ധര്‍മ്മം എന്ന പദത്തിന് സന്ദര്‍ഭം (Context) അനുസരിച്ച് പല അര്‍ത്ഥങ്ങള്‍ പറയാം. ഇവിടെ ധര്‍മ്മം എന്നാല്‍ വ്യക്തികള്‍ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അതായത് ശൈശവം, ബാല്യം, കൗമാരം, തരുണം, യൗവ്വനം, പ്രൗഢം, വാര്‍ദ്ധക്യം എന്നീ, പ്രായത്തിന്റെ അവസ്ഥകള്‍, കുടുംബം, സമൂഹം മുതലായ ജീവിതതലങ്ങള്‍, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ വൈദികമായ ആശ്രമതലങ്ങള്‍, തൊഴില്‍ തലങ്ങള്‍, വൈദികം, വേദാന്തം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടരല് തുടങ്ങിയ തലങ്ങളില്‍ സ്വയം അനുവര്‍ത്തിക്കേണ്ട പത്ഥ്യാപത്ഥ്യപാലനം ആണ്. വ്യക്തി-കുടുംബ- സമൂഹജീവിതങ്ങളുടെ മേല്‍പ്പറഞ്ഞ വിവിധതലങ്ങളുടെ നിലനില്‍പ്പിന് ഏതു കാലത്തും ഈ പത്ഥ്യാപത്ഥ്യപാലനം അനിവാര്യം ആയതിനാലാണ് അതിനെ സനാതനം എന്നു വിശേഷിപ്പിക്കുന്നത് എന്നതു വ്യക്തം ആണല്ലോ.
അര്‍ത്ഥം എന്നത് ധര്‍മ്മാനുഷ്ഠാനത്തിന് ആവശ്യമായ പല തരം സമ്പത്തുകള്‍ ആണ്. പത്ഥ്യാപത്ഥ്യപാലനം എന്നാല്‍ പത്ഥ്യങ്ങള്‍ പാലിക്കലും അപത്ഥ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കലും ആണല്ലോ. അഭിരുചിക്കും കഴിവിനും അനുസൃതമായി ആര്‍ക്കും ഏതു തൊഴിലിലും പരിശീലനം നേടി അതില്‍ മുഴുകാം. പക്ഷേ, ഒരു അംഗീകൃത ഡോക്ടര്‍ക്ക് ചികിത്സയും അംഗീകൃത സിവില്‍ എഞ്ചിനീയര്‍ക്ക് പാലം പണി തുടങ്ങിയവയും ആണ് അവരവരുടെ തൊഴില്‍പരമായ പത്ഥ്യപാലനത്തില് പെടുന്നത്. മറിച്ചായാല്‍ അത് അപത്ഥ്യാചരണം, അധര്‍മ്മം ആകുമല്ലോ.
പ്രപഞ്ചം എന്ന മഹത്സംവിധാനത്തിനും സമൂഹം എന്ന സംവിധാനത്തിനും അതിലെ പല തരം ഉപസംവിധാനങ്ങള്ക്കും അവയുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത സാമരസ്യം/പരസ്പരപൂരകത ഊട്ടി ഉറപ്പിക്കുന്ന ഒരു താളം ഉണ്ട് എന്നതാണ് ഭാരതീയ കാഴ്ച്ചപ്പാട്. അതു തെറ്റാതിരിക്കാന്‍ ആണ് ഈ പത്ഥ്യാപത്ഥ്യവിവേകരൂപമായ ഈ മഹാവ്രതത്തിന്റെ അതായത് ധര്‍മ്മത്തിന്റെ പാലനം. പാശ്ചാത്യമായ പൗരബോധത്തേക്കാള് ഉദാത്തം ആണ് ഈ ധര്‍മ്മബോധം എന്നു കാണാം.
ഈ നാലു പുരുഷാര്‍ത്ഥങ്ങളും നേടാനാണ് പല തരത്തിലുള്ള ശാസ്ത്രങ്ങളും തൊഴിലുകളും വൈദികവും അവൈദികവും ആയ സാധനാമാര്‍ഗങ്ങളും ജീവിതക്രമങ്ങളും ചിട്ടപ്പെടുത്തപ്പെടുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവനവന്റെ അഭിരുചിക്കിണങ്ങുന്ന ശാസ്ത്രം പഠിക്കാം. തൊഴിലില്‍ ഏര്‍പ്പെടാം. സാധനാമാര്‍ഗത്തില്‍ പ്രവേശിക്കാം. ജീവിതക്രമം സ്വീകരിക്കാം. ധര്‍മ്മാനുസൃതമായ എല്ലാ തരം പ്രവൃത്തികളും ചര്യകളും സാധനാ വഴികളും ആത്യന്തികമായി നമ്മെ പരമപുരുഷാര്‍ത്ഥമായ ശാശ്വതസുഖത്തിലേക്കു നയിക്കും.
ഈ അഭിരുചി പ്രതിവ്യക്തി ഭിന്നമാണ് എന്നു കാണാം. കര്‍മ്മസിദ്ധാന്തപ്രകാരം ഇതിനു കാരണം ചിത്തശുദ്ധിയിലുള്ള വ്യത്യാസവും അതാകട്ടെ പൂര്‍വജന്മങ്ങളില്‍ ഓരോരുത്തരും ചെയ്ത കര്‍മ്മങ്ങളുടെ ഫലവ്യത്യാസം മൂലവും ആണ്. വ്യത്യസ്ത കര്‍മ്മങ്ങള്‍ക്ക് ഫലങ്ങളും വ്യത്യസ്തങ്ങളായിരിക്കും. വേണ്ടത്ര ഇച്ഛാശക്തിയുള്ള ഒരു വ്യക്തിക്ക് (സ്ത്രീ/ പുരുഷന്)കര്‍മ്മഫലത്തെ മാറ്റിഎടുക്കാനും കഴിയും. ആധുനികമായ കരിയര്‍ ഗൈഡന്‍സ് എന്ന പോലെ നാം നമ്മുടെ വഴിയെ ചേരുംപടി തിരഞ്ഞെടുക്കണം എന്നു മാത്രം.
ഈ കാഴ്ച്ചപ്പാട് അനുസരിച്ച് ആധ്യാത്മികവും ഭൗതികവും ആയ എല്ലാ വഴികളും തുല്യമാണ്. ഒരു വഴിയും മറ്റുള്ളവയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല എന്നു കാണാം. അവനവന് ഏതു ചേരും ഏതു ചേരില്ല എന്നു പരിഗണിക്കുമ്പോള്‍ മാത്രമാണ് താരതമ്യം പ്രസക്തം ആകുന്നത്. ധര്‍മ്മം എന്ന പത്ഥ്യാപത്ഥ്യപാലനത്തില് എല്ലാവരും ശ്രദ്ധിക്കുമ്പോള്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷത്തിനും ഇടവുമില്ല എന്നും കാണാം.
സനാതനധര്‍മ്മത്തിന്റെ സ്വരൂപം രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകര്‍ ഗുരുജി എന്നു ബഹുമാനത്തോടെ വിളിക്കുന്ന മാധവസദാശിവഗോള്വള്ക്കര് (വിചാരസുധ, പുറം 49-51, ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം) വ്യക്തമാക്കുന്നുണ്ട്. ധര്‍മ്മത്തിന്റെ ‘യതോഭ്യുദയനിശ്ശ്രേയസസിദ്ധിഃ സ ധര്‍മ്മഃ, ധാരണാത് ധര്‍മ്മമിത്യാഹുഃ ധര്‍മ്മോ ധാരയതി പ്രജാഃ’ എന്ന രണ്ടു നിര്‍വചനങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ധര്മ്മത്തിന് രണ്ടു വശങ്ങള് ഉണ്ട് എന്നു ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തെ വശം വ്യക്തിയുടെ ഭൗതികവും ആധ്യാത്മികവും ആയ ഐശ്വര്യവുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടും നേടാന്‍ ഓരോ വ്യക്തിയും ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യ പാലനമാണത്. രണ്ടാമത്തേതാകട്ടെ വ്യക്തിയുടെ സാമാജികജീവിതവുമായി ബന്ധപ്പെട്ടതാണ്. സമാജത്തിന്റെ സുസ്ഥിതി ഉറപ്പാക്കാനുതകുന്ന ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യപാലനം ആണത്.
ചുരുക്കി പറഞ്ഞാല്‍, സനാതനധര്‍മ്മം മോക്ഷോന്മുഖമായ ഹിന്ദുജീവിതത്തിന്റെ മൂല്യാചരണഘടനയാണ്. ഭാരതീയജീവിതവീക്ഷണത്തിന്റെ പ്രയോഗതലമാണ്.
പാശ്ചാത്യങ്ങളായ മത- ഇസങ്ങളുടെ വീക്ഷണ- ഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഭാരതീയ വീക്ഷണ-പദ്ധതികളുടെ ഘടന എന്നു കാണാം. പാശ്ചാത്യമായ Hedonism എന്ന സിദ്ധാന്തത്തിന് അര്‍ത്ഥ, കാമങ്ങള്ക്കപ്പുറത്തേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ധര്‍മ്മ, മോക്ഷകല്പ്പനകള് പാശ്ചാത്യതത്വചിന്തക്ക് ഇന്നും അന്യമാണ്. ഇവിടെ രാജനീതിയേയും ധര്‍മ്മത്തിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നു! ‘വൈരുധ്യങ്ങളെ പോലും വൈവിധ്യങ്ങളായി കാണുവാനും അവയെ ഒരു പൊതു അടിത്തറയില്‍ ചേര്ത്തുനിര്ത്തുവാ
നും വേണ്ട അസാമാന്യശേഷി ഇന്ത്യക്കാര്‍ക്കുണ്ട്. ഇതു മനസ്സിലാക്കാതെ പാശ്ചാത്യര്‍ക്ക് ഇന്ത്യയെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല’ എന്നാണ് Albert Schweitzer എന്ന വിഖ്യാത ജര്‍മ്മന്‍ ചിന്തകന്റെ അഭിപ്രായം (Indian Thought and Its Development,1936).
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: