കണ്ണൂർ: :ഗണപതി മിത്താണെന്ന വിവാദമെല്ലാം വിദ്യാരംഭ ദിനത്തില്‍ പഴങ്കഥയാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നല്‍കുന്നതോടൊപ്പം സ്പീക്കർ എ എൻ ഷംസീർ എല്ലാവരും കേള്‍ക്കെ അല്‍പം ഉച്ചത്തില്‍ മന്ത്രിച്ചു: ‘ഹരിശ്രീ ഗണപതായെ നമ:’ അറിവ് തേടുന്നതില്‍ തടസ്സമുണ്ടാകുന്നെങ്കില്‍ അത് നീക്കാനാണ് വിഘ്നങ്ങള്‍ ഇല്ലാതാക്കുന്ന വിഘ്നേശ്വരനായ ഗണപതിയുടെ മന്ത്രവും വിദ്യാരംഭച്ചടങ്ങില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര‍്ന്നുകൊടുക്കുന്നവര്‍ ഉറക്കെ ചൊല്ലുന്നത്.
കണ്ണൂർ ഇല്ലിക്കൽകുന്നിലെ ഹെർമൻ ഗുണ്ടർട്ട് ബെംഗ്ലാവിലാണ് സ്പീക്കർ കുരുന്നുകളെ എഴുത്തിനിരിത്തിയത്. ‘ഹരിശ്രീ ഗണപതയെ നമഃ’ എന്ന മന്ത്രോച്ചാരണത്തോടെ കുരുന്നുകളെ അരിമണിയില്‍ കൈപിടിച്ച് സ്പീക്കർ എഴുതിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകാന്‍ ഒപ്പം കൂടി. .
ഭാവിയിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം വലിയൊരു വിദ്യാരംഭ കേന്ദ്രമായി മാറുമെന്നും സ്പീക്കർ പറഞ്ഞു. സാധാരണ തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പ്രതിമയ്‌ക്ക് മുന്നിൽ വിദ്യാരംഭം നടത്താറുണ്ട്. മ്യൂസിയം സ്ഥാപിച്ചശേഷം ആദ്യമായിട്ടാണ് അവിടെ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്. തുഞ്ചൻ പറമ്പ് പോലെ തലശ്ശേരിയിലെ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയവും കേരളത്തിലെ പ്രധാന വിദ്യാരംഭ കേന്ദ്രമായി മാറും.-സ്പീക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: