ടെല്‍ അവീവ്: ഹമാസിനെതിരെ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. വടക്കന്‍ ഗാസയിലുള്ളര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം. അവശേഷിക്കുന്നവരെ ഹമാസായി കണക്കാക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിനു പിന്നാലെ വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ലഘുരേഖകള്‍ വിതറി. ലബനന്‍ അതിര്‍ത്തിയിലും യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളത്.
ഹിസ്ബുള്ളയ്‌ക്കെതിരെയും ആക്രമണം തുടരുകയാണ്. ഹിസ്ബുള്ള ലബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. ഗുരുതരമായ അപകടമാണിത്. ഇതില്‍ നിന്ന് നേട്ടമൊന്നുമുണ്ടാകില്ല. പക്ഷേ നഷ്ടങ്ങളേറെയുണ്ടാകും. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നത്. അവര്‍ സാഹചര്യം വഷളാക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് തുടരെ മിസൈലാക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. കൂടാതെ പ്രത്യാക്രമണവും ശക്തമാക്കി. ഗാസയിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. വീടുകള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റാക്രമണവുമുണ്ടായി. ഗാസ മുനമ്പില്‍ കടന്നാല്‍ അതിന് ഇസ്രായേല്‍ കനത്ത വില നല്‌കേണ്ടി വരുമെന്ന് ഹിസ്ബുള്ള അറിയിച്ചു. കൂടാതെ ഇസ്രായേലിന്റെ ആളില്ലാവിമാനത്തിനു നേരെ ഹിസ്ബുള്ള മി സൈല്‍ തൊടുത്തു. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യമ്പിലുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഇസ്രായേലാണ് ഇതിന് പിന്നിലെന്ന് പാലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ഇസ്രായേല്‍ അതിര്‍ത്തിക്കു സമീപത്തുള്ള നര്‍ ഷാംസ് ക്യമ്പിലാണ് ആക്രമണമുണ്ടായത്.
കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ ഹമാസിന്റെ മേഖലകളില്‍ ഇസ്രായേല്‍ വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പു നല്കി. ഇസ്രായേല്‍ സൈനികര്‍ക്ക് ആളപായം ഉണ്ടാകുന്നതു കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം ശക്തമാക്കുന്നതെന്ന് ഐഡിഎഫ് വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ബോംബാക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണെന്നും ഗാസയില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ സജീവമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജേദ് അല്‍ അന്‍സാരി അറിയിച്ചു. ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ ബന്ദികളെ ഉടന്‍ മോചിപ്പിക്കും. ഇതിനുള്ള ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍, ബന്ദികളാക്കിയ രണ്ട് അമേരിക്കന്‍ പൗരരെ ഹമാസ് വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: