തിരുവനന്തപുരം: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് അഡ്വ. എ.എ. റഷീദ്. കേരളാ ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കളരിക്കല്‍ വീട്ടില്‍ കെ.ജെ. ടൈറ്റസ് നല്കിയ പരാതിയിലാണ് കമ്മിഷന്റെ നിര്‍ദേശം.
മാര്‍ക്ക് മാനദണ്ഡമാക്കി മകള്‍ക്ക് ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് ടൈറ്റസ് കമ്മിഷനില്‍ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കമ്മിഷന് ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അറുപത് ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ ലോണ്‍ നല്കാന് കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവായ്പാ അപേക്ഷകളില്‍ നിയമപരമല്ലാത്ത തീരുമാനം ബാങ്ക് കൈക്കൊണ്ടതായി കമ്മിഷന് നിരീക്ഷിച്ചു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ 13 പരാതികളാണ് കമ്മിഷന് പരിഗണിച്ചത്. എട്ടു പരാതികള്‍ തീര്‍പ്പാക്കി. സിറ്റിങ്ങില്‍ കമ്മിഷന് അധ്യക്ഷനെ കൂടാതെ അംഗങ്ങളായ പി. റോസ, എ. സൈഫുദീന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: