ലഖ്നൗ: കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് പത്ത് പോയിന്റ് സ്വന്തമാക്കിയ ഭാരതം ഇന്ന് ഇംഗ്ലണ്ടിനെതിരെ. ഉച്ചയ്ക്ക് രണ്ടിന് ലഖ്നൗവില്‍ ഭാരത രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ രോഹിത് ശര്‍മ്മയും കൂട്ടര്‍ക്കും സെമി ബെര്‍ത്ത് ഉറപ്പിക്കാനാകും. പ്രതീക്ഷകള്‍ അവസാനിച്ച ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാനായാല്‍ ചെറിയൊരു കാത്തിരിപ്പിന് വകയുണ്ടെന്ന് മാത്രം.
ഇരു ടീമുകളുടെയും ആറാം മത്സരമാണിന്ന്. കഴിഞ്ഞ ഞായറാഴ്ച ധര്‍മ്മശാലയില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതാണ് ഭാരതത്തിന്റെ ഒടുവിലത്തെ മത്സരം. ഇംഗ്ലണ്ടാകട്ടെ കളിച്ച അഞ്ച് കളികളില്‍ നാലെണ്ണത്തിലും പരാജയപ്പെട്ട് നില്‍ക്കുകയാണ്. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞു. ഇന്നത്തേടക്കം ഇനിയുള്ള അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ പ്രാഥമിക റൗണ്ട് അവസാനിക്കും വരെ പോയിന്റ് പട്ടികയില്‍ മറ്റ് ടീമുകളുടെ അന്തിമ സ്ഥാനം നിര്‍ണയിക്കുന്നത് വരെ കാത്തിരിക്കാനുള്ള അവസരം ജോസ് ബട്ട്ലര്ക്കും ടീമിനുമുണ്ടാകും. പക്ഷെ തോറ്റാല്‍ തീര്‍ന്നു. ലോക ചാമ്പ്യന്മാരുടെ സര്‍വ്വ പ്രതീക്ഷയും അവസാനിച്ച് ശേഷിച്ച മത്സരങ്ങള്‍ ചടങ്ങുകളായി കളിച്ചു തീര്‍ക്കുന്നതിലേക്ക് തിരിയാം.
ഭാരതത്തിന് ഇന്ന് ജയിക്കാനായാല്‍ തിരിഞ്ഞുനോക്കേണ്ടതില്ല. 13-ാം ലോകകപ്പില്‍ ആദ്യം സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ടീമായി മാറും. എല്ലാ മത്സരങ്ങളും ജയിച്ച് പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഭാരതം. ഇത്രയും പോയിന്റുള്ള ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍നിരക്കിന്റെ മേന്മയില് മുന്നില്‍ കയറി.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ അര്. അശ്വിന് ഇന്നത്തെ ഇലവനില്‍ കളിച്ചേക്കും. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസറെയും പരീക്ഷിക്കാനാകും ഭാരത തീരുമാനം. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം കുറേക്കൂടി പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെ പരീക്ഷിക്കാനാണ് സാധ്യത. ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരാമായാണ് ഷമി കളംവിട്ടത്. ഈ പ്രകടന മികവിന്റെ ബലത്തില്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്കാന് സാധ്യതയുണ്ട്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ സുഖം പ്രാപിക്കാത്തത് ഭാരതത്തിന് തിരിച്ചടിയാണ്. രണ്ട് മത്സരങ്ങള്‍ കൂടി താരത്തിന് നഷ്ടമാകുമെന്നാണ് ലഭിക്കുന്ന സൂചന.
ശക്തരായ ടീം ആണ് ഇംഗ്ലണ്ട്. പക്ഷെ ഇത്തവണ ഭാരത സാഹചര്യത്തില്‍ തീരെ പൊരുത്തപ്പെടാനും താളം കണ്ടെത്താനും സാധിച്ചിട്ടില്ല. ലോക ക്രിക്കറ്റില്‍ ആക്രമണോത്സുകമായ പുതിയ ശൈലി കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന ടീം ആണ് ഇംഗ്ലണ്ട്.
സമര്‍ത്ഥമായ ടീം. ബാറ്റിങ് ലൈനപ്പില്‍ ജോസ് ബട്ട്ലര്‍, ജോമി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ലയാം ലിവിങ്സ്റ്റണ്, ഹാരി ബ്രൂക്ക്. ഇതുപോലൊരു നിര ഏത് ടീമും കൊതിക്കും. പക്ഷെ ഇത്തവണ യാതൊന്നും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമുള്ള സമയത്ത് ക്ഷമയോടെ പൊരുതാന്‍ മിനക്കെടാത്തതാണ് ടീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം.
ലെങ്ത്തിലും ലൈനിലും പന്തെറിഞ്ഞ് മികവ് സൃഷ്ടിക്കുന്ന ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് യോജിച്ച പിച്ചല്ല ലഖ്നൗവിലേത്. ലോകകപ്പ് ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരുന്ന ബൗളര്‍ റീസ് ടോപ്ലി പരിക്കേറ്റ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്നത്തെ പിച്ചില്‍ മൊയീന്‍ അലി- ആദില്‍ റഷീദ് സഖ്യത്തിന് ഭാരത ബാറ്റര്‍മാര്‍ക്കിടയില്‍ എന്ത് പ്രത്യാഘാതം ഉണ്ടാക്കാനാകുമെന്നതനുസരിച്ചായിരിക്കും ഇന്നത്തെ വിധി നിര്‍ണയിക്കപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: