കോഴിക്കോട്: എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന സമന്വയത്തിന്റെ മാര്‍ഗമായ ഹിന്ദുസംസ്കാരത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തണമെന്ന് സുരേഷ് ഗോപി. കോഴിക്കോട് തളി ഗുരുവായൂരപ്പന് ഹാളില്‍ രേവതി പട്ടത്താന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മത്തെ തേജോവധം ചെയ്യാനും അധര്‍മ്മം നടപ്പാക്കാനും ഇറങ്ങിപുറപ്പെടുന്നവരോട് യുദ്ധം ചെയ്തല്ല ജയിക്കേണ്ടത് എന്നാണ് ഭാരതീയ സംസ്കാരം വ്യക്തമാക്കുന്നത്. സംയമനത്തിന്റെ പാതയാണ് അത് നിര്‍ദ്ദേശിക്കുന്നത്. ഭാരതീയ സംസ്കാരത്തെ ചവിട്ടിത്തേക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്നവരെ മുനകൊണ്ടും മുള്ളുകൊണ്ടുമല്ല നേരിടേണ്ടത് എന്ന് പഠിപ്പിക്കുന്ന വാക് സൂര്യനാണ് ഇത്തരം സദസ്സുകള്‍. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന അറിവുകള്‍ വിവര്‍ത്തനം ചെയ്ത് പുതുതലമുറകളില്‍ എത്തിക്കണം, അദ്ദേഹം പറഞ്ഞു.
ടി.എം. ബാലകൃഷ്ണ ഏറാടി അദ്ധ്യക്ഷനായി. ടി.ആര്. രാമവര്‍മ്മ, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, ടി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മനോരമത്തമ്പുരാട്ടി പുരസ്കാരം ഡോ. ജോര്‍ജ്ജ് ഓണക്കൂറിനും, ആസ്ഥാന മേളപ്രമാണി പുരസ്ക്കാരം തിരുവല്ല രാധാകൃഷ്ണനും പി. നന്ദകുമാര്‍ നല്കി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, തിരുവല്ല രാധാകൃഷ്ണന് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് യജുര്‍വ്വേദ സംഹിത, വാക്യാര്‍ത്ഥസദസ്സ്, അക്ഷരശ്ലോകസദസ്സ്, ചലച്ചിത്ര സംവിധായകന് ശരത്. എ. ഹരിദാസിന്റെ പ്രഭാഷണം എന്നിവ നടന്നു.
വേദശ്രേഷ്ഠനും താന്ത്രിക പണ്ഡിതനുമായ അണ്ടലാടി ദിവാകരന് നമ്പൂതിരിപ്പാടിന് വേദപണ്ഡിതനുള്ള പണക്കിഴി വാതില്‍മാടത്തില്‍ വെച്ച് നല്കി. കൂടല്ലൂര്‍ നീലകണ്ഠന് നമ്പൂതിരിയാണ് പ്രഖ്യാപനം നടത്തിയത്. തന്ത്രി പ്രൊഫ. ചേന്നാസ് കൃഷ്ണന് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.
സമാപന സമ്മേളനത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്മാന് വി.കെ. വിജയന് മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതമത്സര വിജയികള്‍ക്ക് മുഖ്യാതിഥി എം.കെ. രാഘവന് എംപി സമ്മാനം നല്കി. കവിതയ്ക്കുള്ള കൃഷ്ണഗീതി പുരസ്കാരം, കൃഷ്ണനാട്ടകലാകാര പുരസ്കാരം എന്നിവ ഉണ്ണി അനുജന് രാജ സാമൂതിരിപ്പാട് സമ്മാനിച്ചു. പി. ബാലകൃഷ്ണന്, പി. നന്ദകുമാര്‍, ബാലകൃഷ്ണന് എറാടി, ടി.ആര്. രാമവര്‍മ്മ, പുരസ്കാര ജേതാക്കള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: