വിനോദ സഞ്ചാരത്തിന്റെ മറവില്‍ ഇസ്ലാംമതം പ്രചരിപ്പിക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം മതേതര വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതും, വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ‘ഇസ്ലാം ഇന്‍ കേരള’ എന്ന മൈക്രോസൈറ്റ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ഖജനാവില്‍നിന്ന് ഒരുകോടിയോളം രൂപയാണ് നീക്കിവയ്ക്കാന്‍ പോകുന്നത്. കേരളത്തില്‍ ഇസ്ലാമിന്റെ തുടക്കം, മസ്ജിദുകളുടെ നിര്‍മാണം, അവയുടെ വാസ്തുവിദ്യ, ഇസ്ലാമിക ജീവിത ശൈലി, ഇസ്ലാമിക സംസ്കാരം, ഇസ്ലാമിക കലാരൂപങ്ങള്‍, ഉറൂസ് പോലുള്ള ഇസ്ലാമിക ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കാന്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ‘ഇസ്ലാം ഇന്‍ കേരള’ എന്ന വിഷയത്തില്‍ മൈക്രോ സൈറ്റ് തയ്യാറാക്കുമത്രേ. എല്ലാ ഭാരതീയ ഭാഷകളിലും വിദേശഭാഷകളിലും സൈറ്റുകള്‍ തയ്യാറാക്കുന്നുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വിനോദ സഞ്ചാരികള്‍ക്ക് വിതരണം ചെയ്യാനും ആലോചനയുള്ളതായാണ് അറിയുന്നത്. കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവ്, അവരുടെ ആവാസ സ്ഥലങ്ങള്‍, മുസ്ലിങ്ങളുടെ പാചകരീതി, പേര്‍ഷ്യയുടെയും യെമനിന്റെയും അറേബ്യന്‍ രാജ്യങ്ങളുടെയുമൊക്കെ സ്വാധീനങ്ങള്‍ ഇവയെക്കുറിച്ചൊക്കെ മൈക്രോസൈറ്റിലും കൈപ്പുസ്തകങ്ങളിലും പ്രതിപാദിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ടൂറിസം ഫണ്ടില്‍നിന്ന് പരസ്യത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ നല്‍കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസാണ് വിനോദസഞ്ചാര വകുപ്പിന്റെയും മന്ത്രി. സര്‍ക്കാരിന്റെ ചെലവില്‍ സ്വന്തം മതം പ്രചരിപ്പിക്കാനുള്ള മന്ത്രി റിയാസിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്നാണ് അറിയുന്നത്. കേരളം രൂപപ്പെടുന്നതില്പോലും ഇസ്ലാമിന് വലിയ പങ്കുണ്ടെന്ന് കരുതുന്ന മന്ത്രി റിയാസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില് കൊണ്ടുവരാനാണത്രേ ശ്രമിക്കുന്നത്. മന്ത്രിയെന്ന നിലയ്ക്ക് ആരോടും പക്ഷപാതമില്ലാതെ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് റിയാസ് നടത്തുന്നത്. മുഴുവന്‍ ജനങ്ങളുടെയും വോട്ടുകൊണ്ട് ജയിച്ചിട്ടും താന്‍ ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയാണെന്ന രീതിയിലാണ് ഈ മന്ത്രി പെരുമാറുന്നത്. മതേതരത്വത്തെക്കുറിച്ച് വാചകമടിക്കുമെങ്കിലും ഒരു തികഞ്ഞ മതമൗലികവാദി മന്ത്രിയുടെ ഉള്ളിലുള്ളതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നടന്ന സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംഘനൃത്തം മുസ്ലിം വിരുദ്ധമാണെന്ന് സ്ഥാപിച്ച് വിവാദമുണ്ടാക്കിയതിനു പിന്നില്‍ ഈ മന്ത്രിയുടെ കുബുദ്ധിയാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. പതിവിനുവിരുദ്ധമായി സ്കൂള്‍ കലോത്സവത്തില്‍ മാംസഭക്ഷണം വിളമ്പണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നിലും മന്ത്രിയുടെ ഒത്താശയുണ്ടായിരുന്നതായി ആരോപണമുയര്‍ന്നു. മുഖത്ത് മതേതരത്വവും അകത്ത് മതമൗലികവാദവും കൊണ്ടുനടക്കുന്ന മന്ത്രി റിയാസിന്റെ തനിനിറംകൂടിയാണ് വിനോദസഞ്ചാരവും മതപ്രചാരണത്തിന് ഉപാധിയാക്കുന്നതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എംഎല്‍എയായി ജയിച്ചുവന്ന പലരെയും ഒഴിവാക്കിയും, സിപിഎം നേതൃത്വത്തിന്റെ തലയ്ക്കു മുകളിലൂടെയും മകളുടെ ഭര്‍ത്താവായ റിയാസിനെ മന്ത്രിയാക്കിയതും, പ്രധാന വകുപ്പുകള്‍ നല്‍കിയതെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ രാഷ്ട്രീയമല്ല, മതമാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപവുമുയര്‍ന്നു. മുസ്ലിം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. എന്നാല്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ ഇവിടെയും നിര്‍ത്താതെ കേരള രാഷ്ട്രീയത്തെയും സമൂഹത്തെയും ഇസ്ലാമികവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ഫ്രണ്ടിനെയും പോലുള്ള ഇസ്ലാമിക മതമൗലികവാദ-ഭീകരവാദ സംഘടനകള്‍ക്ക് വിയോജിപ്പുള്ള യാതൊന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ളതുപോലെയാണ് ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുക്കളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും അധിക്ഷേപിക്കാന്‍ മന്ത്രിമാര്‍ക്ക് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉയര്‍ത്തിവിട്ട മിത്ത് വിവാദവും, കെ.ടി.ജലീല്‍ എംഎല്‍എയും എ.എം. ആരിഫ് എംപിയും ഏറ്റുപിടിച്ച ഹിജാബ് വിവാദവുമൊക്കെ ഇതിനു തെളിവാണ്. ഹരിയാനയില്‍ തീവണ്ടിയിലെ സീറ്റ് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുവാവിന് പത്ത് ലക്ഷം രൂപ അവിടെ കൊണ്ടുപോയി കൊടുത്തും, ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ മലയാളി നഴ്സ് മരിച്ചതിന്റെ അനുശോചനം തിരുത്തിയും മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയുണ്ടായി. മതത്തിന്റെ ശക്തികൊണ്ടും ഭരണസംവിധാനം ഉപയോഗിച്ചും കേരളീയ സമൂഹത്തെ ഇസ്ലാമികവല്‍ക്കരിക്കുന്ന പ്രക്രിയയാണ് ഇടതുമുന്നണി ഭരണത്തിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ബാധ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കുണ്ട്. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പണ്ടത്തെ കശ്മീര്‍ പോലെ കേരളത്തില്‍ ഇതര മതസ്ഥര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: