ഹമാസുമായുളള പോരോട്ടത്തില്‍ ഇസ്രായലിന് പിന്തുണയുമായി നടി കങ്കണ റണാവത്.ദല്‍ഹിയില്‍ നടി ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ സ്ഥിതി സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.
ഇസ്രായേലിനും ജൂതര്‍ക്കും വേണ്ടി ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണത്തിന് മുന്നെ തന്നെ താന്‍ സംസാരിച്ചിരുന്നുവെന്ന് കങ്കണ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ഹിന്ദു രാഷ്ട്രമായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഹിന്ദു വംശഹത്യകള്‍ നടന്നു. യഹൂദ വംശഹത്യ നടന്നതിന് സമാനമാണിത്. ഹിന്ദുക്കള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ഭാരതം ഞങ്ങള്‍ അര്‍ഹിക്കുന്നതായി വിശ്വസിക്കുന്നു.അതുപോലെ ജൂതരും ഒരു രാഷ്ട്രത്തിന് അര്‍ഹരാണ്. അതിനാല്‍ ഒരു ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇസ്രേലിനെ പിന്തുണയ്ക്കുന്നു- കങ്കണ കുറിച്ചു.
”ഇന്ന് ലോകം മുഴുവന്‍, പ്രത്യേകിച്ച് ഇസ്രായേലും ഇന്ത്യയും, തീവ്രവാദത്തിനെതിരെ പോരാടുകയാണ്. ഇന്നലെ ദസറ പ്രമാണിച്ച് രാവണദഹനത്തിനായി ദല്‍ഹിയിലെത്തിയപ്പോള്‍ ഇസ്രായേല്‍ എംബസിയില്‍ വന്ന് ഇന്നത്തെ ആധുനിക രാവണനെയും ഹമാസിനെപ്പോലുള്ള ഭീകരരെയും പരാജയപ്പെടുത്തുന്ന ആളുകളെ കാണണമെന്ന് തോന്നി. ചെറിയ കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്ന രീതി ഹൃദയഭേദകമാണ്. ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ട്. എന്റെ വരാനിരിക്കുന്ന ചിത്രമായ തേജസിനെ കുറിച്ചും ഇന്ത്യയുടെ സ്വാശ്രയ യുദ്ധവിമാനമായ തേജസിനെ കുറിച്ചും ഞാന്‍ ഇസ്രായേല്‍ അംബാസഡറുമായി ചര്‍ച്ച ചെയ്തു- കങ്കണ എക്സില്‍ കുറിച്ചു.
പുറത്തിറങ്ങാനിരിക്കുന്ന ചിത്രം തേജസില്‍ വ്യോമസേന പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍വേഷ് മേവാരയാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: