വടക്കന്‍ കരോലിന: സൂപ്പര്‍ താരം ലയണല്‍ മെസി മുഴുനീള മത്സരം കളിച്ചിട്ടും പരാജിതരായി ഇന്റര്‍ മയാമി. മെസിയെയും കൂട്ടരെയും എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ചാര്‍ലോറ്റി മേജര്‍ ലീഗ് സോക്കര്‍(എംഎല്‍എസ്) പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി.
വടക്കന്‍ കരോലിനയിലുള്ള ചാര്ലോറ്റിയുടെ ഹോം മൈതാനത്തായിരുന്നു മത്സരം. സ്റ്റേഡിയം കപ്പാസിറ്റിയുടെ 90 ശതമാനത്തോളം കാണികള്‍ നിറഞ്ഞുനില്ക്കെ മയാമി ആവും വിധം ശ്രമിച്ചെങ്കിലും കളിയുടെ തുടക്കത്തിലേ വഴങ്ങിയ ഗോളിന് പകരം കണ്ടെത്താനാകാതെ കീഴടങ്ങേണ്ടിവന്നു.
സൂപ്പര്‍ താരത്തിന്റെ കാലുകളില്‍ നിന്ന് മൂന്ന് വട്ടം ചാര്‍ലോറ്റിയെ വിറപ്പിക്കുന്ന ഷോട്ടുകളുതിര്ന്നു. ആദ്യ പകുതിക്ക് പിന്നാലെ കളിക്ക് 49 മിനിറ്റായപ്പോള്‍ മെസി ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് വിധിച്ചു. 62-ാം മിനിറ്റില്‍ ഗോളെന്നുറച്ച മറ്റൊരു ഉഗ്രന്‍ ഷോട്ട് താരം തൊടുത്തു. പക്ഷെ ക്രോസ് ബാര്‍ വില്ലനായി.
കളിയുടെ 13-ാം മിനിറ്റില്‍ കൊളംബിയന്‍ താരം കെര്‍വിന്‍ വാര്ഗസിലൂടെയാണ് ചാര്‍ലോറ്റി വിജയഗോള്‍ നേടിയത്. മയാമിക്കായ് മെസി ബൂട്ടുകെട്ടിയ 14-ാം മത്സരമായിരുന്നു ഇന്നലത്തേത്. ഇത്രയും കളികളില്‍ നിന്നും ഇതുവരെ 11 ഗോളുകള്‍ നേടി. തോല്‍വി അറിയാത്ത തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ക്ക് ശേഷമാണ് മയാമി ഇന്നലെ പരാജിതരായത്. മെസി ടീമിലെത്തിയ ശേഷം മയാമി വന്‍ കുതിപ്പാണ് നടത്തിവന്നത്. ക്ലബ്ബ് രൂപീകരിച്ച ശേഷം ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാന കിരീടവും നേടി. ഇക്കഴിഞ്ഞ ആഗസ്റ്റ് 20ന് ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലെയെ തോല്‍പ്പിച്ചായിരുന്നു പ്രഥമ കിരീടനേട്ടം. മെസിയുടെ മികവിലായിരുന്നു ക്ലബ്ബിന്റെ ചരിത്രനേട്ടം. മെസിക്കൊപ്പം പുതിയ സീസണില്‍ ബാഴ്സ മുന്‍ താരങ്ങളായ ജോര്‍ദി ആല്‍ബ, സെര്‍ജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയവരും മയാമിയിലേക്കെത്തിയിരുന്നു.
തകര്‍പ്പന്‍ വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് മെസിയും ആല്‍ബയും പരിക്കിന്റെ പിടിയിലായി കുറച്ച് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നത്. അപ്പോഴാണ് മയാമി വീണ്ടും പരാജയത്തിന്റെ ചൂടറിഞ്ഞത്. മെസിയുടെ കരുത്തില്‍ യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ വരെ എത്തിയ ടീം കലാശപ്പോരാട്ടത്തില്‍ ഹൂസ്റ്റണ്‍ ഡൈനാമോയ്ക്കെതിരെ പരാജയപ്പെട്ടു. അതിന്റെ വിഷമതകള്‍ വിട്ടുമാറാത്ത പോലെയാണ് മയാമി ടീം ഇപ്പോഴും കളി തുടരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ മെസി ഇന്നലെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആദ്യമായി മുഴുനീള മത്സരത്തിനിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: