ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മിലുള്ള വാക്പോരിന്റെ അപകടം മണത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുനയ ശ്രമത്തിന് ഇറങ്ങി.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത് എന്ന അഖിലേഷിന്റെ പ്രസ്താവനില്‍ നിന്നാണ് തുടക്കം. എസ്പിക്ക് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ലെന്നു മാത്രമല്ല അര്‍ഹതപ്പെട്ട സീറ്റും നിഷേധിച്ചു.
മാത്രല്ല കമല്‍നാഥ് അടക്കമുള്ള മധ്യപ്രദേശിലെ നേതാക്കള്‍ അഖിലേഷിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രസ്താവനകളുമിറക്കി. അതിനൊക്കെ മറുപടി നല്കിയ അഖിലേഷിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് കോണ്‍ഗ്രസിലെ അങ്കലാപ്പിലാക്കിയത്.
സഖ്യമെന്നും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് വരേണ്ട എന്നാണ് അഖിലേഷ് പറഞ്ഞത്. അടുത്ത ലേക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ രൂപീകരിച്ച ഇന്‍ഡി സഖ്യത്തിലെ വിള്ളല്‍ കൂടുതല്‍ രൂക്ഷമാക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ്-എസ്പി പോര് നീങ്ങുന്നത്.
ഇതോടെ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പു കൂടി. അഖിലേഷുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് തുടങ്ങിയത്.
അഖിലേഷിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐഎന്ഡിഐഎയെക്കുറിച്ച് ഒന്നും പറയാത്തതും കോണ്‍ഗ്രസിനെ ആശങ്കയിലാക്കി. ചര്‍ച്ചയ്ക്ക് ഖാര്‍ഗെ തന്നെ നേരിട്ട് ഇറങ്ങാനിരിക്കം എന്‍ഡിഎക്കെതിരെ പിഡിഎ എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ അഖിലേഷ് പങ്കുവച്ചു.
ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ചുമലില്‍ നമ്മുടെ നേതാജി(അഖിലേഷ്) ഇത്തവണ പിഡിഎ മുദ്രാവാക്യമുയര്‍ത്തി സാമൂഹ്യ നീതിക്കായി പോരാടും എന്ന് എഴുതിയിരിക്കുന്നതാണ് പങ്കുവച്ച ചിത്രത്തിലുള്ളത്.
പിന്നോക്ക, ദളിത്, ന്യൂനപക്ഷ ക്ഷേമം എന്നര്‍ത്ഥം വരുന്ന പിഡിഎ എന്ന മുദ്രാവാക്യം മുന്‍ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ് മുന്നോട്ടു വച്ചതാണ്. എന്‍ഡിഎക്കെതിരെ ഐഎന്‍ഡിഐഎ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുമ്പോഴാണ് അഖിലേഷിന്റെ പുതു നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: