തിരുവനന്തപുരം: രണ്ടുമണിക്കൂര്‍ മഴപെയ്താല്‍ മത്സ്യബന്ധനയാനങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയിലാണ് തിരുവനന്തപുരം നഗരസഭ. നാലരപ്പതിറ്റാണ്ട് തുടര്‍ഭരണം ലഭിച്ചിട്ടും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നഗരം മുങ്ങുമ്പോള്‍ കാഴ്ചക്കാരായി മാറുകയാണ്. ഓടകളും പുഴകളും വേര്‍തിരിച്ച് നഗരത്തിലെ നീരൊഴുക്ക് കൃത്യമായി നിയന്ത്രിച്ചിരുന്ന രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും സിപിഎം ആധിപത്യത്തിലേക്കും നഗരം മാറിയതോടെയാണ് നഗരവാസികള്‍ ദുരിതക്കയത്തില്‍ മുങ്ങിയത്.
വന്‍കിട കൈയേറ്റങ്ങള്‍ക്ക് കുടപിടിക്കുന്നു
ഓടയും പുഴയും കൈയേറി വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാര്ട്ടിതാല്പര്യം മാത്രം പരിഗണിച്ച് നഗരതാല്പര്യം ബലികഴിക്കുന്നത് നഗരത്തിലെ നീരൊഴുക്കിനെ തടസപ്പെടുത്തുന്നുവെന്ന ആരോപണം ഏറെക്കാലമായി നിലനില്‍ക്കുകയാണ്. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതും രാഷ്ട്രീയ താല്പര്യത്തോടെ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ തടസപ്പെടുത്തുന്നതും പതിവാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൂര്‍ത്തീകരിക്കാനാകാതെ പദ്ധതികള്‍
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓപ്പറേഷന് അനന്ത പോലും പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ചില വന്‍കിടക്കാരുടെ കെട്ടിടനിര്‍മാണങ്ങള്‍ ഒഴിപ്പിക്കാനാകാതെ വന്നതോടെയാണ്. ചെറുകിടക്കാരെ ഒഴിപ്പിച്ച് കൈയേറ്റം തിരിച്ചുപിടിച്ചെങ്കിലും വന്‍സ്രാവുകള്‍ക്ക് പിന്തുണയുമായി സിപിഎം നേതൃത്വം നിലപാടെടുത്തതോടെ പദ്ധതിക്ക് മുട്ടിടിക്കുകയായിരുന്നു. കിള്ളിയാറിന്റെ തീരത്തെ നിര്‍മാണം നഗരസഭ കണ്ടില്ലെന്ന് നടിച്ചു. കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നുവെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് നടപടി ഒഴിവാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ബണ്ട് റോഡില്‍ പിആര്‍എസ് ഹോസ്പിറ്റലിനു സമീപം മുതല്‍ ആറ്റുകാല്‍ വരെയുള്ള ഭാഗങ്ങളില്‍ സിപിഎം അനുഭാവികള്‍ വ്യാപകമായി കൈയേറിയതായി നിരവധി തവണ ആരോപണമുയര്‍ന്നതാണ്. പക്ഷെ നഗരസഭ ഭരണസമിതി കേട്ടതായി പോലും ഭാവിച്ചില്ല. കോട്ടയ്ക്കകത്തും മെഡിക്കല്‍കോളജ് ഭാഗങ്ങളിലും അനധികൃത നിര്‍മാണം തുടരുന്നതായി ചില ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
ചടങ്ങാകുന്ന ഓട ശുചീകരണം
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ പേരിലുള്ള ഓടകള്‍ വൃത്തിയാക്കല്‍ ചടങ്ങായി മാറിയിട്ട് വര്‍ഷങ്ങളായി. മഴക്കാലത്തിന് തൊട്ടുമുമ്പ് ഓടയിലെ മാലിന്യം കരയിലേക്ക് കോരിയിട്ട് റോഡുകള്‍ വൃത്തികേടാക്കും. മഴ തുടങ്ങുന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ ഓടയിലേക്കുതന്നെ തിരിച്ചിറങ്ങും. പണി നടത്തുക, ഫണ്ട് തട്ടുക എന്നതിനപ്പുറം ലക്ഷ്യം വികസിക്കാത്തതാണ് നഗരത്തിന്റെ ശാപമെന്ന് നാട്ടുകാരും പറഞ്ഞുതുടങ്ങി.
പണം ചോരുന്നു; പുഴ കരകവിയുന്നു
ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണത്തിന് പല തവണകളായി വകമാറ്റിയത് ലക്ഷങ്ങളാണ്. തോടിനുമാത്രം ഒരു മാറ്റവും ഉണ്ടായില്ല. ഓപ്പറേഷന് അനന്തയുടെ പേരില്‍ പൊടിപൊടിച്ചത് കോടികളാണ്. അമൃത് പദ്ധതിയുടെ പണവും കേന്ദ്രത്തില്‍ നിന്ന് നേടിയെടുത്തെങ്കിലും ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ ചെലവഴിച്ചിട്ടില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാനാകുന്നില്ല. സ്മാര്‍ട്ട് സിറ്റിയും കരാറുകാരും നഗരസഭയും പരസ്പരം വിരല്‍ ചൂണ്ടുന്നതല്ലാതെ നഗരജീവിതത്തിന് ഗുണകരമായ നടപടികളുണ്ടാകുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
അടിയന്തര ഘട്ടങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ നഗരസഭയ്ക്ക് തടസമാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും കുറവാണ്. നഗരത്തില്‍ പലപ്രദേശങ്ങളും വെള്ളക്കെട്ടുണ്ടാകുമ്പോള്‍ ഓടകള്‍ വൃത്തിയാക്കി ജലം ഒഴുക്കിക്കളയുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആകെയുള്ളത് ഒരു ജെസിബി മാത്രമാണ്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഒരു ഹിറ്റാച്ചിയാകട്ടെ ഡ്രൈവറില്ലാത്തതിനാല്‍ ഒതുക്കിയിട്ടിരിക്കുന്നു. ശുചീകരണത്തൊഴിലാളികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനുള്ള വാഹനങ്ങള്‍പോലും ആവശ്യത്തിനില്ല. എണ്ണത്തിലുള്ള പലതും കാണാനില്ല. ഉള്ളവ പലതും കട്ടപ്പുറത്തും. വാര്‍ഷിക പദ്ധതിയില്‍ ദുരന്തനിവാരണത്തിന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപവും ജലരേഖയായി.
വകുപ്പുകള്‍ക്ക് ഏകോപനമില്ല
കാലവര്‍ഷക്കെടുതികള്‍ നേരിടാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയാലും വകുപ്പുകളുടെ ഏകോപനമില്ലായ്മ വെല്ലുവിളിയാകുന്നു. പിഡബ്ല്യുഡി, ഇറിഗേഷന്‍, നഗരസഭ എന്നിവയുടെ ഏകോപനമില്ലായ്മയാണ് പദ്ധതികള്‍ വിജയിക്കാത്തതിലും കാലതാമസത്തിനും പലപ്പോഴും കാരണമായി മാറുന്നത്.
നഗരസഭയുടെ ഉറപ്പുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല
ഓരോ തവണ മഴക്കാലദുരിതം കഴിയുമ്പോഴും എല്ലാം ശരിയാകുമെന്നും നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും നഗരസഭാ ഭരണാധികാരികള്‍ പറയാറുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെന്നും വകുപ്പുമന്ത്രിയുമായി സംസാരിച്ചെന്നും വിശദീകരിക്കും. എന്നാല്‍ കേട്ടുതഴമ്പിച്ച പല്ലവികള്‍ക്ക് ജനങ്ങള്‍ ഇപ്പോള്‍ വില കല്പിക്കാറില്ല.
പ്രത്യേക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ട് ബിജെപി
നാലരപതിറ്റാണ്ടത്തെ ഭരണപരാജയമാണ് വെള്ളക്കെട്ടിന് കാരണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി പറയുന്നു. നഗരഭരണം നാഥനില്ലാക്കളരിയായെന്നും അവര്‍ ആരോപിക്കുന്നു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗത്തിന് ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: