തിരുവനന്തപുരം: 57 ദിവസമായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ് ടി എംപ്ലോയീസ് സംഘ് ചീഫ് ഓഫീസും ജില്ലാ ഓഫീസുകളും ഉപരോധിച്ചു. ഉപരോധിച്ച ജീവനക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ഉപരോധം ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ കേരളീയം പ്രചാരണ പരിപാടികള്‍ക്ക് കോടികള്‍ വാരിക്കോരി ധൂര്‍ത്തടിക്കുമ്പോഴും മാസം മുഴുവന്‍ പണിചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുമെന്ന് പൊതുസമൂഹത്തോടും ജീവനക്കാരോടും പറഞ്ഞത് മുഖ്യമന്ത്രിയാണ്. പറഞ്ഞ വാക്ക് പാലിക്കാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. ശമ്പളപ്രതിസന്ധി സൃഷ്ടിച്ച് ജീവനക്കാരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം.
30 ദിവസം പണി ചെയ്തശേഷം എല്ലാ മാസവും ശമ്പളത്തിന് വേണ്ടി സമരം ചെയ്യാന്‍ കഴിയില്ല. ശമ്പളം തന്നില്ലെങ്കില്‍ ജീവനക്കാര്‍ ഡ്യൂട്ടി ബഹിഷ്ക്കരണത്തിലേക്ക് കടക്കും. അത് സര്‍ക്കാരിന് നാണക്കേടാകും. സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി സര്‍ക്കാര്‍ തന്നെ പരിഹരിക്കണമെന്നും അജയകുമാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹരീഷ്കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്കുമാര്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍, ജില്ലാ പ്രസിഡന്റ് പി.കെ. സുഹൃദ് കൃഷ്ണ, ജില്ലാ സെക്രട്ടറിമാരായ എസ്.ആര്. അനിഷ്, സുരേഷ് കുമാര്‍, ജീവന് സി. നായര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: