ന്യൂദല്‍ഹി: കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ 2014ല്‍ത്തന്നെ ഭാരതത്തിലെ ജനങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരിഹാസം. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
2014 പരിവര്‍ത്തനത്തിന്റെ വര്‍ഷമായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്യുകയോ ബാറ്ററി ചാര്‍ജ്ജ് ചെയ്യുകയോ അതുമല്ലെങ്കില്‍ ബാറ്ററി തന്നെ മാറ്റുകയോ പ്രാവര്‍ത്തികമല്ലാത്ത സാഹചര്യമായിരുന്നു 2014ല്‍ രാജ്യത്തുണ്ടായിരുന്നത്. കാലഹരണപ്പെട്ട അത്തരം ഫോണുകള്‍ ജനങ്ങള്‍ തന്നെ ഒഴിവാക്കി അവരെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്കി. കാലപ്പഴക്കമേറിയ, സ്ക്രീനുകള്‍ പ്രവര്‍ത്തിക്കാത്ത ഫോണുകള്‍ക്ക് സമാനമായ അവസ്ഥയിലായിരുന്നു മുന്‍ സര്‍ക്കാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒന്‍പതു വര്‍ഷം രാജ്യത്തെ ഇലക്ട്രോണിക്സ് രംഗത്ത് വലിയ മാറ്റമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. പൗരന്മാര്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളുടെ സഹായവും മൂലധനവും പ്രാപ്യകമാക്കാന് കേന്ദ്രത്തിനായി. ഇന്ന് ലോകം മുഴുവനും ഭാരതത്തില്‍ നിര്‍മിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുകയാണ്. 5ജിയും 6ജിയും അടക്കമുള്ള സാങ്കേതികവിദ്യങ്ങള്‍ വഴി ഭാരതം ലോകത്തിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മാതാക്കളാണ് ഇന്ന് ഭാരതം. രണ്ടുലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയാണ് രാജ്യം ചെയ്യുന്നത്. ആപ്പിളും ഗൂഗിളും പോലുള്ള വമ്പന്‍ ടെക് കമ്പനികള്‍ ഭാരതത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു. ഗൂഗിള്‍ പിക്സല്‍ ഫോണിന്റെ ഉല്‍പ്പാദനം രാജ്യത്ത് ആംഭിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ്ങിന്റെ 5ഫോള്‍ഡ് ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15ന്റെ നിര്‍മാണവും രാജ്യത്ത് നടക്കുന്നു. മൊബൈല്‍ ബ്രോഡ്ബാന്റ് സ്പീഡില്‍ റാങ്ക് നില ഭാരതം മെച്ചപ്പെടുത്തുകയാണ്.
വികസ്വര രാഷ്ട്രത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കുന്ന ഉത്തേജകമായി നാം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നു. 2ജി അഴിമതികള്‍ നടന്ന രാജ്യത്ത് യാതൊരു അഴിമതിയുമില്ലാതെ 4ജി റോളൗട്ടുകള് നടത്താനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ദേവുസിന്‍ ചൗഹാന്, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്മാന് ആകാശ് എം അംബാനി, ഭാരതി എന്റര്‍പ്രൈസസ് ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍. മംഗളം ബിര്‍ള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: