തിരുവനന്തപുരം: ഭാരതത്തെ ഇടതുപക്ഷം എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവായി കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. ഇന്ത്യ എന്ന പേരുമാറ്റി ഭാരതം എന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി സമിതി ശിപാര്‍ശ ചെയ്തപ്പോള്‍ത്തന്നെ കോലാഹലവുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തു വന്നു. എന്‍സിഇആര്‍ടി സമിതിയുടെ ശിപാര്‍ശയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. അതിനു മുമ്പു തന്നെ ഇടതു പക്ഷം കനത്ത ആശങ്കയോടെയാണ് പ്രതികരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാഠപുസ്തക പരിഷ്കരണം നടത്തിയപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഭാരതത്തിന്റെ ചരിത്രം പഠിപ്പിക്കാതെ വിദേശികളുടെ ചരിത്രം പഠിപ്പിക്കുന്നത് മാറ്റുകയാണ് എന്‍സിആര്‍ടി ചെയ്തത്. എന്നാല്‍ ഇതിനെതിരെ മാറ്റിയ പാഠ അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പുസ്തകങ്ങള്‍ അച്ചടിച്ച് പുറത്തിറക്കി. ലക്ഷങ്ങള്‍ ചിലവഴിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചില്ല.
ചരിത്രത്തെ വക്രീകരിക്കാന്‍ എന്‍സിഇആര്‍ടിയില്‍ നിന്നും തുടര്‍ച്ചയായി ശ്രമം നടക്കുന്നുണ്ടെന്നും ഭരണഘടനാവിരുദ്ധമായ നിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നുമാണ് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ പ്രതികരിച്ചത്. ശിപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാഠ പുസ്തകങ്ങളെ കാവി പുതപ്പിക്കാന്‍ ശ്രമം എന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന് കുട്ടി പറഞ്ഞത്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 പാഠപുസ്തകങ്ങളും അക്കാദമിക താത്പര്യം മുന്‍നിര്‍ത്തി സംസ്ഥാനം തന്നെ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും കരിക്കുലം കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഭാരതം എന്നു മാത്രം പാഠപുസ്തകങ്ങളില്‍ ഉപയോഗിച്ചാല്‍ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: