വില്വോപാഖ്യാനം
ശ്രീരാമന്‍ പറഞ്ഞു, ”അങ്ങയുടെ വാക്യാമൃതം ആസ്വദിച്ചിട്ട് എന്റെ ഉള്ളില്‍ അല്പംപോലും തൃപ്തിയുണ്ടായില്ല. ഇനിയും തത്ത്വമയിയാകുന്ന കഥ ഉള്ളില്‍ കനിവോടെ അരുള്‍ചെയ്യേണമേ മമ ഗുരോ!” ശ്രീരാമചന്ദ്രന്‍ ഇങ്ങനെ ചോദിച്ചനേരം മഹാന്മാരൊക്കെ വാഴ്‌ത്തുന്ന മാമുനി പറഞ്ഞു, ”ആഗ്രഹിച്ച വസ്തു കൈവന്നീടില്‍ തല്‍ക്ഷണം വലിയ സന്തോഷമുണ്ടായീടും. അത് ഒരു ക്ഷണം കഴിഞ്ഞാലുണ്ടാകയില്ല. ഈ അവസ്ഥയെ ലോകത്ത് ആരാണറിയാത്തത്? വസ്തു, അമിതാഗ്രഹം ഉള്ളപ്പോളെന്നതുപോലെ മറ്റൊരിക്കല്‍ സന്തോഷം നല്‍കുന്നതായി വന്നീടാ. വളരെ കുട്ടിയായിരിക്കുന്നവനല്ലാതെ ഈ ഭൂമിയില്‍ ക്ഷണസുഖത്തെ ആരും ആഗ്രഹിക്കുകയില്ല. ക്ഷണനേരത്തേക്കുള്ള ആഗ്രഹത്തിലെ തുഷ്ടിക്ക് ആഗ്രഹംതന്നെയായീടുന്നു കാരണം, മറ്റൊന്നല്ല. തുഷ്ടി അതുഷ്ടിയില്‍ ഇല്ലാത്തതായീടുന്നു, പെട്ടെന്ന് അതുകൊണ്ടീ ആഗ്രഹത്തെ കളയണം. എപ്പോഴും സംഗമില്ലാതെ ജീവിച്ചീടുന്ന നിന്റെ ആശ നിശാന്തതയെ പ്രാപിക്കട്ടെ! ഭാവന അഭാവത്തെ പ്രാപിച്ചീടട്ടെ! വാസനാഹീനങ്ങളാകുന്ന ഇന്ദ്രിയങ്ങളോടൊത്തു നീ സദാ ക്രിയകളെ ചെയ്തുകൊള്ളുന്നുവെങ്കില്‍ വിക്ഷോഭങ്ങളാല്‍ ആകാശമെന്നപോലെ നീ ഉള്ളില്‍ വികാരത്തെ പ്രാപിച്ചീടുകയില്ല. ചിത്തത്തിന്റെ തുറക്കലും അടയ്‌ക്കലും നിമിത്തം സംസാരപ്രളയോദയങ്ങള്‍ സംഭവിക്കുന്നു. പ്രാണരോധംകൊണ്ടോ വാസനാരോധംകൊണ്ടോ മാനസത്തെ നിമിഷമില്ലാത്തതാക്കി നീ മാറ്റുക.
നളിനേക്ഷണ! പ്രാണോന്മേഷനിമേഷങ്ങളാല്‍ പ്രളയോദയങ്ങള്‍ (നാശവും ആരംഭവും) ഈ സംസൃതിക്കുണ്ടാകുന്നു. അഭ്യാസം പ്രയോഗം എന്നിവകളെക്കൊണ്ട് നീ അതിനെ പെട്ടെന്ന് ഉന്മേഷഹീനമാക്കണം. വളര്‍ന്നീടുന്ന മൂര്‍ഖമായ ഉന്മേഷനിമേഷങ്ങളാല്‍ കര്‍മ്മങ്ങള്‍ക്കും പ്രളയോദയങ്ങളുണ്ടാകുന്നു. ഗുരുശാസ്ത്രാര്‍ത്ഥസംയമങ്ങളാല്‍ ആ മൗര്‍ഖ്യത്തെ നീ പെട്ടെന്ന് ബലാല്‍ വിലീനമാക്കീടുക വേണം. സംവിത്തിന് സ്പന്ദം ഇല്ലാതിരിക്കുന്നതുകൊണ്ടോ പ്രാണങ്ങളെ നന്നായി തടയുന്നതുകൊണ്ടോ ചിത്തമല്ലാതെകണ്ടു ചിത്തം ഭവിച്ചീടുന്നു, ഉത്തമമായീടുന്ന പദം അതുതന്നെ. പാരമാര്‍ത്ഥികയായീടുന്ന സുഖം ദൃശ്യദര്‍ശന സംബന്ധത്തില്‍ നന്നായി ചേരുന്നു. തത്ത്വരൂപാനുസന്ധാനമാകുന്ന ബ്രഹ്മദൃഷ്ടിയാല്‍ മനം ക്ഷയിച്ചീടും. ഏതൊരു സുഖത്തിങ്കലാണോ ചേതസ്സ് ആഭ്യുദിതമാകാതെകണ്ടിരിക്കുന്നത് ആ സുഖം അനുത്തമമാണ്. നിത്യമായീടുന്ന ആയത് ഒരിക്കലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുകയില്ല. തജ്ഞന്റെ ചിത്തം ചിത്തമാവുകയില്ല, തജ്ഞന്റെ ചിത്തത്തിനെ സത്യമെന്നോതീടുന്നു. നാനാരൂപങ്ങളാല്‍ അന്യത്വഭാക്കാകുന്ന ചിത്തം ഊനംകൂടാതെ ബ്രഹ്മജ്ഞാനമുണ്ടായിവന്നാല്‍ സത്വരം അത് അഭിന്നമായി ഭവിച്ചീടുന്നതു യുക്തിയാല്‍ ചെമ്പു നല്ല പൊന്നാകുന്നതുപോലെയാണ്. ചിത്തം ജഗല്‍സ്ഥിതിയില്‍ അല്പം വിഹരിച്ച് അനന്തരം നല്ലോരു തുര്യാവസ്ഥപ്രാപിച്ച് ചിത്സ്വരൂപത്തെ പ്രാപിച്ചിടും. അതിനുശേഷം തുര്യാതീതവും ഭവിച്ചുകൊള്ളുന്നു. സര്‍വാത്മകമായീടുന്ന ബ്രഹ്മമൊന്നുതന്നെ ജഗത്ഭ്രമവിഭ്രമങ്ങളാല്‍ ഏകകാലത്തിലേവം പലതായി വിളങ്ങുന്നു രാഘവ! ചിത്തം മുതലായുള്ളതഖിലവും ഹൃത്തിങ്കലുണ്ടായീടുന്ന കല്പനയെന്നപോലെ നോക്കിക്കാണുമ്പോള്‍ ഇല്ലാത്തതായീടുന്നു. സാരമായുള്ള നല്ലോരു അത്ഭുതകഥയിപ്പോള്‍ പറയാം, നീ നല്ലവണ്ണം കേള്‍ക്കുക. പതിനായിരം കോടിയെന്നല്ല, ലക്ഷംകോടി, അതിലും പരമതിയായ യോജനയോളം വലിപ്പം കൂടുന്നതായി, കല്പാന്തവായുപോലും ചലിപ്പിച്ചീടാത്തതായി, പാരം നിര്‍മ്മലമായി, നല്ലവണ്ണം പഴക്കമുണ്ടെന്നാകിലും ബാലചന്ദ്രന്റെ ഒരു കഷണമെന്നപോലെ മാര്‍ദ്ദവസുന്ദരമായി, ലോകസംസ്ഥിതിക്ക് ആദ്യകാരണമായി, മഹത്താകിയ നല്ല വില്വഫല (കൂവളക്കായ)ത്തില്‍ ബ്രഹ്മാണ്ഡക്കൂട്ടം എങ്ങുമേ കിടക്കുന്നു. അളവില്ലാതെയുള്ള കടുകിന്മണികള്‍ മലയുടെ അടിയില്‍ കിടക്കുന്നതുപോലെ നല്ലവണ്ണം മൂത്തിട്ടുള്ള കായാണതെങ്കിലും വീഴത്തക്കവണ്ണം പാകം പോര. അകെവെയുള്ള ഫലസഞ്ചയസാരമാര്‍ന്ന ഈ കായയുടെ ഉള്ളിലെ കഴമ്പ് സംവിച്ഛക്തി (ജ്ഞാനശക്തി) ചമല്‍ക്കൃതിയായീടുന്നുവെന്ന് രാമചന്ദ്ര! ഉള്ളില്‍ നന്നായി നീ ധരിക്കുക. അവിടെ നല്ല തരളസ്വരൂപമായീടുന്ന സംവിച്ഛക്തിയാല്‍ നിജസമമായീടും രൂപത്തിങ്കല്‍ ഇത്തരം ദൃഷ്ടി പ്രവര്‍ത്തിക്കുന്നു. അളവില്ലാതെയുള്ള അംബരം കാലകലയായീടുന്നത് ഉദ്യുക്തയാകുന്ന നിയതിയാണ്. സ്പന്ദനസ്വഭാവയാകുന്ന ക്രിയയാണിത്, ബ്രഹ്മാണ്ഡമണ്ഡപമാണിത്, ആശകളിവയെല്ലാം ഈ കൂവളക്കായക്കുചേരുന്ന മജ്ജാസംസ്‌കൃതിയാകുന്നു.” ഗുരുനാഥനേവം പറഞ്ഞപ്പോള്‍ ശ്രീരാഘവന്‍ പരമാനന്ദമാര്‍ന്നു പറഞ്ഞു, ”സര്‍വസജ്ജനങ്ങളും സര്‍വദാ വാഴ്‌ത്തും ഗുരോ! ഭവാന്‍ നല്ലവണ്ണം വര്‍ണിച്ച് കനിവോടെ പറഞ്ഞ കൂവളക്കായ ചില്‍ഘനസത്തയാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. അഹങ്കാരം മുതലായതുകളാല്‍ വിശാലമാകുന്ന ഈ ജഗത്താണു ചിന്മജ്ജാരൂപം. ദൈ്വതൈക്യ(രണ്ടെന്നുള്ളത് കൂടിച്ചേര്‍ന്ന)കലനാസ്വരൂപമായ ഭേദമെന്നുള്ളത് സ്വല്പംപോലും ഓര്‍ത്താലില്ല. പൊന്മലമുതലായീടുന്നവ എപ്രകാരം ബ്രഹ്മാണ്ഡകൂശ്മാണ്ഡത്തിന്റെ മജ്ജയായീടുന്നവോ എന്നതുപോലെതന്നെ ചിദ്വില്വമജ്ജ(ചിത്താകുന്ന കൂവളക്കായയുടെ മജ്ജ)യായീടുന്നത് ഈ ബ്രഹ്മാണ്ഡാദിയായീടുന്ന ജഗല്‍സ്ഥിതിയാണ്.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: