ടി.എന്‍. രാജന്‍
പാലാ: അദ്ധ്യാപനത്തിന്റെ വിശുദ്ധിയും ഏറ്റെടുത്ത കര്‍മ്മമണ്ഡലങ്ങളില്‍ എല്ലാം നൈര്‍മ്മല്യവും ജീവിതത്തില്‍ ഉടനീളം ലാളിത്യവും കാത്തുസൂക്ഷിച്ച വന്ദ്യ ഗുരുനഥന്‍ ഡോ. സിറിയക് തോമസ് എണ്‍പതിന്റെ നിറവില്‍.
സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സ്പീക്കറുമായിരുന്ന ആര്‍.വി. തോമസിന്റെയും കോണ്‍ഗ്രസ് വനിത വിഭാഗത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന മിസിസ് ആര്‍.വി.തോമസിന്റെയും മകനായി 1943 ഒക്ടോബര്‍ 24 ന് പാലായിലായിരുന്നു ജനനം.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബം. രാഷ്‌ട്രീയം സ്വാഭാവികം. എം.എ.യ്‌ക്ക് പഠിക്കുമ്പോള്‍ത്തന്നെ 21-ാം വയസില്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ്. 25-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി. അംഗമായി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ മൊറാര്‍ജി ദേശായിക്കൊപ്പം നിന്നു. ഡോ. വി.കെ.സുകുമാരന്റെ ഉപദേശം മാനിച്ച് രാഷ്‌ട്രീയത്തില്‍ നിന്നകന്നു. 1967 ല്‍ പാലാ സെന്റ് തോമസ് കോളജില്‍ പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനായി ചേര്‍ന്നു.
31 വര്‍ഷത്തെ സേവനത്തിന് ശേഷം വകുപ്പ് മേധാവിയായി വിരമിച്ചു. 1998 ല്‍ കേരള സര്‍വകലാശാലയില്‍ പ്രൊവൈസ് ചാന്‍സിലര്‍ പദവി സ്വീകരിച്ചു. പിന്നീട് അവിടെത്തന്നെ ആക്ടിങ് വൈസ് ചാന്‍സിലര്‍, 2000 മുതല്‍ നാല് വര്‍ഷം എം.ജി. സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍. 2010 മുതല്‍ അഞ്ച് വര്‍ഷം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായിരുന്നു പ്രവര്‍ത്തനം.
അര നൂറ്റാണ്ട് നീണ്ട അദ്ധ്യാപനത്തിലൂടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് ശിഷ്യന്മാരെ കൈ പിടിച്ച് നടത്തിയ ഗുരുശ്രേഷ്ഠന്‍. ഗ്രസ്ഥകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഇപ്പോഴും കര്‍മ്മരംഗത്ത് സജീവമായി നില്‍ക്കുന്ന ഡോ. സിറിയക് തോമസിന് തിരക്കുകള്‍ ഒഴിയുന്നില്ല. കാലില്‍ ബാധിച്ച ഞരമ്പ് സംബന്ധമായ അസുഖം അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും ഡോ. സിറിയക് തോമസിന്റെ ദിനചര്യകളില്‍ മാറ്റമില്ല.
കിരീടം തൊടാത്ത നേതാവ്, സ്വാതന്ത്ര്യത്തിന്റെ അടിമത്തം, ഈസ്റ്ററിന്റെ സുവിശേഷം, മദര്‍ ആന്‍ഡ് സിസ്റ്റര്‍, ഇതിഹാസവും പൈതൃകവും, കാലം മായ്‌ക്കാത്ത കാല്പാടുകള്‍, ഭൂമിയിലെ നക്ഷത്രങ്ങള്‍, ചിരിയുടെ വലിയ മെത്രാപ്പോലീത്ത തുടങ്ങി പത്തിലധികം ഗ്രന്ഥങ്ങള്‍. പ്രകാശഗോപുരങ്ങള്‍, നന്മ മരങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം 24-ന് വൈകിട്ട് നാലിന് കോട്ടയം എം.ടി. സെമിനാരി ഹാളില്‍ നടക്കും. മിന്ത്രി വി.എന്‍. വാസവന്‍, വി.ഡി.സതീശന്‍, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ടി.പി. ശ്രീനിവാസന്‍, റോയ് പോള്‍, റവ ടി.ജെ.ജോഷ്വാ, ഫാ.അലക്‌സ് കിഴക്കേക്കടവില്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: