കോഴിക്കോട്: ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാര്‍ട്ടി പ്രവര്‍ത്തകരും. കോഴിക്കോട്ടെ അഭിഭാഷകനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ഒഎം ഭാരദ്വാജിനെതിരെയാണ് പരാതി. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമാണ് ഒ.എം ഭരദ്വാജ്.
കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണ സംഘമാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുതലും പലിശയും ചേര്‍ത്ത് 17 ലക്ഷത്തോളം രൂപയാണ് ഭാരദ്വാജ് അടയ്ക്കാനുളളത്.ഭരദ്വാജ് ഈ സഹകരണസംഘത്തില്‍ ലീഗല്‍ അഡ്വൈസറായിരുന്നു. സംഘത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം ഭരദ്വാജ് സംഘത്തെ കബളിപ്പിച്ചെന്നാണ് പരാതി.
നിലവില്‍ സിപിഎം നേതൃത്വത്തിലുളള കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റ വൈസ് ചെയര്മാന്. ഭരദ്വാജിനെതിരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണ സംഘം സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും അടുത്തിടെ പരാതി അയച്ചിരുന്നു.
സംഘത്തില്‍ നിന്നും 2016 മാര്‍ച്ച് 16ന് ഭരദ്വാജ് വസ്തു പണയം വച്ച് ഏഴ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വസ്തു ജപ്തി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിയമ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞില്ലെന്നുമാണ് കത്തില്‍ പറയുന്നത്. . വായ്പയ്ക്ക് ജാമ്യമായി വച്ച സ്ഥലം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജാമ്യ വസ്തുവായി വച്ച വസ്തുവാണ്. ഇത് വില്ക്കുവാനോ കൈമാറുവാനോ പാടില്ലെന്ന് തഹസില്‍ദാറുടെ ഉത്തരവുണ്ടെന്നും കത്തിലുണ്ട്.
ചെറിയാരു സംഘത്തില്‍ ഇത്തരത്തില്‍ ക്രമക്കേട് നടത്തിയ ഇയാള്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അഭിമാന സ്ഥാപനമായ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വൈസ് ചെയര്മാന് ആയി പ്രവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും കത്തുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: