ന്യൂദല്‍ഹി: തെലങ്കാനയിലെ 52 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. പന്ത്രണ്ട് വനിതകളടക്കം ശക്തരായ നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തുനിന്നുള്ള മൂന്ന് ലോക്സഭാംഗങ്ങളും നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ടി സഞ്ജയ് കരിംനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ ഗജ്വെല് മണ്ഡലത്തില്‍ തെങ്കാന ബിജെപിയുടെ ശക്തനായ നേതാവ് എട്ടേല രാജേന്ദര്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ ആവേശഭരിതമാക്കിയിട്ടുണ്ട്. ഹുസൂറാബാദില്‍ നിന്നുള്ള എംഎല്‍എയായ എട്ടേല രാജേന്ദര്‍ ഹുസൂറാബാദിന് പുറമേ രണ്ടാം മണ്ഡലമായാണ് ഗജ്വെലില്‍ ചന്ദ്രശേഖര റാവുവിനെതിരെ മത്സരിക്കുന്നത്.
എട്ടേല രാജേന്ദര്‍ മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാനയുടെ ആദ്യ ധനകാര്യ മന്ത്രിയുമാണ് എട്ടേല രാജേന്ദര്‍. 2004 മുതല്‍ നിയമസഭാംഗമായ എട്ടേല 2014-18കാലത്ത് ധനമന്ത്രിയും 2019-21 കാലത്ത് ആരോഗ്യമന്ത്രിയുമായിരുന്നു. 2021ലാണ് എട്ടേല ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എട്ടേര ബിജെപി ടിക്കറ്റില്‍ വിജയിച്ചതും വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.
ആദിലാബാദ് എംപിയായ സോയം ബാപു റാവു പട്ടികജാതി സംവരണ മണ്ഡലമായ ബോത്തില്‍ നിന്ന് മത്സരിക്കും. ആദിലാബാദ് ജില്ലയിലെ മണ്ഡലമാണ് ബോത്ത്. നിസാമാബാദ് എംപി അരവിന്ദ് ധര്മ്മപുരിയും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കൊരട്ല നിയമസഭാ സീറ്റില്‍ നിന്നാണ് അരവിന്ദ് ധര്‍മ്മപുരി മത്സരിക്കുന്നത്.
ഗോഷാമഹല്‍ എംഎല്‍എ ടി. രാജാ സിങ് വീണ്ടും ഗോഷാമഹലില്‍ നിന്നും മത്സരിക്കും. വിവാദ പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി സസ്പെന്‍ഡ് ചെയ്ത രാജാസിങ്ങിനെ ഇന്നലെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. തുടര്‍ന്നാണ് ഗോഷാമഹലില്‍ നിന്ന് വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കും നന്ദി പറഞ്ഞ രാജാസിങ് ഗോഷാമഹലില്‍ ബിജെപി വിജയം സുനിശ്ചിതമാണെന്നും പ്രതികരിച്ചു. 2014 മുതല്‍ ഗോഷാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് രാജാസിങ്.
മാധ്യമ പ്രവര്‍ത്തകയായ റാണി രുദ്രമ റെഡ്ഡി സിര്‍സിലയില്‍ നിന്നും മന്ത്രി കെ.ടി. രാമറാവുവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെലങ്കാനയില്‍ ഇത്രയധികം വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയ മറ്റൊരു രാഷ്ട്രീയ പാര്ട്ടിയുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിആര്‍എസിന്റെ ആദ്യഘട്ട പട്ടികയില്‍ ഏഴ് വനിതകള്‍ മാത്രമാണുണ്ടായിരുന്നത്. നവംബര്‍ 30നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: