ന്യൂദല്‍ഹി: ഏകദിന ലോകകപ്പ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഇനി ഓസീസ് ഹിറ്റര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ പേരില്‍. ഇന്നലെ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ വെറും 40 പന്തില്‍ നിന്ന് മൂന്നക്കം തികച്ചാണ് മാക്സ്വെല് റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡ് പഴങ്കഥയായി. ഈ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 49 പന്തില്‍ ശതകം തികച്ചാണ് മാര്‍ക്രം റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരുന്നത്. ഇതേ വേദിയിലായിരുന്നു മാര്‍ക്രത്തിന്റെ അതിവേഗ സെഞ്ചുറി.
ഇന്നലെ നെതര്‍ലന്‍ഡ്സ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ചെയ്ത ഓസ്ട്രേലിയന്‍ താരം എട്ട് വീതം സിക്സും ഫോറുമടക്കമാണ് 40 പന്തില്‍ നിന്ന് 100 തികച്ചത്. ഒടുവില്‍ 44 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് മാക്സ്വെല് പുറത്തായത്.
2011ല്‍ ഭാരതത്തില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ അയര്‍ലന്‍ഡ് മുന്‍ താരം കെവിന് ഒബ്രിയാന് മൂന്നാമതായി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം. നാലാമതും മാക്സ്വെല്ലാണ്. 2015 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 51 പന്തിലാണ് മാക്സ്വെല് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് അഞ്ചാമത്. ഏകദിന ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണ് മാക്സ്വെല്ലിന്റേത്. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ അടിച്ചുപറത്തിയ മാക്സ്വെല് 27 പന്തില്‍ നിന്നാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. അടുത്ത 50 റണ്‍സടിക്കാന്‍ വെറും 13 പന്ത് മാത്രമാണ് മാക്സ്വെല്ലിന് വേണ്ടിയിരുന്നത്. 31 പന്തില്‍ ശതകം നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: