കാനുകള്‍ക്കു കഴിയുമെന്നത് ആശ്വാസകരമാണ്.
ഒരു തവണ ഈ അസുഖം വന്ന രോഗികള്‍ക്ക് വീണ്ടും വരാതിരിക്കുന്നതിന് വേണ്ട മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടതുണ്ട്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ നടത്തിയ പഠനത്തില്‍ 35% രോഗികള്‍ മാത്രമേ ഇത് ശ്രദ്ധിക്കാറുള്ളു എന്നത് പ്രബുദ്ധകേരളത്തിനു അനുയോജ്യമല്ല. ഇതോടൊപ്പം ജീവിതത്തിലെ 7 കാര്യങ്ങള്‍ (പ്രമേഹം, അമിതമായ കൊളസ്ട്രോള്‍, രക്താതിസമ്മര്‍ദ്ദം എന്നിവ കൃത്യമായി നിയന്ത്രിക്കാനുള്ള മരുന്നുകള്‍, വ്യായാമം, പുകവലി ഉപേക്ഷിക്കുക, ആരോഗ്യമുള്ള ഭക്ഷണ ശൈലി, അമിതവണ്ണം ഒഴിവാക്കല്‍)ശ്രദ്ധിച്ചാല്‍ 90% സ്ട്രോക്കുകളും വീണ്ടും വരാതിരിക്കാനും സഹായിക്കും. ഇവിടെയും മരുന്നുകള്‍ വൃക്ക തകരാറുകള്‍ ഉണ്ടാക്കുമെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം പലപ്പോഴും രോഗി മരുന്നുകള്‍ കഴിക്കാതിരിക്കാന്‍ കാരണമാവാറുണ്ട്. ഇത്തരം പ്രചരണം ഏതു ഭാഗത്തു നിന്നുണ്ടാവുന്നതും അപലപനീയമാണ്. സ്ട്രോക്ക് രോഗികളുടെ പുനരധിവാസത്തിനുവേണ്ട സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, പേശികളിലെ വലിവ് കുറയ്ക്കുന്നതിനു വേണ്ട ബോട്ടോക്സ് തെറാപ്പി, ചലന ശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചികിത്സ എന്നിവ സ്ട്രോക്ക് രോഗികളിലെ വൈകല്യങ്ങള്‍ കുറയ്ക്കുന്നതിന് വളരെ സഹായകരമാണ്. നല്ലൊരു നാളേക്കായി മസ്തിഷ്കാഘാത രോഗത്തെക്കാള്‍ വലിയൊരു കൂട്ടായ്മ നമുക്കൊരുക്കാന്‍ കഴിയണം.
(കൊല്ലം കടപ്പാക്കട വിവി ന്യൂറോസെന്റര് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: