തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പു മാതൃകയില്‍ കുട്ടനെല്ലൂര്‍ സര്‍വീസ് സഹ. ബാങ്കിലും നടന്നത് വന്‍ വ്യാജ വായ്പത്തട്ടിപ്പ്. 32 കോടിയിലേറെ രൂപ വ്യാജ വായ്പയായി ബാങ്കില്‍ നിന്ന് തട്ടിയെടുത്തു. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് തട്ടിപ്പു വെളിപ്പെട്ടത്. 2022 നവംബര്‍ 30ന് ഇതു സംബന്ധിച്ച പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനാല്‍ ഭരണ സമിതിയെ സസ്പെന്‍ഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി.
സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് ഭരണ സമിതിയെ ഹൈക്കോടതി പുനഃസ്ഥാപിച്ചത്. ഇതിനിടെയാണ് സഹകരണ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഭരണ സമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് തട്ടിപ്പിനു നേതൃത്വം നല്കി.
ബാങ്കില്‍ ചെറിയ തുകയ്ക്കു പണയംവച്ച ഭൂമിയുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ മേല്‍വിലാസത്തില്‍ കോടികള്‍ വായ്പ എഴുതിയെടുത്തിരിക്കുകയാണ്. സിപിഎം ഒല്ലൂര്‍ ഏരിയാ കമ്മിറ്റി അംഗമായ റിക്സണ് പ്രിന്‍സാണ് ബാങ്ക് ഭരണ സമിതി പ്രസിഡന്റ്. ഭരണ സമിതി പൂര്‍ണമായും വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലാണ്.
വായ്പ അനുവദിക്കാന്‍ ഭരണ സമിതി അംഗങ്ങള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ട്. രായിരത്ത് സുധാകരന് ബാങ്കില്‍ പണയത്തിലുള്ള തന്റെ ആധാരത്തിന്മേല് ഒരു കോടി രൂപയുടെ വ്യാജ വായ്പ നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇടപെട്ടതും വിവാദമായിട്ടുണ്ട്.
സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ മറ്റ് ഇടപാടുകള്‍ നടത്തിയതിലും വന്‍ അഴിമതി നടന്നു. ബാങ്കിന്റെ പേരില്‍ ഭൂമി വാങ്ങിയതിലും കെട്ടിടം അറ്റകുറ്റപ്പണിയിലും ഫര്‍ണിച്ചറുകള്‍ വാങ്ങിയതിലും അഴിമതിയുണ്ട്. വ്യാപകമായ തട്ടിപ്പു നടന്നിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സിപിഎമ്മോ സര്‍ക്കാരോ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: