തൃശൂര്‍: കരുവന്നൂരിലെ വ്യാജ വായ്പാ തട്ടിപ്പില്‍ ഇ ഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നൂറിലേറെ വായ്പകള്‍ നല്‍കിയിട്ടുള്ളത് വ്യാജ മേല്‍വിലാസത്തില്‍.
പത്ത് ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള വലിയ വായ്പകളാണിവയെല്ലാം. ബാങ്ക് രേഖകളിലെ മേല്‍വിലാസങ്ങള്‍ അന്വേഷിച്ച് പോയ ഉദ്യോഗസ്ഥര്‍ വെറും കയ്യോടെ മടങ്ങി. ബാങ്കില്‍ ചെറിയ തുകക്ക് ഭൂമി പണയപ്പെടുത്തിയവരുടെ ആധാരങ്ങളിന്മേലാണ് വ്യാജ മേല്‍വിലാസത്തില്‍ വന്‍ തുകകള്‍ നല്‍കിയിട്ടുള്ളത്. ബിനാമി വായ്പകള്‍ നല്‍കിയത് സിപിഎം സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനായിരുന്നു ഈ സബ് കമ്മിറ്റിയുടെ ചുമതല. മറ്റ് രണ്ട് പ്രാദേശിക നേതാക്കളും ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരനും ഉള്‍പ്പെടുന്നതായിരുന്നു സബ് കമ്മിറ്റി.
ബിനാമി വായ്പകളുടെ ഫയലുകള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പോലും വെക്കാറില്ല. പാര്‍ട്ടി പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കല്‍ മാത്രമായിരുന്നു തങ്ങള്‍ ചെയ്തിരുന്നതെന്ന് ഭരണസമിതിയംഗങ്ങള്‍ മൊഴി നല്കിയിട്ടുണ്ട്. സി.കെ. ചന്ദ്രനെയും മറ്റ് നേതാക്കളെയും ചോദ്യം ചെയ്താലേ വ്യാജ മേല്‍വിലാസത്തില്‍ പണം നല്‍കിയത് ആര്‍ക്കൊക്കെയെന്ന് വ്യക്തമാവുകയുള്ളൂ.
അതിനിടെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ പലവട്ടം വാക്കു നല്കിയിട്ടും ഒന്നും നടക്കുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: