പാമ്പാടി: കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹം നിലച്ച 11 കെവി ലൈനുകള്‍ മൂലം കര്‍ഷകര്‍ ദുരിതത്തില്‍. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്ത് കൃഷി പോലും ചെയ്യാനാവാതെ ബുദ്ധിമുട്ടിലാണ് കര്‍ഷകരിപ്പോള്‍. പാമ്പാടി കുന്നേല്പ്പടി-മാക്കല്‍പ്പടി കൊച്ചുപറമ്പില്പ്പടി ചെന്നാമറ്റം മേഖലയില്‍ കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹമില്ലാത്ത വൈദ്യുത ലൈനുകളാണ് കര്‍ഷകരെ വലയ്ക്കുന്നത്.
ആറ് വര്‍ഷം മുന്‍പ് പാമ്പാടി-കൂരോപ്പട റോഡിന്റെ അരികിലൂടെ പുതിയ 11 കെവി ലൈന്‍ സ്ഥാപിച്ച് കമ്മിഷന് ചെയ്തിരുന്നു. പഴയ ലൈന്‍ കടന്നുപോയിരുന്നത് പാമ്പാടി കുന്നേല്പ്പടി-മാക്കല്‍പടി കൊച്ചുപറമ്പില്‍ പടി ചെന്നാമറ്റംവരെ രണ്ടുകിലോമീറ്ററോളം ഭാഗത്തെ കൃഷിയിടങ്ങളിലൂടെയായിരുന്നു. ഇരുപതോളം വീടിന് മുകള്‍ ഭാഗം, വീടുകളുടെ മുറ്റത്തൂടെയും ലൈനുകള്‍ കടന്നുപോയിട്ടുണ്ട്.
പുതിയ ലൈനുകള്‍ സ്ഥാപിച്ച് പ്രസരണം തുടങ്ങി 6 വര്‍ഷം പിന്നിട്ടിട്ടും പുരയിടങ്ങളില്‍നിന്ന് പഴയ വൈദ്യുത വിതരണ ലൈനുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി തയ്യാറായിട്ടില്ല. വൈദ്യുത ലൈന്‍ കെഎസ്ഇബി ഉപയോഗിക്കാതെ വന്നതോടെ പ്രദേശത്തെ കര്‍ഷകര്‍ ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്ത് കൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഈ ഭാഗത്ത് നട്ടിരുന്ന റബര്‍ മരങ്ങളുടെ മുകള്‍ ഭാഗം വെട്ടി നശിപ്പിച്ചു. 8 മരങ്ങളുടെ മുകള്‍ ഭാഗമാണ് മുറിച്ച് മാറ്റിയത്. ഈ സംഭവത്തോടെ വൈദ്യുതി കടന്നുപോകാത്ത ലൈനുകളുടെ ചുവട്ടിലെ കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചു. ഈ ഭാഗത്തെ പോസ്റ്റുകളും ലൈനുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: