തിരുവനന്തപുരം: സര്‍വകലാശാലകളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് നിവേദനം. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് നിവേദനം നല്‍കിയത്.
കേരള, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ആരംഭം മുതല്‍ സര്‍ക്കാര്‍ അനുമതിയോടെ സ്റ്റേറ്റ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന ആയിരം കോടിയോളം രൂപയുടെ സര്‍വകലാശാല ഫണ്ടാണ് ഈ സാമ്പത്തിക വര്‍ഷാദ്യം ട്രഷറിയിലേക്ക് മാറ്റിയത്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ സര്‍വകലാശാലകളുടെ തനത് ഫണ്ടും പദ്ധതി, പദ്ധതിയേതര ഫണ്ടും സംസ്ഥാന ട്രഷറികളിലേക്ക് മാറ്റി നിക്ഷേപിച്ചതോടെ സര്‍ക്കാരിന്റെ ട്രഷറി നിയന്ത്രണം സര്‍വകലാശാലകളുടെ അക്കാദമിക് ഗവേഷണ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിവിധ ഗവേഷണ പ്രൊജക്ട്ടുകള്‍ സര്‍വകലാശാലകള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും.
ഇക്കൂട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും യുജിസിയുടെയും സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പ്രൊജക്ടുകളും ഉള്‍പ്പെടുന്നുണ്ട്. സര്‍വകലാശാലകള്‍ പെന്ഷന് ഫണ്ടിനുവേണ്ടി മാറ്റിവച്ചിരുന്ന തുകയും ട്രഷറികളിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. സര്‍വകലാശാലകള്‍ക്ക് വിവിധ അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് പദ്ധതിവിഹിതമായി ലഭിച്ച തുക മാറ്റാനാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്.
സര്‍വകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യം സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിലടെ അക്കാദമിക് സ്വാതന്ത്ര്യവും നഷ്ടപ്പെടും. ഇതോടെ സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ കിഴിലുള്ള വകുപ്പുകളായി മാറുമെന്നും നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: