ഭാരതത്തിന്റെ ദേശീയത ഒരു രാജ്യത്തോട് പൗരന്മാര്ക്കു തോന്നുന്ന സാധാരണ വികാരമല്ല. അത് ഏറ്റവും പുരാതനവും ഉത്തമവുമായ ഒരു സംസ്കാരവുമായി ലയിച്ചുകിടക്കുന്നതാണ്. ഈ സംസ്കാരമാവട്ടെ ലോകമംഗളകാരിയും ജീവരാശിയെ മുഴുവന്‍ ഉള്ക്കൊള്ളുന്നതുമാകയാല് സ്ഥലകാല സീമകള്‍ക്കും മേലെ നിലനിന്നുകൊണ്ട് ജീവന് ലക്ഷ്യബോധം പ്രദാനം ചെയ്യുന്നു. ഈ സംസ്കാരം ഒരേസമയം ദേശീയ വികാരവും സാര്‍വ്വദേശീയ വീക്ഷണവും കരുതലും ഉള്‍ച്ചേര്‍ന്ന ഒന്നാകുന്നു. ശ്രുതിയും അതിനെ അവലംബിച്ചുള്ള പുരാണേതിഹാസങ്ങളും പ്രമാണങ്ങളാക്കിയ ജീവിതചര്യയാണല്ലോ ഹൈന്ദവ ധര്‍മ്മം. അതിനാല്‍ ഹൈന്ദവ ധര്‍മ്മവും ഭാരത ദേശീയതയുമായി ഒത്തുചേരുന്നു. ഇതേ ദേശീയതയാണ് നമ്മുടെ വിഖ്യാതരായിട്ടുള്ള പല കവികളുടെയും ഭാവനാവൈഭവത്തിലൂടെയും വാങ്മയങ്ങളിലൂടെയും നിറഞ്ഞുകവിഞ്ഞൊഴുകിയത്. ഇവരില്‍ പ്രമുഖനായിരുന്നു സ്നേഹഗായകനായ കുമാരനാശാന്.
കേരളത്തിനു പുറത്ത് ആശാന് സഞ്ചരിച്ചിട്ടുള്ളത് തമിഴ്നാട്ടിലും കര്‍ണാടകയിലും ബംഗാളിലും മാത്രമാണ്. സംസ്കൃത പഠനത്തിനായി ബെംഗളൂരുവിലും കൊല്‍ക്കത്തയിലും താമസിച്ചിട്ടുണ്ട്. എന്നാല്‍ യാത്രയുടേതായ ഈ പരിമിതികളെ അതിവര്‍ത്തിക്കുന്നതാണ് ഭാരതത്തിന്റെ വിശാലതയെക്കുറിച്ചുള്ള ആശാന് കവിതകളിലെ വര്‍ണനകള്‍. ഉപഭൂഖണ്ഡത്തിലെ ഒന്നിനൊന്ന് വ്യത്യസ്തമായ ഭൂപ്രകൃതികള്‍, കാലാവസ്ഥയിലെ മാറ്റങ്ങള്‍, ജനജീവിതം, വനഭംഗികള്‍, പൂക്കള്‍, പര്‍വതങ്ങള്‍, നദികള്‍, താഴ്വാരങ്ങള്‍, ജന്തുജാലങ്ങള്‍ എന്നിവയിലൂടെയെല്ലാം ആശാന്റെ മനസ്സും തൂലികയും സ്വച്ഛന്ദവിഹാരം നടത്തുന്നു. ഭാരതത്തിലെമ്പാടും സഞ്ചരിച്ചിട്ടുള്ളതുപോലെയാണ് ഓരോയിടത്തെക്കുറിച്ചും ആശാന് സവിശേഷമായി വര്‍ണിക്കുന്നത്. ഭാരത സംസ്കാരത്തോടു മാത്രമല്ല, അത് ഉയിര്കൊണ്ട് വികാസം പ്രാപി
ച്ച നാടിനോടും ആശാന് തീവ്രമായ ആഭിമുഖ്യമായിരുന്നു.
നളിനി എന്ന കാവ്യത്തില്‍ നായകനായ ദിവാകര യോഗിയെ ആശാന് അവതരിപ്പിക്കുന്നതു തന്നെ ഓരോ ഭാരതീയ മനസ്സിലും നിറഞ്ഞുനില്ക്കുന്ന ഹിമവാന്റെ പശ്ചാത്തലത്തിലാണ്.
”നല്ല ഹൈമവത ഭൂവില്‍-ഏറെയായ്
കൊല്ലം-അങ്ങൊരുവിഭാതവേളയില്
ഉല്ലസിച്ചു യുവയോഗി യേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.”
ഹിമവാന്റെ മടത്തട്ടിലെ ഭൂപ്രകൃതിയില്‍ ദിവാകരയോഗി കാണുന്ന കാഴ്ചകളും ആശാന് കണ്മുന്നിലെന്നപോലെ രേഖപ്പെടുത്തുന്നു.
”ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.”
ലീലയിലെ നായികയെ ആദ്യം കാണുന്നത് വിദിത മഹീധര സാനുഭൂമിയിലാണ്. വസന്തകാല രാത്രിയില്‍ ഉദയപുരത്തിനു സമീപമുള്ള ഒരു രമ്യഹര്‍മ്യത്തിന്റെ പൂന്തോട്ടത്തില്‍ മോഹാലസ്യപ്പെട്ടു കിടക്കുകയാണവള്‍.
”ഉദയപുരമതിന്നുപാന്തമായ്
വിദിത മഹീധര സാനുഭൂമിയില്
സദന സുമ വനത്തിലൊന്നിലു-
ന്മദമരുളും മധുമാസ രാത്രിയില്‍
വിലസി നറുനിലാവെഴും ലതാ-
വലയമിയന്ന നിലത്തൊരോമലാള്‍
വിലയവിവശമേനി, വീണപൂ-
ങ്കുലയതുപോലെ കിടന്നിതേകയായ്.”
വിന്ധ്യാതടത്തിലെ വനാന്തരത്തില്‍ അലഞ്ഞുനടക്കുന്ന മദനനെത്തേടിയാണ് പിന്നീട് ലീലയെത്തുന്നതും. മധ്യഭാരതത്തിലൂടെ ഒഴുകി കടലില്‍ പതിക്കുന്ന നര്‍മദാ നദീതീരത്തെ ഹരിതാഭവും വിസ്തൃതവുമായ വനാന്തരങ്ങളെക്കുറിച്ച് കവി പറയുന്നത് ഇങ്ങനെയാണ്:
”പരിണാഹമെഴും മഹാവനം
ഹരിതാഭം തടവുന്നു സാനുമാന്‍
പരപാര്ശ്വമതില് ചരിപ്പു സ-
സ്വര ‘രേവാ’നദി സാഗരോന്മുഖി.”
മദനനെത്തേടി അലയുമ്പോഴും വിവിധ ഭാഷകളും വേഷങ്ങളുമൊക്കെയുള്ള ജനങ്ങളെ കാണുന്ന നളിനി ഒരു വേള സന്തോഷവതിയാവുന്നുമുണ്ട്.
”പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകള്‍
പലതുമിതു കണക്കണഞ്ഞുക-
ണ്ട, ലമവള്‍ മോദമാര്ന്നുബോധവും”
ഉത്തരമഥുരാപുരിയില്‍ യമുനയുടെ തീരത്തു വസിക്കുന്നവളാണ് ‘കരുണ’യിലെ നായികയായ വാസവദത്ത. അവളുടെ പ്രൗഢിയെക്കുറിച്ച് പറയുമ്പോഴും ആശാന് ഭൂപരമായ സ്ഥാനനിര്‍ണയം നടത്തുകയും, അവിടുത്തെ വാസ്തുശില്‍പ്പ മാതൃകയെപ്പോലും പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
”ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥിതന്‍ കിഴക്കരികില്‍,
കാളിമകാളും നഭസ്സെയുമ്മവെക്കും വെണ്മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലര്‍മുറ്റത്തില്‍,
വ്യാളീമുഖം വച്ചുതീര്‍ത്ത വളഞ്ഞ വാതിലാര്‍ന്നക-
ത്താളിരുന്നാല്‍ കാണും ചെറുമതിലിനുള്ളില്‍” ആണ് വാസവദത്തയുള്ളത്. ഇവിടെയിരുന്ന് നോക്കിയാല്‍ ”അഴകോടന്നഗരത്തില്‍ തെക്കുകിഴക്കതുവഴിയൊഴുകും യമുനതന്റെ പുളിനം കാണാം” എന്നും കവി അറിയിക്കുന്നു. ”യമുനയിലിളം കാറ്റു തിരതല്ലി ശാഖ ചലി- ച്ചമരസല്ലാപം കേള്ക്കാമരയാലിന്മേല്;” എന്നും പറയുന്നുണ്ട്.
‘ചണ്ഡാലഭിക്ഷുകി’യിലെത്തുമ്പോള്‍ സ്ഥലരാശി കൂടുതല്‍ തെളിയുന്നതു കാണാം. ഇന്നത്തെ ഉത്തര്‍പ്രദേശിലെ കോസല രാജ്യത്തിന്റെ തലസ്ഥാനവും, ബോധോദയത്തിനു
ശേഷം ബുദ്ധന് ഏറെക്കാലം തങ്ങുകയും ചെയ്ത ശ്രാവസ്തിയിലാണ് നായികാനായകന്മാരായ മാതംഗിയും ആനന്ദ ഭിക്ഷുവും കണ്ടുമുട്ടുന്നത്.
”പണ്ടുത്തരഹിന്തുസ്ഥാനത്തില് വന്‍പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്- വെയില്
കൊണ്ടെങ്ങും വാകകള്‍ പൂക്കും നാളില്‍
ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തില്‍” ആണ് ചണ്ഡാലപുത്രിയും ഭിക്ഷുവും പരസ്പരം കാണുന്നതും, ദാഹജലം ചോദിക്കാനിടവരുന്നതും.
1950 ലാണ് ഉത്തര്‍പ്രദേശ് സംസ്ഥാനം നിലവില്‍ വന്നത്. അതിനും മൂന്ന് പതിറ്റാണ്ടു മുന്‍പ് അവിടം കേരളീയനായ ആശാന് ഉത്തര ഹിന്ദുസ്ഥാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്.
അയോധ്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ആശാന് ‘ചിന്താവിഷ്ടയായ സീത’ ആരംഭിക്കുന്നതു തന്നെ.
”സുതര്‍ മാമുനിയോടയോധ്യയില്‍
ഗതരായോരളവന്നൊരന്തിയില്‍
അതിചിന്ത വഹിച്ചു സീതപോയ്
സ്ഥിതി ചെയ്താളുടജാന്ത വാടിയില്‍.”
ദുഃഖിതയായ സീത ഒരന്തിനേരത്താണ് വാല്മീകിയുടെ ആശ്രമത്തിലെത്തുന്നത്. അവിടെ പ്രകൃതി തന്നെ അവളെ വരവേല്‍ക്കുകയാണ്.
”അരിയോരണി പന്തലായ് സതി-
ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍;
ഹരിനീല തൃണങ്ങള്‍ കീഴിരു-
ന്നരുളും പട്ടുവിരിപ്പുമായിതു.”
തമസാനദിയുടെ ചിത്രവും ആശാന് വരച്ചിടുന്നുണ്ട്. തമസാ നദിയുടെ തീരത്തായിരുന്നല്ലോ വാല്മീകിയുടെ ആശ്രമം.
”പുളകങ്ങള്‍ കയത്തിലാമ്പലാല്‍
തെളിയിക്കും തമസാസമീരനില്‍
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.”
സംസ്കാരത്തിന്റെ
കാവലാള്‍
കുമാരനാശാന്റെ കാവ്യധര്‍മത്തെയും ഭാരതീയമെന്നും ഹൈന്ദവമെന്നും അസന്ദിഗ്ധമായി വിശേഷിപ്പിക്കാം. ചിലരുടെ അഭിപ്രായത്തില്‍ കുമാരനാശാന് ദുരവസ്ഥ, കരുണ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത മുതലായ കൃതികളിലൂടെ ഹൈന്ദവ ധര്‍മ്മത്തെ പഴിപറയുകയും, ബൗദ്ധ ധര്‍മ്മത്തെ പുല്കുകയും ചെയ്യുന്നുവെന്നാണ്. ഇത് തികച്ചും ഒരു തെറ്റിദ്ധാരണയാണ്. ആശാന് തന്റെ കൃതികളില്‍ ശ്രുതിയെ പലപ്പോഴും സ്തുതിക്കുന്നുണ്ട്. അവയുടെ അന്തഃസത്തയില്‍ നിന്നു വ്യതിചലിച്ചു ജീവിക്കുന്നവരെയാണ് പഴിക്കുന്നത്. ഹൈന്ദവ ധര്‍മ്മത്തില്‍ ചില കാലങ്ങളില്‍ പറ്റിക്കൂടാറുള്ള ബാധകളെ പുറത്താക്കി വെടിപ്പാക്കുന്ന ഉച്ചാടന കര്‍മ്മങ്ങളും നടക്കാറുണ്ട്. ഹൈന്ദവാചാര്യന്മാരും ഉള്‍ക്കാഴ്ചയുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളും കവികളും ഇതില്‍ പങ്കാളികളാകുന്നു. ഈ ഉച്ചാടന കര്‍മ്മം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ വിളിച്ചുപറയുന്നു. ഹൈന്ദവ ധര്‍മ്മം ഒരു സംസ്കാരമാണ്. അത് വെറുതെ വിശ്വസിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നവരാണ് ഭൂരിപക്ഷമെങ്കിലും തെറ്റായി വ്യാഖ്യാനി
ക്കുന്നവരുമുണ്ടാകും. ഇത്തരം ദോഷങ്ങള്‍ നിര്‍മ്മാര്‍ജ്ജനം
ചെയ്ത് പരിശുദ്ധി നിലനിര്‍ത്താന്‍ നടത്തുന്ന ഹൈന്ദവമായ പരിശ്രമമാണ് ഭാരതത്തില്‍ ‘നവോത്ഥാനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഴയതെല്ലാം വലിച്ചെറിഞ്ഞ് പു
തിയ ജീവിതശൈലി ആര്‍ജ്ജിക്കുകയെന്നതല്ല, പഴയതിനെ കാലാനുസൃതം നവീകരിക്കുന്നതാണ് ഭാരതീയരുടെ നവോത്ഥാനം. കാരണം സത്യവും സനാതനവുമായ ഹൈന്ദവ ധര്‍മ്മം കാലഹരണപ്പെടേണ്ടതല്ല. വായുവും ഭക്ഷണവും ആഹരിക്കുന്നതു പഴഞ്ചനെന്നു കരുതി അവയ്ക്കു വിരാമമിടാന്‍ ജീവിവര്‍ഗങ്ങള്‍ തുനിയുമോ?
ഇപ്രകാരം മനസ്സിനെ ഊട്ടിവളര്‍ത്തുന്ന സത്യധര്‍മ്മാദി സംസ്കാരം കൂടാതെ ഭാരതീയന് നിലനില്‍പ്പില്ല. വേദത്തിലെ കര്‍മ്മകാണ്ഡത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരുന്നതു കാരണമാണ് ബുദ്ധന് വൈദിക ധര്‍മ്മത്തെ വിമര്‍ശിച്ചത്. എന്നാല്‍ ബൗദ്ധ ധര്‍മ്മത്തിന്റെ കാതല്‍ വൈദിക ദര്‍ശനംതന്നെയാണ്. അതിനാലാണല്ലോ ബുദ്ധന് ആര്യസത്യങ്ങള്‍ ഉദ്ഘോഷിച്ചതും, ബുദ്ധമതത്തെ ഒരന്യമതമായി കരുതാതെ ഹൈന്ദവ ദര്‍ശനങ്ങളില്‍ ഒന്നായി ഹൈന്ദവാചാര്യന്മാര് അംഗീകരിച്ചിട്ടുള്ളതും. ശ്രീശങ്കരന് അദൈ്വത ദര്‍ശനം പ്രചരിപ്പിച്ചതിനു പിന്നിലും ഇപ്രകാരമൊരു ലക്ഷ്യമുണ്ടായിരുന്നു. കര്‍മ്മത്തെ അപേക്ഷിച്ച് ജ്ഞാനത്തിനു പ്രാമുഖ്യം നല്കാന് ശങ്കരന് ശ്രമിച്ചത് വൈദിക കര്‍മ്മത്തെ സ്വാര്‍ത്ഥമോഹികളായ ചില പുരോഹിതന്മാര് ദുരുപയോഗം ചെയ്തത് തിരുത്താനാണ്.
കുമാരനാശാന് ജാതിചിന്തയെ ചോദ്യം ചെയ്യുന്നതും, ബൗദ്ധചിന്തയിലെ നല്ലവശങ്ങള്‍ മാതൃകയായി അവതരിപ്പിക്കുന്നതും ഭാരതീയ സംസ്കാരത്തിന്റെ സാരം നിലനിര്‍ത്താനുള്ള പരിശ്രമമാണെന്ന് ആശാന്റെ കൃതികള്‍ വ്യക്തമാക്കുന്നു. ഭൂമിയില്‍ ഹൈന്ദവര്‍ക്കു മാത്രം വിധിച്ചിട്ടുള്ള സ്വാതന്ത്ര്യമാണിത്. സ്വന്തം മതത്തില്‍ ഇടക്കിടെ കടന്നുകയറാറുള്ള കളകളെ പറിച്ചുകളയാന്‍ അവര്‍ക്ക് ആരുടെയും അനുമതിവേണ്ട. ഈ സ്വാതന്ത്ര്യം സ്തുത്യര്‍ഹമായി വിനിയോഗിച്ച നവോത്ഥാന നായകന്മാരില് ഒരാളാണ് കുമാരനാശാന്.
ഹിന്ദുധര്‍മത്തിന്റെ
മാനിഫെസ്റ്റോ
ആശാന്റെ ദേശീയത ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളാകുന്ന വേദോപനിഷത്തുക്കളോടുള്ള കവിയുടെ നിര്‍ലോഭമായ കൂറും അഭിനിവേശവും വ്യക്തമാക്കുന്നുണ്ട്. ‘ദുരവസ്ഥ’യില്‍ ജാത്യാചാരത്തെ പഴിക്കുമ്പോഴും ഈ ദേശത്തിന്റെ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുകയാണു ചെയ്യുന്നത്:
”തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍ ഭാരതാംബേ
താണുകിടക്കുന്നു നിന് കുക്ഷിയില്‍ ചാണ-
കാണാതെയാറേഴുകോടിയിന്നും”
”എന്തിനു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാന്‍ ദരിദ്രയോ നീ?
ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാല്‍ നിന്
ചിന്തിതം സാധിച്ചു രത്നഗര്‍ഭേ!”
”ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതി വാഴ്ത്തീടുന്നു വേദം നാലും
വൈദിക മാനികള്‍ മര്‍ത്ത്യരില്‍ ഭേദവും
ഭേദത്തില്‍ ഭേദവും ജല്‍പ്പിക്കുന്നു!”
ആത്മരോഷം പ്രകടിപ്പിക്കുമ്പോഴും ജാത്യാചാരത്തിന്റെ പേരില്‍ ഭാരതീയ സംസ്കാരത്തെ ആക്ഷേപിക്കുകയായിരുന്നില്ല കവിയുടെ ലക്ഷ്യമെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. ഭേദങ്ങളെയൊക്കെയും നിരാകരിക്കുന്ന വൈദികസാരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഭേദമുറപ്പിക്കുന്ന ‘വൈദിക മാനികളുടെ’ നേര്‍ക്കാണ് ആശാന് വിരല്‍ചൂണ്ടുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് ദുരവസ്ഥയെന്ന കവിതയിലെ മുഖ്യ പ്രമേയമാകുന്ന 1921 ലെ മാപ്പിള ലഹള.
ജാതിവ്യവസ്ഥയിലെ അനാചാരങ്ങള്‍ തുടച്ചുനീക്കി ഹൈന്ദവര്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ വരാനിരിക്കുന്ന ആപത്തിനെപ്പറ്റിയുള്ള ആശങ്കയാണ് കാവ്യത്തില്‍ സ്പഷ്ടമാകുന്നത്. മാപ്പിള ലഹളയ്ക്കു കാരണം ഹൈന്ദവരുടെ ഐക്യമില്ലായ്മയും, ശ്രുതിസാരത്തില് നിന്നുള്ള വ്യതിചലനവുമാണെന്ന കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കവിയെ സ്വന്തം ധര്‍മ്മത്തെ ഇകഴ്ത്തുന്നയാളായി ചിത്രീകരിക്കുന്ന ഭോഷ്കാണ് ഇന്നു ചില വ്യാഖ്യാതാക്കളില്‍ കണ്ടുവരുന്നത്. ഹിന്ദു സമുദായം അതിപുരാതനമായ ഒരു നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നും, എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണെന്നും, ആപത്തിനെക്കാള്‍ വലിയ അധ്യാപകനില്ലാത്തതിനാല്‍ മാപ്പിള ലഹളയെന്ന മഹാവിപത്തിന്റെ ഓര്‍മ്മ ഹൈന്ദവ സമൂഹത്തിന്റെ പുനഃസംഘടനയ്ക്ക് പ്രേരകമാകത്തക്കവണ്ണം നിലനില്‍ക്കണമെന്നുമാണ് ‘ദുരവസ്ഥ’ കൊണ്ടുദ്ദേശിക്കുന്നതെന്ന് ആശാന് തന്നെ ആ കവിതയുടെ മുഖവുരയില്‍ പറയുന്നുണ്ട്.
‘ചണ്ഡാലഭിക്ഷുകി’യിലാവട്ടെ ബൗദ്ധ ധര്‍മ്മത്തെ മാതൃകയാക്കി ജാതിവ്യവസ്ഥയിലുണ്ടായ ദോഷവശത്തെ ദൂരീകരിക്കാന്‍ ശ്രമിക്കുമ്പോഴും കവി സ്പഷ്ടമാക്കുന്നത് ശ്രുതിയില്‍ ചില ഉദരംഭരികള്‍ അവരുടെ സ്വാര്‍ത്ഥലാഭത്തിനായി വ്യര്‍ത്ഥമായ ചില അര്‍ത്ഥങ്ങള്‍ കയറ്റിയിട്ടുണ്ടെന്നും, അവ പരിഗണിക്കേണ്ടതില്ലെന്നുമാണ്. ഉത്തരേന്ത്യയിലെ ശ്രാവസ്തിക്കടുത്തുള്ള ഒരു ബൗദ്ധ മഠത്തില്‍ ഒരു ചണ്ഡാല സ്ത്രീയെ ഭിക്ഷുണിയായി സ്വീകരിച്ചത് രസിക്കാതെ ആ സ്ഥലത്തുള്ള ബ്രാഹ്മണരും ക്ഷത്രിയരും രാജാവായ പ്രസേനജിത്തിനോടു പരാതി പറയുന്നു. അദ്ദേഹം അവിടത്തെ മുതിര്‍ന്ന ഭിക്ഷുവായ ആനന്ദനെ സമീപിക്കുന്ന വേളയില്‍ ആ ഭിക്ഷു രാജാവിനെ ഉപദേശിക്കുന്നത് ഇപ്രകാരമാണ്:
”സത്യധര്‍മ്മങ്ങള്‍ക്കെതിരാം ശാസ്ത്രം
ശ്രദ്ധിയായ്കങ്ങു നൃപതേ!
അര്‍ത്ഥപ്രവചനം ചെയ്യാ-മതില്
വ്യര്‍ത്ഥമുദരംഭരികള്‍
ഇന്നലെ ചെയ്തോരബദ്ധം-മൂഢ-
ര്‍ക്കിന്നത്തെയാചാരമാവാം;
നാളത്തെ ശാസ്ത്രമതാവാം-അതില്‍
മൂളായ്ക സമ്മതം രാജന്.”
ഭഗവദ്ഗീതയും ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. വേദങ്ങളുടെ കര്‍മ്മകാണ്ഡത്തില്‍ ഭൗതികപരവും സ്വര്‍ഗ്ഗീയവുമായ സുഖഭോഗങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കര്‍മ്മങ്ങളില്‍ ആസക്തരാകുന്നവര് അല്പ്പബുദ്ധികളാണെന്നു ഗീത പറയുന്നു:
യാമിമാം പുഷ്പിതാം വാചം
പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ
നാന്യദസ്തീതി വാദിനഃ
കാമാത്മാനഃ സ്വര്ഗപര
ജന്മകര്‍മ്മ ഫലപ്രദം
ക്രിയാ വിശേഷ ബഹുലാം
ഭോഗൈശ്വര്യഗതിം പ്രതി.
(അധ്യാ: 2,42-43)
ശ്രുതിസ്മൃതികളുടെ
വേര്‍തിരിവുകള്‍
‘ചിന്താവിഷ്ടയായ സീത’യില്‍ ശംബൂകനെന്ന ശൂദ്രതപസ്വിയെ രാമന് വധിച്ചതിനെ ആശാന് അപലപിക്കുമ്പോഴും അധഃസ്ഥിതരോട് അവജ്ഞ കാട്ടുന്ന ശ്രുതി വ്യാഖ്യാനത്തെയാണ് പഴിക്കുന്നത്. ഭേദവശാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ശ്രുതിയില്‍ മയങ്ങിയാണോ രാമന് ഇതു ചെയ്തതെന്ന് സീത സന്ദേഹിക്കുന്നതായിട്ടാണ് കവി ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്:
അരുതോര്‍ക്കില്‍, നൃപന് വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കില്‍ മയക്കി ഭൂപനെ-
തരുണീപാദ ജഗര്‍ഹിണീ ശ്രുതി!
ഇവിടെ ആശാന് വൈദിക പാരമ്പര്യത്തെയല്ല പഴിക്കുന്നതെന്ന് ഇതേ കൃതിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സീതയുടെ വികാരവിക്ഷോഭങ്ങള്‍ വരച്ചുകാട്ടുന്നതോടൊപ്പം കളങ്കമേശാത്ത മുനിഹൃദയത്തെയും, എരിയുന്ന ഹൃദയങ്ങള്‍ക്ക് കുളിര്‍മ്മ പകരുന്ന തപോവനങ്ങളുടെ ശാന്തിനിര്ഭരതയെയും, തപസ്വിനികളുടെ നിസ്തുല സേവനത്തെയും വര്‍ണ്ണിക്കാന്‍ കൂടി കവി തയ്യാറാവുന്നു. ഇതിനു കാരണവും ഭാരതീയ പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ ആദരവ് തന്നെയാണ്. ഋഷിപത്നിമാരെക്കുറിച്ചുള്ള ആശാന്റെ ചിന്തകള്‍ ഇതു വ്യക്തമാക്കുന്നു:
”മഹിയില്‍ ശ്രുതിപോലെ മാന്യമാര്,
പ്രയതാത്മാക്കളൃഷി പ്രസൂതിമാര്‍,
വിഹിതാവിഹിതങ്ങള്‍ കാട്ടുവോര്‍
സ്വയമാചാര നിദര്‍ശനങ്ങളാല്‍.”
”ഇതിഹാസ പുരാണ സല്ക്കഥാ-
ശ്രുതിയാല്‍ ജീവിതഭൂ നനച്ചിവര്‍
ചിതമായരുളുന്നു ചേതനാ-
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ.”
ശ്രുതി സ്മൃതികള്‍ നിലനില്‍ക്കുന്നത് അവയുടെ ശരിയായിട്ടുള്ള ആചരണത്തിലൂടെയാണെന്ന വാസ്തവവും കവി കുറിക്കുന്നുണ്ട്:
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവന ശീലമോലുമി-
സ്സതിമാര്‍ വാണിടുമൂഴി ധന്യമാം.
ചുരുക്കിപ്പറഞ്ഞാല്‍ ഭാരതത്തിന്റെ സമ്പല്‍ സമൃദ്ധിയും മഹത്വവും വേണ്ട വിധം വിളങ്ങണമെങ്കില്‍ ഭാരതീയ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെയും, ഹൈന്ദവ ജനത ഐക്യം പ്രാപിച്ചുനില്ക്കേണ്ടതിന്റെയും ആവശ്യകതയാണ് ആശാന് എടുത്തുകാട്ടുന്നത്. ഭാരതാംബയെ രത്നഗര്ഭയായിട്ടു മാത്രമല്ല, ഉത്തമ സംസ്കാരഗര്ഭയായിട്ടുകൂടിയാണ് ആശാന് ആദരിക്കുന്നത്. ഭാരതീയരുടെ ദേശീയ വികാരത്തിന്റെ ഉത്തമ ഭാഷ്യം ഇവിടെ ദര്‍ശിക്കാന്‍ സാധിക്കുന്നു. ജനകോടികളുടെ ഹൃദയത്തില്‍ മഹത്തായ സ്ഥാനം നേടി എക്കാലത്തും ഭാരതം വിലസുന്നത് അവള് ജീവിവര്‍ഗ്ഗത്തിന്റെ ഏകസത്തയെ ഉറപ്പിക്കുന്ന സംസ്കാരം ലോകര്‍ക്കു മുഴുവന്‍ പ്രദാനം ചെയ്തു കൊണ്ടിരിക്കുന്നതിനാലാണ്. ഇതിനാലാണ് ജാതിവ്യവസ്ഥ മൂലമുണ്ടായ വൈകൃതത്തെ വിചിത്രമായി കവി കാണുന്നത്. ഇത് ദൂരീകരിക്കാനുതകും വിധത്തിലുള്ള ഉദ്ബോധനമുള്‍ക്കൊള്ളുന്ന കൃതികളാണ് ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത മുതലായവ.
കാവ്യങ്ങളുടെ ഇതിവൃത്തങ്ങളും രചനാരീതികളും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കുമ്പോഴും ഓരോന്നിലും ഭാരതം എന്ന വികാരം ആവിഷ്കരിച്ച് ലാവണ്യാനുഭൂതി പകരുകയാണ് കുമാരനാശാന് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: