ന്യൂദല്‍ഹി: പന്ത്രണ്ടാം ക്ലാസ് വരെയുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കാന്‍ ശിപാര്‍ശ. പാഠ്യപദ്ധതിയുടെ പരിഷ്കരണത്തിന് എന്‍സിഇആര്‍ടി നിയോഗിച്ച, ഐസിഎച്ച്ആര്‍ അംഗവും പ്രമുഖ ചരിത്രകാരനുമായ ഡോ. സി.ഐ. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഉന്നതതല സമിതിയുടെ ശിപാര്‍ശയിലാണ് ഇത്. പാഠപുസ്തകങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ ഇങ്ങനെ മാറ്റണമെന്നാണ് സമിതി ആവശ്യം. ഇരുപത്തഞ്ചോളം ഉന്നതതല സമിതികളെയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് എന്‍സിഇആര്‍ടി നിയോഗിച്ചത്.
സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്കുള്ള ഉന്നതതല സമിതി ശിപാര്‍ശ പ്രകാരം ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സാമൂഹിക ശാസ്ത്ര പുസ്തകങ്ങളില്‍ നിര്‍ബന്ധമായും ‘ഭാരതം’ എന്ന് വേണം. രാജ്യത്തിന്റെ പരാജയ ചരിത്രം മാത്രം പഠിപ്പിക്കുന്ന പഴയ സിലബസുകള്‍ മാറ്റണമെന്നും ഭാരതത്തിലെ രാജാക്കന്മാരുടെ യുദ്ധവിജയ ചരിത്രങ്ങളും നാടിന്റെ നേട്ടങ്ങളും കൂടി പഠിപ്പിക്കണമെന്നും സമിതി ശിപാര്‍ശയുണ്ട്.
ഭാരതം എന്നത് അതിപുരാതന നാമമാണ്. ഏഴായിരം വര്‍ഷത്തിലധികം പഴക്കമുള്ള പൗരാണിക ഗ്രന്ഥമായ വിഷ്ണുപുരാണത്തില്‍ ഭാരതം എന്ന് പരാമര്‍ശിക്കുന്നു. 1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരണത്തിനും ശേഷമാണ് ഇന്ത്യയെന്ന് പൊതുവായി ഉപയോഗിച്ചു തുടങ്ങിയത്.
ചരിത്ര പഠനത്തില്‍ മാറ്റം വേണം. പുരാതനം, മധ്യകാലം, ആധുനികം എന്ന വിഭജനം മാറ്റണം. പുരാതന ചരിത്രം ശ്രേഷ്ഠ ചരിത്രമാകണം. ചരിത്രത്തെ മൂന്നാക്കി വിഭജിച്ച ബ്രിട്ടീഷുകാര്‍ പൗരാണിക കാലത്ത് ഭാരതീയര്‍ അറിവില്ലാത്തവരായിരുന്നെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ആര്യഭട്ടയുടെയും മറ്റും നേട്ടങ്ങള്‍ ശ്രേഷ്ഠ ചരിത്രമായി പഠിപ്പിക്കണം. ഭാരത രാജാക്കന്മാരുടെ യുദ്ധ വിജയങ്ങള്‍ കൂടുതലായി പാഠപുസ്തകങ്ങളിലുണ്ടാകണം. ഭാരത രാജാക്കന്മാരുടെ പരാജയങ്ങളേ ഇപ്പോള്‍ പുസ്തകത്തിലുള്ളൂ. മുഗളര്‍ക്കും സുല്ത്താന്മാര്ക്കുമെതിരേ രാജാക്കന്മാര് നേടിയ വിജയങ്ങളെപ്പറ്റി പരാമര്‍ശമില്ല. പാഠപ്പുസ്തക പരിഷ്കരണത്തില്‍ ഇത്തരം പോരായ്മകള്‍ പരിഹരിക്കണം, സമിതി ശിപാര്‍ശ ചെയ്യുന്നു.
രാഷ്ട്രപതിയെ പ്രസിഡന്റ് ഓഫ് ഭാരത് എന്നും ജി20 ഉച്ചകോടിയിലും യുഎന്നിലും ഭാരതമെന്ന് പ്രയോഗിച്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലും ഭാരതം എന്നു തുടങ്ങാനാണ് എന്‍സിഇആര്‍ടി ധാരണ.
പൗരാണിക ഭാരതമല്ല, ശ്രേഷ്ഠ ഭാരതം: സി.ഐ. ഐസക്ക്
ന്യൂദല്‍ഹി: ഏന്‍ഷ്യന്റ് ഇന്ത്യ (പൗരാണിക ഭാരതം) എന്നല്ല ക്ലാസിക്കല്‍ ഇന്ത്യ (ശ്രേഷ്ഠ ഭാരതം) എന്ന് നമ്മുടെ നാടിനെ പാഠപുസ്തകങ്ങളില്‍ വിശേഷിപ്പിക്കണം, പ്രൊഫ. സി.ഐ. ഐസക് പറഞ്ഞു. പാഠപുസ്തകങ്ങളില്‍ ഭാരതം എന്നു പരാമര്‍ശിക്കണമെന്ന സമിതി ശിപാര്‍ശ ഏഴംഗങ്ങളും ഏകകണ്ഠേനയാണ് സമര്‍പ്പിച്ചത്.
പൗരാണിക ഭാരതം എന്നത് എന്തോ പഴഞ്ചന്‍ കാര്യത്തെപ്പറ്റി പറയുന്നതായി കുട്ടികള്‍ക്കു തോന്നും. ഭാരതം എപ്പോഴും നവീകരിക്കപ്പെടുന്ന രാജ്യമാണ്. ശ്രേഷ്ഠ ഭാരതം എന്നതാണ് രാജ്യത്തെ വിശേഷിപ്പിക്കാന്‍ ഉചിതം. മുഹമ്മദ് ഗോറിയുടെ വിജയഗാഥകള്‍ പാഠപുസ്തകങ്ങളിലുണ്ട്, എന്നാല്‍ ഗോറിക്ക് അവസാനം എന്തുപറ്റിയെന്നതില്ല. കുളച്ചല്‍ യുദ്ധ വിജയങ്ങള്‍ നമ്മുടെ പുതുതലമുറ പഠിക്കണം, ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: