ദുബായ്: ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്ന് വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക് കയറി. പുതിയ റാങ്കിങ്ങില്‍ രോഹിത് എട്ടാം സ്ഥാനത്താണ്. പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്.
ഭാരതത്തിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ബാബറിന് ആറ് റേറ്റിങ് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്ത് തന്നെയാണ്.
ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാമത് എത്തിയപ്പോള്‍ സഹതാരം ഹെന്റി ക്ലാസന് നാലു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തുണ്ട്. വിരാടിനൊപ്പം ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്ത് നില്ക്കുന്നു.
ബൗളിംഗ് റാങ്കിങ്ങില്‍ ഓസീസിന്റെ ജോഷ് ഹേസല്‍വുഡ് ഒന്നാമതും രണ്ട് റേറ്റിങ് പോയിന്റുകളുടെ വ്യത്യാസത്തില്‍ ഭാരതത്തിന്റെ മുഹമ്മദ് സിറാജ് രണ്ടാമതുമാണ്. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ആണ് മൂന്നാമത്. ഒമ്പതാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ഓള് റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഭാരതത്തിന്റെ ഹാര്‍ദിക് പാണ്ഡ്യ ഒമ്പതാമതാണ്. ടീം റാങ്കിങ്ങില്‍ ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും ഭാരതമാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: