തൃശ്ശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലും ബിനാമി വായ്പത്തട്ടിപ്പ്. പരാതി ഉയര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടത് സിപിഎം ജില്ലാ സെക്രട്ടറി.
തന്റെ പണയ വസ്തുവില്‍ തുക കൂട്ടിയെഴുതി ഒരു കോടി രൂപയുടെ വായ്പ കൈക്കലാക്കിയെന്നാണ് റിസോര്‍ട്ട് ഉടമ രായിരത്ത് സുധാകരന് വെളിപ്പെടുത്തിയത്. നാലു വ്യാജ മേല്‍വിലാസത്തില്‍ 25 ലക്ഷം വീതം ഒരു കോടി രൂപ വ്യാജ വായ്പ നല്കി.
ബാങ്ക് ജീവനക്കാരുടെയും സിപിഎം ഭരണ സമിതിയുടെയും ഒത്താശയോടെയാണ് അത്. താന്‍ പരാതി കൊടുത്തപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്കി. എന്നാല്‍ അതുണ്ടായില്ല.
തന്റെ പേരിലുള്ള റിസോര്‍ട്ട് വില്പനയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. മറ്റൊരു ബാങ്കില്‍ 72.5 ലക്ഷം രൂപ റിസോര്‍ട്ടിന് ബാധ്യതയുണ്ടായിരുന്നു. അതു തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്നു പറഞ്ഞ് മാള സ്വദേശി അനില്‍ പി. മേനോന് സമീപിച്ചു. മൂന്നരക്കോടി രൂപയ്ക്കായിരുന്നു കച്ചവടം. തനിക്കു സ്വാധീനമുള്ള കുട്ടനെല്ലൂര്‍ ബാങ്കില്‍ നിന്നു വായ്പയെടുക്കാമെന്ന് അനില്‍ പറഞ്ഞു. അനിലിന്റെയും ഭാര്യ മിനിയുടെയും തന്റെയും പേരിലാണ് 2016 ആഗസ്തില്‍ വായ്പയെടുത്തത്. അനിലിന്റെയും ഭാര്യയുടെയും പേരില്‍ 50 ലക്ഷം രൂപയും തന്റെ പേരില്‍ പത്തു ലക്ഷം രൂപയും ചേര്‍ത്ത് 60 ലക്ഷം കുട്ടനെല്ലൂര്‍ ബാങ്ക് വായ്പ അനുവദിച്ചു. ബാക്കി 12.5 ലക്ഷം രൂപ താന്‍ അടച്ചുതീര്‍ത്തു. കുട്ടനെല്ലൂരില്‍ ഈടായിക്കൊടുത്തത് 10,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടവും 80 സെന്റ് ഭൂമിയുമുള്ള റിസോര്‍ട്ടിന്റെ രേഖകളാണ്. രേഖകളില്‍ ഒപ്പിട്ടത് 60 ലക്ഷം രൂപയുടെ വായ്പയ്ക്കായിരുന്നു. എന്നാല്‍ താനറിയാതെ 60 ലക്ഷം രൂപയ്ക്കു പണയംവച്ച ഭൂമിയില്‍ 1.60 കോടിയുടെ വായ്പയെന്ന് എഴുതിച്ചേര്‍ത്തു. പലിശ അടച്ചപ്പോള്‍ രസീതു നല്‍കിയത് വ്യാജ വിലാസത്തിലെ പേരിലാണ്. കുടിക്കട സര്ട്ടിഫിക്കറ്റെടുത്തപ്പോഴാണ് മറ്റു പേരുകള്‍ എഴുതിയതായി വ്യക്തമായത്.
ബാങ്ക് അധികൃതര്‍ എല്ലാം ശരിയാക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് കൈ മലര്‍ത്തി. പോലീസിനും പരാതി നല്കി.
സിപിഎം ജില്ലാ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടി ഓഫീസില്‍ വിളിപ്പിച്ചു. അവിടെ അനിലിനെ കണ്ടിരുന്നു. തുക തിരികെ നല്‍കാമെന്നു പാര്‍ട്ടി ഓഫീസില്‍വച്ച് അനില്‍ സമ്മതിച്ചെങ്കിലും ഫലമുണ്ടായില്ല, സുധാകരന് തുടര്‍ന്നു. അതേ സമയം ആരോപണം ബാങ്ക് നിഷേധിക്കുന്നു. വ്യാജ പേരില്‍ വായ്പ നല്‍കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: