ന്യൂദല്‍ഹി: നെതര്‍ലന്‍ഡ്സിനെതിരായ സെഞ്ചുറി നേട്ടത്തോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനൊപ്പമെ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇരുവര്‍ക്കും ലോകകപ്പില്‍ ആറ് സെഞ്ചുറിയായി. ഇന്നലെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലായിരുന്നു വാര്‍ണറുടെ ആറാം ലോകകപ്പ് സെഞ്ചുറി.
ഏഴ് സെഞ്ചുറികള്‍ നേടിയ ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ പാകിസ്ഥാനെതിരായ മത്സരത്തിലും വാര്‍ണര്‍ സെഞ്ചുറി (163) നേടിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ പോലും ഒരുവേള ഇടം ലഭിച്ചേക്കില്ലെന്ന ഘട്ടത്തില്‍ നിന്നാണ് ഇത്തവണ മിന്നുന്ന ഫോമിലേക്കുള്ള വാര്‍ണറുടെ തിരിച്ചുവരവ്.
വാര്‍ണറുടെ കരിയറിലെ 22-ാം ഏകദിന സെഞ്ചുറിയാണ് നെതര്ലന്ഡിസിനെതിരേ ഡല്‍ഹിയില്‍ പിറന്നത്. 153-ാം ഏകദിന ഇന്നിങ്സില്‍ 22-ാം സെഞ്ചുറി നേടിയ വാര്‍ണര്‍ ഹാഷിം അംലയ്ക്കും വിരാട് കോലിക്കും ശേഷം ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ 22 ഏകദിന സെഞ്ചുറികള്‍ നേടുന്ന താരമായി.
40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം 91-ാം പന്തില്‍ ഒരു ബൗണ്ടറിയോടെ സെഞ്ചുറിയിലേക്കെത്തി. 93 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറുമടക്കം 104 റണ്‍സെടുത്താണ് പുറത്തായത്.
ഇതോടൊപ്പം ഇത്തവണത്തെ ലോകകപ്പില്‍ അഞ്ച് കളികളില്‍ നിന്ന് 332 റണ്‍സ് നേടിയ വാര്‍ണര്‍ റണ്‍വേട്ടക്കാരില്‍ ക്വിന്റണ്‍ ഡിക്കോക്കിനും വിരാട് കോലിക്കും പിന്നാലെ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: