കൊച്ചി: ദേശീയ പ്രസിഡന്റ് ദേവഗൗഡ എന്‍ഡിഎയുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരണം ആവശ്യമില്ലെന്ന് ജനതാദള്‍ എസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. നിലപാടില്‍ അവ്യക്തതയില്ലെന്നും എല്‍ഡിഎഫില്‍നിന്ന് അന്ത്യശാസനമോ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ദേവഗൗഡ രാഷ്ട്രീയ ശത്രുവാണെന്നും അദേഹം പറഞ്ഞു.
ദേശീയ പ്ലീനറി സമ്മേളനത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എന്‍ഡിഎയുമായി സഹകരിക്കാനുള്ള ദേവഗൗഡയുടെ തീരുമാനം വ്യക്തിപരമാണ്. പാര്‍ട്ടിയും കേരള ഘടകവും അത് സമ്പൂര്‍ണമായി തള്ളിക്കളയുന്നു. കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധരുമായി ബന്ധമെന്ന പ്ലീനം നിലപാട് തള്ളിയതോടെ ദേശീയ പ്രസിഡന്റ് സ്വയം ഇല്ലാതായി. മറ്റു സംസ്ഥാനങ്ങളിലെ സമാനമനസ്കരുമായി ചര്‍ച്ച തുടരുകയാണ്.
നിലപാട് സംബന്ധിച്ച് സംസ്ഥാനഘടകത്തില്‍ ഭിന്നതയില്ല. നാലരപ്പതിറ്റാണ്ടായ എല്‍ഡിഎഫ് ബന്ധം തുടരും. ദേശീയ പാര്‍ട്ടിയെന്ന അംഗീകൃത പദവിയില്ല. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലം മുതലുള്ള നിലപാട് മാറ്റി ഇസ്രായേലിനെ പിന്തുണച്ച കേന്ദ്ര സര്‍ക്കാരിനെതിരെ നവംബര്‍ 14ന് ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, നേതാക്കളായ നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: