തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പ് ഒതുക്കാന്‍ വീണ്ടും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍. തട്ടിപ്പിനിരയായ പരാതിക്കാരന് രായിരത്ത് സുധാകരനെ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്നലെയും സമീപിച്ചു. പാര്‍ട്ടി ഓഫീസിലെത്തി കാണണമെന്നും പരാതി പിന്‍വലിക്കണമെന്നും വര്‍ഗീസ് ഫോണില്‍ ആവശ്യപ്പെട്ടതായി സുധാകരന് വെളിപ്പെടുത്തി.
ജപ്തി നേരിടുന്ന സുധാകരന് കോടതിയെ സമീപിച്ചിട്ടുണ്ട്. അറുപതു ലക്ഷത്തിനു പണയപ്പെടുത്തിയ റിസോര്‍ട്ടിന്റെ പേരില്‍ ഒരു കോടി അറുപതു ലക്ഷം വായ്പ എഴുതിച്ചേര്‍ത്ത് ഒരു കോടി രൂപ കൈക്കലാക്കിയെന്നാണ് സുധാകരന്റെ പരാതി. കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ഭരണ സമിതിയംഗങ്ങളായ സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു തട്ടിപ്പെന്നും സുധാകരന് ആരോപിച്ചിരുന്നു.
സുധാകരന് പോലീസിനെയും കോടതിയെയും സമീപിച്ചതോടെ എം.എം. വര്‍ഗീസ് ഇടപെട്ടു. പാര്‍ട്ടി ഓഫീസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. പണം തിരികെക്കൊടുക്കാന്‍ ധാരണയുണ്ടാക്കി. പക്ഷേ ഒന്നും നടന്നില്ല. തുടര്‍ന്നാണ് സുധാകരന് കോടതിയെ സമീപിച്ച് ജപ്തിക്കു സ്റ്റേ വാങ്ങിയത്.
ഇന്നലെ സംഭവം വാര്‍ത്തയായതോടെയാണ് ജില്ലാ സെക്രട്ടറി വീണ്ടും സുധാകരനെ വിളിച്ചത്. ഒരു കോടി രൂപയും പലിശയും അടച്ചുതീര്‍ത്താല്‍ കേസ് പിന്‍വലിക്കാമെന്ന് സിപിഎമ്മിനെ അറിയിച്ചതായി സുധാകരന് പറഞ്ഞു.
അതിനിടെ കുട്ടനെല്ലൂര്‍ ബാങ്കിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. ബിനാമി പേരുകളില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം ബാങ്കിലെത്തി. അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകള്‍ക്കു പുറമേ ഇ ഡിയും കുട്ടനെല്ലൂര്‍ ബാങ്കിലെ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: