വരേണ്യം എന്നാല്‍ ശ്രേഷ്ഠം, വരിക്കാന്‍ യോഗ്യമായത്, ഗ്രഹിക്കാന്‍ യോഗ്യമായത്, ധാരണം ചെയ്യാന്‍ യോഗ്യമായത്, എന്നാണ് അര്‍ത്ഥം. ഈശ്വരസത്തയില്‍ എല്ലാ തത്ത്വങ്ങളും ഉണ്ട് മനുഷ്യനു ഉപയോഗപ്രദമായതും അല്ലാത്തതും. ഇവയില്‍ വരിക്കാന്‍ കൊള്ളാവുന്നതും, ശ്രേഷ്ഠവും, ഗ്രഹിക്കാന്‍ യോഗ്യവുമായ തത്ത്വങ്ങളെയാണ് ഗായത്രിമന്ത്രത്തിലൂടെ നാം ഗ്രഹിക്കുന്നത്.
ധര്‍മ്മം, കര്‍ത്തവ്യം, അദ്ധ്യാത്മം, സത്ത്, ചിത്ത്, ആനന്ദം, സത്യം, ശിവം, സുന്ദരം എന്നിവയിലേക്കു നമ്മെ നയിക്കുന്ന തത്ത്വങ്ങള്‍ ‘വരേണ്യ’ മാണ്.
ശ്രേഷ്ഠതയെ ഉള്ളില്‍ ധരിക്കുന്നതോടെ, ശ്രേഷ്ഠതയെ അഭിമുഖീകരിക്കുന്നതോടെ നമ്മുടെ ഉള്ളിലെ ഈശ്വരദത്തമായ ശ്രേഷ്ഠത ഉണരുകയും ലോകത്തിലെ നാനാപദാര്‍ത്ഥങ്ങളില്‍ നിന്നും ശ്രേഷ്ഠമായവയെ മാത്രം നാം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഉദ്യാനത്തില്‍ മാലിന്യം മുതല്‍ മനോഹരമായ പുഷ്പങ്ങള്‍ വരെ പലതുമുണ്ട്. ഈച്ച ഉദ്യാനത്തില്‍ പ്രവേശിക്കുന്നതോടെ മാലിന്യമാണ് തെരയുന്നത്. തനിക്കഭീഷ്ടവസ്തുവായ മാലിന്യത്തെയാണ് അത് എവിടെയും അന്വേഷിക്കുന്നത്. മാലിന്യത്തിന്റെ സ്വാദു നുണഞ്ഞ് അതു തൃപ്തിപ്പെടുന്നു. അതേ ഉദ്യാനത്തില്‍ തേനീച്ച പ്രവേശിക്കുമ്പോള്‍ അതു മാലിന്യത്തിനു നേരേ നോക്കുകപോലുമില്ല. അതു മനോഹരമായ പുഷ്പങ്ങളിന്മേല്‍ പറന്നു നടന്ന് മധുരമുള്ള തേന്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. കുയില്‍ ആ ഉദ്യാനത്തില്‍ വരുമ്പോള്‍ അതിന്റെ ഭംഗി കണ്ട് ആനന്ദിക്കുകയും അതിന്റെ ഹൃദയപ്രപാതത്തില്‍ നിന്നും ഗാനമാധുരി പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ഇനി വവ്വാലുകളാണ് ആ ഉദ്യാനത്തില്‍ പ്രവേശിക്കുന്നതെങ്കില്‍ പൂക്കളെല്ലാം കടിച്ചുനുറുക്കി കൂട്ടിയിട്ടു ഉദ്യാനമാകെ വിരൂപമാക്കുകയാണ് ചെയ്യുക. ഇതെല്ലാം രുചി വൈവിദ്ധ്യമാണ്. ഈ നാലു പ്രാണികളും ഈച്ചയും, തേനീച്ചയും, കുയിലും, വവ്വാലും അവരവരുടെ സ്വഭാവപ്രകാരമുള്ള ക്രിയ പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഉള്ളിലെ ഭാവമാണ് ക്രിയയിലൂടെ പ്രകടമാകുന്നത്. ഒരേ ഉദ്യാനത്തില്‍ ഈ നാലു പ്രാണികളും താന്താങ്ങളുടെ അഭിരുചിയും സ്വഭാവവുമനുസരിച്ചുള്ള പ്രവര്‍ത്തനമാണു കാട്ടിയത്. നാലു പ്രാണികളും നാലു തരത്തിലാണ് ഉദ്യാനത്തെ വീക്ഷിക്കുന്നത്.
നാം വരേണ്യം എന്നു പറയുമ്പോള്‍ ശ്രേഷ്ഠതയെ തിരയുകയും സത്യത്തിനു നേരേ അഭിമുഖമാകുകയും ചെയ്യുമ്പോള്‍ ലോകത്തിലെ വിവിധ മേഖലകളില്‍ നിന്നും ശ്രേഷ്ഠമായവയെ നാം തേടുകയും അവ നമുക്കു ലഭിക്കുകയും ചെയ്യുന്നു. ഹംസത്തിനു മുമ്പാകെ വെള്ളംചേര്‍ത്തു പാല്‍ വെച്ചാലും അതു പാലുമാത്രം സേവിക്കുകയും വെള്ളം വേര്‍ത്തിരിച്ചുകളയുകയും ചെയ്യുന്നു. ഇതേ വിധത്തില്‍ നമ്മുടെ ദൃഷ്ടികോണും വരേണ്യമാകുമ്പോള്‍ നമുക്കു ഹംസത്തിന്റെ വിവേചന ശക്തി ലഭിക്കുകയും തദ്വാരാ ലോകത്തിലെവിടെയും ഉത്തമ വസ്തുക്കള്‍ ദൃഷ്ടിഗോചരമാകുകയും എല്ലാറ്റിന്റെയും ഉപയോഗം മനസ്സിലാകുകയും എല്ലാറ്റിലും ഉന്നതമായ ഒരു ഉദ്ദേശ്യം ഒളിഞ്ഞു കിടക്കുന്നതായി കാണപ്പെടുകയും ചെയ്യുന്നു. എല്ലാറ്റിലും ശ്രേഷ്ഠത വിളയാടുന്ന പ്രതീതി ഉളവാകുന്നു. നാലുപാടും പരമാത്മാവിന്റെ ശ്രേഷ്ഠശക്തി അലയടിക്കുന്നതായി കാണപ്പെടുന്നു.
ചീത്തയെന്നു നാം കരുതുന്നതും ഇഷ്ടമില്ലാത്തതെന്നു നാം കണക്കാക്കുന്നതുമായ പദാര്‍ത്ഥങ്ങള്‍ക്കും സംഗതികള്‍ക്കും നമ്മുടെ വിവേകബുദ്ധിയെ ചേതനയെയും ഉണര്‍ത്താനുള്ള ശക്തി ഉണ്ട്. അവ നിമിത്തം നമ്മുടെ അനുഭവവും അറിവും വര്‍ദ്ധിക്കുന്നു. ലോകത്തില്‍ തിന്മ ഇല്ലെങ്കില്‍ നന്മയുടെ മേന്മ അറിയുവാനും അനുഭവിക്കാനുമുള്ള അവസരം ആളുകള്‍ക്കു ലഭിക്കുന്നതല്ല. അങ്ങനെ ആയാല്‍ നിഷ്‌ക്രിയത്വവും അലസതയും വര്‍ദ്ധിക്കുന്നതാണ്. ഇങ്ങനെ ഗൗരവപൂര്‍വ്വം ചിന്തിക്കുമ്പോള്‍ തിന്മയിലും നന്മ ഒളിഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും. തന്മൂലം നന്മയെ വികസിപ്പിക്കുവാനും തിന്മയോടു പോരാടുവാനുമുള്ള അവസരം ലഭിക്കുന്നു. ഇങ്ങനെ തിന്മയും നന്മയുടെ ശ്രേഷ്ഠത്വം വളര്‍ത്തുവാന്‍ കാരണീഭൂതമാകുന്നു.
ഈശ്വരന്റെ ‘വരേണ്യ’ സത്തയെ ഗായത്രിയില്‍ മന്ത്രീകരിച്ചിരിക്കുന്നതുമൂലം സാധകന്റെ ദൃഷ്ടികോണം ശ്രേഷ്ഠമാകുവാനും തനിക്കു ചുറ്റും ശ്രേഷ്ഠത ദര്‍ശിക്കുവാനും എല്ലാ പരിതഃസ്ഥിതിയിലും സ്വര്‍ഗ്ഗീയാനുഭൂതി ആസ്വദിക്കുവാനും അത് ഉപകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: