Categories: Literature

അടഞ്ഞുകിടക്കുന്ന വീട്

Published by

രാവിലെ തന്നെ വല്ലാതെ ബോറടിച്ചു. എന്തു ചെയ്യണമെന്നറിയാതെ കുറച്ചുനേരം ചെടികളെയും പൂക്കളെയും നോക്കി നിന്നു. മുന്‍പ് ഒട്ടേറെ പൂച്ചകളുണ്ടായിരുന്നു. ശല്യം സഹിക്കവയ്യാഞ്ഞ് എല്ലാറ്റിനെയും പിടിച്ച് ചാക്കിലാക്കി ഒരു ഓട്ടോയില്‍ കയറ്റി രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളില്‍ കൊണ്ടാക്കി. ഒരു കറുത്ത പൂച്ചയും നാലു മുതിര്‍ന്ന കുട്ടികളും. സ്‌കൂള്‍ പരിസരത്ത് സുഖമായി ഉറങ്ങാം. അവിടെ ഭക്ഷണമുണ്ടാകും. അടുത്തു വീടുകളുണ്ട്. എല്ലാംകൊണ്ടും അവര്‍ക്ക് സുഖമായി കഴിയാം. അത്രയൊക്കെ ചിന്തിച്ചുറപ്പിച്ചു.
ഒരു മുതിര്‍ന്ന ആണ്‍പൂച്ച കൂടി ഉണ്ടായിരുന്നു. അവനെ ഉപേഷിച്ചില്ല. അതീവ സൗന്ദര്യമുള്ള കണ്ണുകളായിരുന്നു അവന്റേത്. അവന്റെ കൗമാരത്തില്‍ ഏറെ നേരങ്ങള്‍ ഞാനാ കണ്ണുകളിലേക്കു നോക്കിയിരുന്നിട്ടുണ്ട്. അത് അത്ര ഭംഗിയുള്ളതും ആകര്‍ഷണീയവുമായിരുന്നു. പില്‍ക്കാലത്ത് പരിസരത്തുള്ള മറ്റൊരു ആണ്‍ പൂച്ചയുടെ നിരന്തരമായ ആക്രമണത്തിനു വിധേയമായി തലയിലും ദേഹത്തും നിറയെ മുറിവുകളുമായി വേദന തിന്ന് മുറിവുകള്‍ പഴുത്ത് അതിന്റെ ജീവിതം അവസാനിച്ചു. ഒടുവില്‍ വീട് മനുഷ്യരുടേതു മാത്രമായി.
ഒരു കാപ്പി കുടിക്കണമെന്നു തോന്നി. രാവിലെ ഒന്നു കുടിച്ചതാണ്. ഇപ്പോള്‍ നേരം പതിനൊന്നു മണി കഴിഞ്ഞു. പറമ്പില്‍ നിന്നും അമ്മയുടെ ഒച്ച കേള്‍ക്കാം. പണിക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ജോലി കഴിഞ്ഞു പോകും മുന്‍പ് അയാളെക്കൊണ്ട് തെങ്ങില്‍ നിന്നും കരിക്ക് ഇടുവിക്കണം എന്നു കരുതി. യു ട്യൂബില്‍ നോക്കി കരിക്കു പായസം ഉണ്ടാക്കണം. പാലും മധുരവും കൂടുതല്‍ ചേര്‍ത്ത് രുചിയേറിയ കാപ്പിയുണ്ടാക്കി. സിറ്റൗട്ടില്‍ വന്നിരുന്ന് ഇളം ചൂടോടെ ഊതിക്കുടിച്ചു.
വെറുതെ എങ്ങോട്ടെങ്കിലും ഇറങ്ങി നടക്കാന്‍ തോന്നി. എതിരെയുള്ള വീട്ടില്‍ പോയി കുറച്ചു നേരമിരിക്കാം എന്നു കരുതി. ഗേറ്റുതുറന്നിറങ്ങി റോഡു കുറുകെ കടന്നു. വാഹനങ്ങളൊന്നും കാണുന്നില്ല. വല്ല ഹര്‍ത്താലോ മറ്റോ ഉണ്ടോ? അറിയില്ല. കുറച്ചു പൊക്കത്തിലാണ് എതിര്‍ വീട്. ഗേറ്റ് അടഞ്ഞു കിടക്കുന്നു. അതുവഴി പടികള്‍ ചവിട്ടി കയറിയാലേ വീട്ടുമുറ്റത്തെത്തു.
നാലാള്‍ പൊക്കമുള്ള കരിങ്കല്‍ മതിലാണ്. ഒരു ഭാഗം എന്നോ മഴയത്ത് ഇടിഞ്ഞു വീണിട്ടുണ്ട്. അവിടം കാടു പിടിച്ചു കിടക്കുകയാണ്. വീട്ടുടമ ഇതേവരെ കാടു വെട്ടിത്തെളിക്കുകയോ മതില്‍ പുതുക്കിപ്പണിയുകയോ ചെയ്തിട്ടില്ല. മതിലിനു താഴെ മഴക്കാലത്ത് വെളളം ഒഴുകിപ്പോയ ചാലുണ്ട്. അതെല്ലാം കാടുമൂടിക്കിടക്കുകയാണ്. നിറയെ കീരികള്‍ അതിനുള്ളിലുണ്ട്. രാവിലെകളില്‍ ഒറ്റയ്‌ക്കും കുടുംബമായും പല വലിപ്പത്തിലുള്ള കീരികള്‍ അവിടന്നു ഇറങ്ങി വരാറുണ്ട്.
മതിലിനു മീതെ കൂടി ചെമ്പരത്തിയും തെറ്റിയും നിറമുള്ള ഇലകള്‍ ഉള്ള അലങ്കാരച്ചെടികളും കാടും പടര്‍പ്പുമൊക്കെ വളര്‍ന്നു മറിഞ്ഞിരുന്നു. അവയൊക്കെ വെട്ടിയൊതുക്കിയാല്‍ എത്ര ഭംഗിയാവും എന്നും തോന്നി. അത്തരം കാര്യങ്ങളില്‍ അവര്‍ വല്ലാത്ത അശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഒരു പക്ഷേ അത് എന്റെ വീക്ഷണമാകാം. ചെടികളെയും മറ്റും സ്വതന്ത്രമായി അവയ്‌ക്ക് ഇഷ്ടമുള്ളതു പോലെ വളരാന്‍ വിട്ട് അതില്‍ ആനന്ദം കണ്ടെത്തുന്നവരാകാം വീട്ടുടമ. ശരിക്കും അപ്പോഴാണ് ചെടികളും മരങ്ങളും സൗന്ദര്യമുള്ളവരാകുന്നത്. വെട്ടിയൊതുക്കിയാല്‍ മാത്രമേ അച്ചടക്കവും സൗന്ദര്യവും ഉണ്ടാവുകയുള്ളൂ എന്ന് ആരോ എപ്പോഴോ അടിച്ചേല്‍പിച്ച ചിന്ത പിന്നീട് ജീവിതത്തിന്റെ ഭാഗമായതാണെന്ന് തോന്നി. അടിസ്ഥാന വികാരം സ്വാതന്ത്ര്യമാണ്. ചെടികളുടെ ആത്മസത്തയെ അംഗീകരിക്കുന്ന വീട്ടുകാരോട് കുറച്ചു ബഹുമാനം തോന്നി. മനുഷ്യരെയും അവരായി തന്നെ അംഗീകരിക്കാനുള്ള മനോവിശാലത അവര്‍ക്ക് ഉണ്ടായിരിക്കും.
മെല്ലെ സൂക്ഷിച്ച് മതിലിടിഞ്ഞുകിടന്നയിടത്തു കൂടി വള്ളിയും കാടും വകഞ്ഞുമാറ്റി പിടിച്ചു കയറി. അത് വളരെ എളുപ്പമായിരുന്നു. ഇടിഞ്ഞു കിടന്നതിന്റെ ഒരു വശം നന്നെ ചരിഞ്ഞിട്ടായിരുന്നു. അതു വഴി കടന്ന് മുറ്റത്തെത്തി. പത്തെണ്‍പതു വര്‍ഷം പഴക്കമുള്ള വീടായിരുന്നു അത്. ഓടിട്ട പഴയമട്ടിലുള്ള കെട്ടിടം. നാലു ചുറ്റിനും ഒരാള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ വീതികുറഞ്ഞ തിണ്ണ. തവിട്ടു ചായം തേച്ച വാതിലുകളും ജനാലകളും. ഗ്ലാസ് ഇട്ടു മറച്ച വെന്റിലേഷനുകള്‍. മച്ചിന്‍പുറം ഒക്കെയുണ്ട്. തിണ്ണയിലിരിക്കാന്‍ നല്ല രസമാണ്. അങ്ങ് ദൂരെയുള്ള കാഴ്ചകള്‍ കാണാം. വൈകുന്നേരത്തെ അസ്തമയവും കാണാം. ആകാശത്തിന് എന്തൊരു ഭംഗിയാണ്. മേഘങ്ങള്‍ പലതരത്തിലുള്ള ചിത്രങ്ങള്‍ വരച്ച് മെല്ലെ നീങ്ങിപ്പോകുന്നു. വീടിനോട് അടുത്ത് പടര്‍ന്നു പന്തലിച്ചു നി
ല്‍ക്കുന്ന ഒരു മാവുണ്ട്. അതിന്റെ കാറ്റും തണലും ഏറ്റിരിക്കാന്‍ ഒരു സുഖം തോന്നുന്നു.
മിക്കപ്പോഴും താമസക്കാര്‍ മാറി വരാറുണ്ട്. ഉടമസ്ഥര്‍ വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. ആരെങ്കിലും വീടൊഴിഞ്ഞു പോയി പുതിയ താമസക്കാര്‍ വരും മുന്‍പ് ജോലിക്കാര്‍ വന്നു പോകാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടേക്ക് അധികം ശ്രദ്ധിക്കാറില്ല. അവിടെ പാര്‍ക്കാന്‍ വരുന്നവരും ആരോടും അങ്ങനെ അടുപ്പം കാണിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. എല്ലാവര്‍ക്കും ഓരോതരം തിരക്കുകളാണ്. അതിനിടയില്‍ അയല്‍ക്കാര്‍ ആരാ താമസക്കാര്‍ ആരാ എന്നൊക്കെ ആരു തിരക്കാന്‍.
വാതിലും ജനാലയും ഒക്കെ അടഞ്ഞുകിടക്കുകയാണ്. താമസക്കാര്‍ ആരുമില്ലെന്നു തോന്നുന്നു. അതു നന്നായി. എത്രനേരം വേണമെങ്കിലും ഇരിക്കാമല്ലോ. ഉമ്മറ വാതിലിനടുത്തായി തിണ്ണയില്‍ ചുവരും ചാരി ഇരുന്നു. മുറ്റത്തും പുല്ലും ചെടികളും ഒക്കെയുണ്ട്. താഴെ നിന്നു കാണുന്ന വന്യഭാവം ഒന്നുമില്ല. തെറ്റിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും പലനിറങ്ങളിലെ ഇലച്ചെടികളുമൊക്കെ വളര്‍ന്നു പടര്‍ന്ന് ഒഴുകിയിറങ്ങുന്ന കാഴ്ച മനോഹരമായിരുന്നു. അവയ്‌ക്കിടയിലേക്ക് പുല്ലും കുറ്റിച്ചെടികളും കാക്കപ്പൂക്കളും നുഴഞ്ഞുകയറി തങ്ങളുടെ പ്രൗഢി കാണിച്ചു. ഭൂമി ഒന്നിനോടും വേര്‍തിരിവു കാണിക്കുന്നില്ല.
കുറച്ചുനേരം അങ്ങനെയിരുന്നു. മനസ്സിന് കുളിര്‍മയേകുന്ന വന്യഗരിമ. തേന്‍കുരുവികള്‍, ചിത്രശലഭങ്ങള്‍ ഒക്കെ ഭയപ്പാടു കൂടാതെ സഞ്ചരിക്കുന്നു. തെച്ചിക്കൂട്ടത്തിനിടയിലേക്ക് കുരുവികള്‍ കയറിപ്പോകുന്നതു കണ്ടു. കൂടു വച്ചിട്ടുണ്ടാകും.
പേരമരങ്ങളിലൂടെ അണ്ണാറക്കണ്ണന്മാര്‍ ഓടി നടക്കുന്നു. പച്ചക്കിളികള്‍ പേരയ്‌ക്ക തിന്നുന്നു. ചാമ്പയും പേരറിയാത്ത ചില മരങ്ങളുമൊക്കെ തൊടിയിലുണ്ട്. അവയ്‌ക്കൊപ്പം പു
ല്ലുകളും വള്ളിച്ചെടികളും പേരറിയാ പൂക്കളും. അവയ്‌ക്കിടയിലെങ്ങാനും കീരികള്‍ പുതിയ വീടു വച്ചിട്ടുണ്ടാകുമോ.
അകത്തെന്തോ അനക്കം കേട്ടതുപോലെ തോന്നി. അടഞ്ഞുകിടക്കുന്ന വീടല്ലേ വല്ല പൂച്ചയോ മരപ്പട്ടിയോ മച്ചിലുണ്ടാവുമായിരിക്കും. നല്ലതാണ്. മനുഷ്യരുടെ ഇടയിലേതിനെക്കാള്‍ സമാശ്വാസം ഇങ്ങനെയൊക്കെ ചിലവിടുമ്പോഴാണ്.
പൊടുന്നനെ സാക്ഷ അകറ്റുന്ന ഒച്ച കേട്ടു. ആരോ അകത്തു നിന്ന് മുന്‍ വാതില്‍ തുറന്നു. ഞെട്ടിപ്പോയി. ഇങ്ങനെയൊരു ആള്‍സാന്നിദ്ധ്യം പ്രതീക്ഷിച്ചില്ല. ഇവിടെ പുതുതായി വാടകക്കാര്‍ വന്നത് അറിഞ്ഞിട്ടുമില്ല.
ഒട്ടൊരു അമ്പരപ്പോടെ, ചമ്മലോടെ എഴുന്നേറ്റു.
ക്ഷമിക്കണം. അകത്ത് ആളുണ്ടെന്ന് അറിഞ്ഞില്ല.
സാരമില്ല. അയാള്‍ ചിരിച്ചു.
ഇരു നിറമുള്ള സുമുഖനായ ഒരാളായിരുന്നു അത്. വെള്ളനിറമുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും വെള്ള പാന്റ്‌സുമായിരുന്നു വേഷം. ഷര്‍ട്ടിന്റെ കഴുത്തിലെ ബട്ടണുകള്‍ വരെ ഇട്ടിരുന്നു. വള്ളികള്‍ പോലെ തോന്നിക്കുന്ന ബെല്‍ട്ടും അണിഞ്ഞിരുന്നു. വെള്ളാരം കണ്ണുകളുള്ള സുമുഖനായ ഒരാള്‍. കാടു പി
ടിച്ച പരിസരവും വെണ്മ നിറഞ്ഞ വേഷവും തമ്മില്‍ ഒരു ചേര്‍ച്ചയില്ലായ്മ തോന്നി.
ആരുമില്ലെന്നു കരുതി. ഞാനിവിടെ വെറുതെ…
തിരിച്ചു പോകാമെന്നു കരുതി ക്ഷമാപണത്തോടെ ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അപരിചിതനായ ഒരാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി എന്തെങ്കിലും ബുദ്ധിമുട്ടാക്കിയോ എന്ന സന്ദേഹം ഉണ്ടായി.
ഞാന്‍ താഴത്തെ വീട്ടിലെയാണ്. ആ രാജമല്ലികള്‍ നില്‍ക്കുന്ന വീട്.
എനിക്കറിയാം. പരിചിതനെന്നപോലെ അയാള്‍ പറഞ്ഞു.
വലതു വശത്ത് രണ്ടാമതായി കാണുന്ന ജനാലയുള്ളതല്ലേ നിങ്ങളുടെ മുറി?
അതിശയിച്ചു പോയി. ഇതെങ്ങനെയറിഞ്ഞു.
നിങ്ങള്‍ മിക്കവാറും പന്ത്രണ്ടു മണി കഴിഞ്ഞല്ലേ മുറിയിലെ വെളിച്ചമണയ്‌ക്കാറുള്ളൂ. ജനാലയ്‌ക്കരികിലിരുന്നല്ലേ കവിതയെഴുതുന്നത്?
എത്ര കൃത്യമായിട്ടാണ് അയാള്‍ പറയുന്നത്. അത്ര സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ടല്ലോ.
ഞാനിതേവരെ താങ്കളെ കണ്ടിട്ടില്ല.
ഞാന്‍ ക്ഷമാപണം ചെയ്തു.
പുതിയ വീട്ടുകാരന്‍ വന്നത് അറിഞ്ഞില്ല. ഞാന്‍ നോക്കിയപ്പോഴൊക്കെ അടഞ്ഞുകിടക്കുകയായിരുന്നു.
താങ്കള്‍ എപ്പോഴും സ്വപ്‌ന ലോകത്തല്ലേ. അതാവും എന്നെ കാണാഞ്ഞത്.
അയാള്‍ പൊട്ടിച്ചിരിച്ചു. ആ ചിരി വളരെയിഷ്ടമായി. അയാളോടുള്ള അപരിചിതത്വം അല്പം അകന്നു. എന്നെക്കുറിച്ച് അറിയാമല്ലോ എന്ന ചിന്തയും സന്തോഷം നല്‍കി.
എന്നിട്ടും ഒരു ചെറിയ സന്ദേഹത്തോടെ ഞാന്‍ കാടു പിടിച്ചു കിടന്ന മുറ്റത്തേക്കും പരിസരത്തേക്കും കണ്ണയച്ചു. പാര്‍ക്കാന്‍ വരുമ്പോള്‍ പരിസരം ചെത്തി വൃത്തിയാക്കാറ് പതിവുള്ളതല്ലേ. എന്റെ മനസ് വായിച്ചെന്നപോലെ അയാള്‍ പറഞ്ഞു.
ഓരോന്നിലേക്കും സൂക്ഷിച്ചു നോക്കൂ. എല്ലാറ്റിലും നിറയെ പൂക്കളുണ്ട്. പേരൊന്നുമറിയില്ലെങ്കിലും അവര്‍ക്കും ഒരു ലോകമുണ്ട്. തനിച്ചിരിക്കുമ്പോള്‍ അവ നമ്മുടെ ചുറ്റും കൂടും. നമ്മള്‍ പോലുമറിയില്ല നമ്മളോട് അവ മിണ്ടുന്നത്. അത്രയ്‌ക്ക് സ്വാസ്ഥ്യം നല്‍കും. നിങ്ങള്‍ക്ക് ഇവിടെ വന്നിട്ട് മടങ്ങണമെന്ന് തോന്നിയില്ലല്ലോ. ചുവരില്‍ ചാരിയിരുന്നെങ്കിലും പ്രിയമുള്ള ആരുടെയോ നെഞ്ചില്‍ ചാഞ്ഞിരിക്കും പോലെ ഒരു സാന്ത്വനവും സുഖവുമല്ലേ തോന്നിയത്. അവ നമ്മെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നമ്മളിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
അതെ.. അതെ.. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ മന്ത്രിച്ചു.
നിങ്ങള്‍ വന്നിട്ട് ഞാന്‍ അകത്തേക്കു ക്ഷണിച്ചില്ല, ക്ഷമിക്കു, ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ. ഇവിടെ വന്ന ആദ്യത്തെ വിരുന്നുകാരിയാണ് നിങ്ങള്‍. അതോ നമുക്ക് പു
റം കാഴ്ചകള്‍ കണ്ട് ഇവിടെയിരുന്നാല്‍ മതിയോ.
അയാളുടെ മര്യാദ എനിക്ക് ഇഷ്ടമായി.
നിങ്ങള്‍ക്ക് എന്താണ് ജോലി? ഞാന്‍ തിരക്കി.
പ്രാര്‍ത്ഥിക്കുന്ന ജോലിയാണ്. അയാള്‍ മറുപടി നല്‍കി.
പ്രാര്‍ത്ഥന ഒരു ജോലിയാണോ ?
അന്ന് നിങ്ങളുടെ കാല്‍ വിരലില്‍ ഓട്ടു വിളക്കു വീണ് മുറിവുണ്ടായില്ലേ. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രാ
ര്‍ത്ഥിച്ചിരുന്നു.
അയാള്‍ പുഞ്ചിരിച്ചു.
ഞാന്‍ തിണ്ണയിലിരുന്നു.
സത്യം പറയു. നിങ്ങളെങ്ങനെയറിഞ്ഞു. എന്റെ സഹോദരനോ അമ്മയോ പറഞ്ഞുവോ? അവര്‍ നിങ്ങളെ കണ്ടുവോ. പക്ഷേ ഇവിടെ പുതിയ താമസക്കാരന്‍ വന്നെന്ന് തീന്‍മേശയില്‍ പോലും പറഞ്ഞു കേട്ടില്ല.
അയാള്‍ മറുപടി പറഞ്ഞില്ല.
നിങ്ങള്‍ കീരികളെക്കുറിച്ചുള്ള ആലോചനയിലല്ലേ
വന്നത്?
അതേ.
അവയ്‌ക്ക് ഒന്നും പറ്റിയിട്ടില്ല. പിന്നിലെ വലിയ മണ്‍തിട്ടയിലെ മാളങ്ങളിലും മീതെയുള്ള വള്ളിക്കുടിലുകളിലുമൊക്കെയായി സുഖമായി കഴിയുന്നു.
താഴെ മാളം തകര്‍ന്ന് നടക്കാനാകാത്ത രണ്ടുമൂന്നു കീരിക്കുഞ്ഞുങ്ങള്‍ മരിച്ചു പോയ വിവരം അയാള്‍ മറച്ചു വച്ചു. വെറുതെയെന്തിന് നക്ഷത്രതിളക്കമുള്ള കണ്ണുകളെ നനയിക്കണം. കീരികള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നറിഞ്ഞ് എനിക്കു സന്തോഷമായി.
എനിക്കു മടങ്ങിപ്പോകാന്‍ തോന്നുന്നില്ല. അറിയാതെ മന്ത്രിച്ചു.
വീട്ടില്‍ തിരക്കുകയില്ലേ.
നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. ഞാന്‍ തമാശയോടെ പറഞ്ഞു.
ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട്. അയാള്‍ ഗൗരവം പൂ
ണ്ടു. മരങ്ങള്‍ക്കു വേണ്ടി, പൂക്കള്‍ക്കു വേണ്ടി, പുഴുക്കള്‍ക്കും ശലഭങ്ങള്‍ക്കും വേണ്ടി, പാമ്പിനും പഴുതാരയ്‌ക്കും വേണ്ടി അങ്ങനെയങ്ങനെ. അവയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരുമില്ല.
അപ്പോള്‍ എനിക്കായി പ്രാര്‍ത്ഥിച്ചതോ?
ഒരു ലേശം കുസൃതി തോന്നി.
നിങ്ങള്‍ ഒരു ശലഭമല്ലേ…
അയാള്‍ പൊട്ടിച്ചിരിച്ചു.
അയാളുടെ ചിരി അതീവ വശ്യമായിരുന്നു. തിണ്ണയില്‍ മറ്റൊരറ്റത്തായി ഇരിക്കുകയായിരുന്നു അയാള്‍.
അയാളുടെ വെള്ള ഡ്രസ്സിലേക്കും ഷേവു ചെയ്ത വദനത്തിലേക്കും ഞാന്‍ സൂക്ഷിച്ചു നോക്കി.
താങ്കള്‍ ഒരു സുവിശേഷകനാണോ?
ഇത്തവണ അയാള്‍ മറുപടി പറഞ്ഞില്ല.
ഞാന്‍ ഏതോ വിഡ്ഢി ചോദ്യം ചോദിച്ചപോലെ അയാള്‍ക്കു തോന്നിയോ എന്ന് സന്ദേഹിച്ചു.
നിങ്ങള്‍ക്കറിയാമോ രാത്രിയില്‍ ഞാന്‍ ഈ തിണ്ണമേലിരിക്കും. വെള്ള മുയലുകള്‍, കീരിക്കുട്ടന്മാര്‍, പുള്ളി ശലഭങ്ങള്‍, രാപുള്ളുകള്‍, ചീവീടുകള്‍, കരിംപാമ്പുകള്‍ എന്നു വേണ്ട എത്രയോ പേര്‍ ഇവിടെ വരും. ഞങ്ങള്‍ ഒന്നിച്ചിരുന്ന് കളിക്കും പാട്ടു പാടും വര്‍ത്തമാനം പറയും പ്രാര്‍ത്ഥിക്കും… അപ്പോഴൊക്കെ നിങ്ങളുടെ ജനാല തുറന്നു കിടക്കുകയാകും.
പാമ്പുകളോ ….?
എനിക്ക് ഇത്തിരി ഭയം തോന്നി. ചുറ്റുവട്ടത്തൊക്കെ നോക്കി.
പേടിക്കേണ്ട. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നതു പോലെ, ഈ പൂക്കളെ സ്‌നേഹിക്കുന്നതു പോലെ പാമ്പുകളും നിങ്ങളെയും സ്‌നേഹിക്കും.
അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ സന്ദേഹത്തിലായി. ഇപ്പോള്‍ മാത്രം കണ്ടുമുട്ടിയ,പേരോ നാടോ ഒന്നും തന്നെ അറിയില്ലാത്ത ഇദ്ദേഹത്തെ താന്‍ സ്‌നേഹിക്കുന്നുവെന്നോ. വാക്കുകള്‍ക്ക് കേള്‍ക്കാനുള്ള കൗതുകത്തിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ഉള്ളിലേക്ക് ചുഴിഞ്ഞു നോക്കി.
നിങ്ങള്‍ക്കിപ്പോള്‍ എന്തു തോന്നുന്നു?
അയാള്‍ ചോദിച്ചു.
ങേ…
ഞാന്‍ പിടഞ്ഞുണര്‍ന്നു
ആദ്യം ഇങ്ങോട്ട് കയറി വന്നപ്പോള്‍ കാടുപിടിച്ചു മുരടിച്ച ഒരിടം എന്നല്ലേ തോന്നിയത്. ഇപ്പോള്‍ നോക്കൂ, ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടമാണിത്. ശരിയല്ലേ.
ഞാന്‍ ചുറ്റിനും നോക്കി.
ശരിയാണ്.
വന്നിരുന്നപ്പോഴത്തേതു പോലെയല്ല ഇപ്പോള്‍.
അസാധാരണമായ ഒരു ആനന്ദം എങ്ങും തങ്ങിനില്‍ക്കുന്നുണ്ട്. സ്‌നേഹത്തിന്റെ മധുകണങ്ങള്‍
ഇലത്തുമ്പുകളില്‍ നിന്ന് ഇറ്റുവീഴുന്നുണ്ട്. അവ നൃത്തം ചെയ്യുകയും മൃദുവായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.
മരങ്ങളുടെയും പുല്ലുകളുടെയും ആത്മാവുകളെപ്പോലെ സ്ഫടികച്ചിറകുകളും നക്ഷത്രക്കണ്ണുകളുമുള്ള പിച്ചിപ്പൂവിതള്‍ പോലത്തെ ഒട്ടനേകം കുഞ്ഞു മനുഷ്യരൂപികള്‍ പറന്നു വന്നു.അവയുടെ സന്തോഷം എന്നിലേക്കും പകര്‍ന്നു.
രാത്രിയില്‍ ജനാലയില്‍ കൂടി പലവിധ സുഗന്ധങ്ങള്‍ വന്ന് നിന്നെ തൊടാറില്ലേ. ഇവരാണ് അത്. നിന്റെ വിശേഷങ്ങളൊക്കെ എന്നെ അറിയിക്കുന്നതും ഇവരാണ്.
ചിരപരിചിതരെപ്പോലെ അവരൊക്കെ എന്നെ നോക്കി മന്ദഹസിച്ചു.
വിശപ്പും ദാഹവും തോന്നുന്നില്ല അല്ലേ.
മടങ്ങിപ്പോകാന്‍ തോന്നുന്നില്ല അല്ലേ.
അയാള്‍ മന്ത്രിച്ചു.
ഞാന്‍ സമ്മതഭാവത്തില്‍
മുഖം താഴ്‌ത്തി.
ഏതോ മായിക ലോകത്തെന്നപോലെയാണ് അനുഭവപ്പെട്ടത്. ഈ ലാവണ്യമുപേക്ഷിച്ച് മറ്റെവിടേക്കും പോകാന്‍ കഴിയില്ല.
ഇവിടെയിരുന്നാല്‍ നിങ്ങള്‍ സ്വയം ഒരു കവിതയായി
മാറും.
എന്റെ മിഴികള്‍ വിടര്‍ന്നു.
നമുക്ക് അല്പനേരം ഇവിടെയൊക്കെ നടക്കാം. മുന്‍പ് ഇവിടമൊന്നും കണ്ടിട്ടില്ലല്ലോ.
അയാള്‍ എഴുന്നേറ്റു.
കൂര്‍ത്തു കാണപ്പെടുന്ന മുള്ളുകളും കല്ലുകളും പഞ്ഞി പോലെ മൃദുവായി അനുഭവപ്പെട്ടു.
മനസു വായിച്ചിട്ടെന്നോണം അയാള്‍ പറഞ്ഞു
സ്‌നേഹമില്ലാത്തയിടത്ത് വാക്കുകള്‍ക്കു പോലും മുനയുണ്ടാകും. ഉള്ളും പുറവുമൊക്കെ മുറിയും.
നമുക്ക് അല്പം നടന്നാലോ.
അയാള്‍ എഴുന്നേറ്റു.
ഇവിടെമെല്ലാം ഒന്നു കാണിച്ചു തരാം.
എന്റെ മുഖത്തെ പ്രസന്നത മങ്ങിയതു കണ്ട് അയാള്‍ ചോദിച്ചു.
എന്തു പറ്റി?
ഞാന്‍ പക്ഷികളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു.
കൂടുവച്ച മരം മുറിച്ചിടുമ്പോഴും കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒതുക്കിപ്പിടിച്ച് മരണത്തിലേക്കു പോയവര്‍.നൊടിയിടയില്‍ ഭയന്നു നിലവിളിച്ച് ഒരു നിമിഷം പറന്നോടിയവര്‍.പാതി മരിച്ചും മരിക്കാതെയും കിടന്ന പിഞ്ചു മക്കളുടെ യരികില്‍ വന്ന് നെഞ്ചുപൊട്ടിക്കരഞ്ഞവര്‍. നിറയെ കിളിക്കൂടുകളുള്ള ഒരു മരത്തെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി. ആ കുഞ്ഞുങ്ങള്‍ പറന്നു പോകുന്നതു വരെയുള്ള ഏതാനും ദിവസം കാത്തിരിക്കാന്‍ കഴിയാത്തവര്‍.
നമുക്ക് കൊല്ലുക എന്നത് എത്രയെളുപ്പമാണ്.
അയാള്‍ അല്പനേരം മൗനമായി നിന്നു.
വരൂ,
അയാള്‍ മന്ത്രിച്ചു. കണ്ണിമകള്‍ ചലിപ്പിച്ച് സാരമില്ല എന്ന് സാന്ത്വനിപ്പിച്ചു. നിനക്ക് ഞാന്‍ വിത്തുകളുടെ വീട് കാണിച്ചു തരാം. ഇലകളുടെ ശ്മശാനത്തിലേക്ക് പോകാം.
വിത്തുകളുടെ വീടോ. അതിശയം തോന്നി.
അതെ. അത് മനോഹരമായ ഒന്നാണ്. ശാന്തമായി ശിശുക്കളെപ്പോലെ അവ നിദ്രയിലാകും. ധ്യാനം പോലെ. അനേകം ഫലങ്ങള്‍ നിറയുന്ന മഹാ വൃക്ഷമാകുമെന്നോ നിറയെ പക്ഷികള്‍ക്ക് വീടുവയ്‌ക്കാന്‍ ഇടം കൊടുക്കുന്ന ഭൂമികയാകുമെന്നോ ചിന്തിക്കാതെ. തന്റെ തണലിലിരുന്ന് ജ്ഞാനോദയം നേടുന്ന
യോഗിവര്യമാര്‍.മണ്ണിനു മീതെയുള്ളതിനെക്കാള്‍ സജീവത അടിയിലാണ്. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍, കോടാനുകോടി വര്‍ഷങ്ങളിലെ ജീവജാലങ്ങള്‍ സൗമ്യതയോടെ അവിടെയുണ്ട്. ഒന്നും നശിക്കുന്നതേയില്ല. മറ്റൊരു രൂപത്തിലേക്ക് മാറുന്നു എന്നു മാത്രം.
വെള്ളയും ചുവപ്പും നിറത്തിലെ ആകാശമുല്ലകള്‍ പടര്‍ന്നു വളര്‍ന്നതിനു താഴെയായി ഒരു ദ്വാരമുണ്ടായിരുന്നു. എലികളുടെ പാര്‍പ്പിടമായിരിക്കും അതെന്ന് കരുതി. അയാള്‍ എന്റെ വിരലില്‍ പിടിച്ചു. ഒരു വൈദ്യുതി പ്രവഹിക്കും പോലെയാണ് ആ സ്പര്‍ശം അനുഭവപ്പെട്ടത്.
പൊടുന്നനെ ഞാന്‍ ഭാരമില്ലാത്തവളായി. ആ ചെറിയ ദ്വാരത്തിലൂടെ സുഖമായി താഴേക്കു നടന്നു. എന്റെ ശരീരം പൂ
ര്‍ണ്ണമായി അതേരീതിയിലാണെങ്കിലും ദ്വാരത്തിന്റെ വലിപ്പച്ചെറുപ്പമനുസരിച്ച് സങ്കോചിക്കുകയും വികസിക്കുകയും ചെയ്തു.
കോടാനുകോടി വര്‍ഷം പ്രായമുള്ള ജീവജാലങ്ങള്‍ക്കും തരുലതാദികള്‍ക്കുമിടയിലൂടെ ഞങ്ങള്‍ നടന്നു. മണ്ണിനു മീതെ വച്ച് മരിക്കുമ്പോഴുള്ള അതേ പ്രായമായിരുന്നു എല്ലാവര്‍ക്കും. മണ്ണിനു മീതെയുള്ള കോപതാപാദികളും ശത്രുതയും അസൂയയും വൈരാഗ്യവും ഏതുമില്ലായിരുന്നു. സ്‌നേഹം കൊണ്ട് ഭാരരഹിതരായ അവര്‍ ഓരോരോ ജോലികളില്‍ എര്‍പ്പെട്ടു കൊണ്ടിരുന്നു. ഉത്തരവാദപ്പെട്ട കനപ്പെട്ട ജോലിയായിരുന്നു അവരുടേത്. പലപ്പോഴും അതിന്റെ ഫലം വിചാരിക്കുന്ന രീതിയിലായിരുന്നില്ല. എങ്കിലും നിരാശപ്പെടാതെ അവര്‍ തങ്ങളുടെ കര്‍മ്മം തുടര്‍ന്നു. വിത്തുകളെ സംരക്ഷിക്കുകയും മുളപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു പ്രധാന ജോലി. മരങ്ങളും പുല്ലുകളും മറിഞ്ഞു വീഴാതെ അവയുടെ വേരിനെ മുറുകെപ്പിടിച്ചു നിന്നു ചിലര്‍. നദികള്‍ വറ്റിപ്പോകാതെ ജലപ്രതലം ഉയര്‍ത്തി നിര്‍ത്തി മറ്റു ചിലര്‍. വീടുകളെ ശിരസ്സില്‍ താങ്ങിക്കൊണ്ട് ചിലര്‍. കടലിനെയും കരയെയും വേര്‍തിരിച്ചു നിര്‍ത്തി കുറച്ചുപേര്‍. കുസൃതികളായ തിരമാലകള്‍ കരയിലേക്ക് ഓടിക്കയറുമ്പോള്‍ അവയെ തിരിച്ചു കടലിലേക്കു തള്ളിവിടുകയായിരുന്നു ചിലരുടെ ജോലി. ആ പ്രവൃത്തിയിലേര്‍പ്പെട്ടുകൊണ്ട് നിരനിരയായി ഒരുപാ
ടു പേര്‍ ഉണ്ടായിരുന്നു.
അവര്‍ക്കിടയിലൂടെ നടന്ന് എന്റെ അമ്മമ്മയുടെ അരികിലെത്തി. അവര്‍ ഉറങ്ങുകയായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഞാന്‍ അമ്മമ്മയെ കണ്ടത്. സന്തോഷമടക്കാനാകാതെ ഞാന്‍ തൊട്ടു വിളിച്ചു. അമ്മമ്മ കണ്ണു തുറന്നു. മണ്ണിനു മുകളില്‍ വച്ച് എനിക്ക് നേരെ ചൊവ്വേ ഒന്നുറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇനിയെങ്കിലും ഞാന്‍ കുറച്ചൊന്നുറങ്ങട്ടെ.
അമ്മമ്മ എന്നെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി. ജീവിതം അവര്‍ക്ക് ദുരിതങ്ങള്‍ മാത്രമേ നല്‍കിയിരുന്നുള്ളു. ആരും അവരോട് സ്‌നേഹ പൂര്‍ണ്ണമായി സംസാരിക്കുകയോ സഹതപിക്കുകയോ ചെയ്തിരുന്നില്ല. അവരുടെ ദുരിതത്തിലേക്ക് അവരെ മാത്രം ഒതുക്കിവച്ച് മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
കഷ്ടമേ കഷ്ടം. സ്വന്തം ജീവിതത്തിലേക്കു നോക്കി തനിച്ചിരുന്ന് അവര്‍ ഇടയ്‌ക്കിടെ അങ്ങനെ ഉരുവിട്ട് സ്വയം ആശ്വസിച്ചു.
അമ്മമ്മ മതിവരുവോളം ഉറങ്ങിക്കൊള്ളട്ടെ.
അവിടന്ന് മെല്ലെ നടന്നു. കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണ്ണ വയലുകളില്‍ കൂടി, വജ്ര ശേഖരങ്ങളില്‍ കൂടി അതിന്റെ ഭംഗിയും സൗന്ദര്യവും ആസ്വദിച്ചു. ആരും അത് സ്വന്തമാക്കുകയോ അതില്‍ ഭ്രമിക്കുകയോ ചെയ്തില്ല. തുറസ്സായ സ്ഥലത്ത് അവയൊക്കെ അനാഥമായി കിടന്നു. അനാഥം എന്ന വാക്കുകൊണ്ട് അവയെ വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നറിയാം.
ഇതെന്താണ് ഇങ്ങനെ? ഈ അമൂല്യ വസ്തുക്കള്‍ ആര്‍ക്കും വേണ്ടാതെ…സംശയം തോന്നി.
ഓ.. അതോ…അതൊക്കെ ഭൂതലത്തിലുള്ളവര്‍ക്കാണ് ആവശ്യം.അവരുടെ ആര്‍ത്തിയും ആവേശവും കണ്ട് അവര്‍ക്കു കൊടുക്കും. ഇവിടെ ഇതൊക്കെ സാധാരണമായ കാര്യം. സാധാരണ മണ്ണു തന്നെ ഇതും. കുറച്ച് നിറവും തിളക്കവും ഉണ്ട് എന്നു മാത്രം. ഇവിടെയാരും മൂല്യം അമൂല്യം തുടങ്ങിയ ചിന്തകളിലൂടെ ഒന്നിനെയും വിഭജിച്ചു കാണാറില്ല. ഇവിടെ ഒറ്റ ഭാവമേയുള്ളൂ. അതിന്റെ
ആനന്ദത്തില്‍ അങ്ങനെ കടന്നുപോകും.
വരൂ, ഇനി നിനക്ക് അത്ഭുതകരമായ ഒരു കാഴ്ച കാണിച്ചു തരാം.
അല്പം മുന്നോട്ടു നടന്ന് പടവുകളിറങ്ങി അരണ്ട വെളിച്ചമുള്ള തുരങ്കത്തിലൂടെ നടന്നു. എത്ര നടന്നാലും ഓടിയാലും അവിടെ ക്ഷീണമോ അലച്ചിലുകളോ തോന്നുകയില്ല.
അത്ഭുതകരമായ കാഴ്ച കാണാന്‍ മനസ്സു തുടിച്ചു. ഒന്നിടവിട്ടു കറങ്ങി വരുന്ന ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും രശ്മികള്‍ കാണാന്‍ കഴിഞ്ഞു. ധ്യാനത്തിലെന്നപോലെ ഒരാള്‍ ചൂണ്ടുവിരല്‍ കൊണ്ട് ഏതോ ബിന്ദുവില്‍ സ്പര്‍ശിച്ച് എന്തോ കറക്കുന്നു. പിന്‍ തിരിഞ്ഞിരുന്ന അയാളില്‍ നിന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും നിശ്ചലത പ്രസരിച്ചു. പൊടുന്നനെ സ്‌നേഹം, ആനന്ദം തുടങ്ങിയ വികാരങ്ങള്‍ മാഞ്ഞുപോയി. ശൂന്യത എന്നു പറയാനുമാകില്ല.
നിര്‍വികാരത എന്ന വാക്കുകൊണ്ടും അടയാളപ്പെടുത്താന്‍ കഴിയില്ല. അവ നിരാശയുടെ പര്യായ പദങ്ങളാണ്. ജ്വലിക്കുന്ന പ്രകാശം പോലെ ഉജ്വലമായ ഭാവം എന്നിലുണര്‍ന്നു.
ഭൂമിയുടെ അച്ചുതണ്ട് തിരിക്കുകയാണ് അദ്ദേഹം.
അയാള്‍ പറഞ്ഞു.
വളരെയേറെ ശ്രദ്ധ വേണ്ട പ്രവൃത്തിയാണത്. ഇമതെറ്റിയാല്‍ പ്രപഞ്ചത്തിനു തന്നെ ദോഷമാണ്. അതിനാല്‍ ഞങ്ങള്‍ അപൂര്‍വ്വമായേ ഇങ്ങോട്ടു വരാറുള്ളൂ. രാപകലുകള്‍ , ഋതുക്കള്‍, കാലം എല്ലാറ്റിനെയും അയാള്‍ നിയന്ത്രിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അതൊരു നിസ്സാരമായ ഒന്നാണ്. അദ്ദേഹം അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
പ്രപഞ്ചത്തിന്റെ താക്കോല്‍ അദ്ദേഹത്തിന്റെ പക്കലാണ് എന്നു പറയാം. തന്റെ പ്രവൃത്തിയില്‍ അണുവിട വീഴ്ച വരുത്തിയിട്ടില്ല. അതിനു കഴിയുകയുമില്ല. അത്രത്തോളം സ്‌നേഹം; നിനക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അധികം സ്‌നേഹം അദ്ദേഹത്തിനുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്കു മാത്രമേ ഇത്തരമൊരു മഹാകാര്യം ചെയ്യാനാകൂ.
ആ സ്‌നേഹത്തിന്റെ മാസ്മരികതയിലേക്ക് അലിഞ്ഞുചേരാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
ഇലകളുടെ ശ്മശാനം കാണേണ്ടേ?
അയാളുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു.
യാത്ര പറയാന്‍ നില്‍ക്കാതെ, കാലചക്രം തിരിക്കുന്ന മഹാ മനുഷ്യന്റെ ശ്രദ്ധയ്‌ക്ക് പോറലേല്‍പ്പിക്കാതെ മൃദുവായി തിരിഞ്ഞു നടന്നു.
ഞാന്‍ അയാള്‍ക്കൊപ്പം മരങ്ങളുടെ ശാന്തിലോകത്തിലൂടെ നടന്നു. മണ്ണിനു മീതെയുളളവര്‍ക്ക് ആവശ്യമായ സകല വസ്തുക്കളും അവരുടെ പക്കലാണ് ഏല്‍പ്പിച്ചു വിടുന്നത്. ജീവികളുടെ ശ്വാസത്തെ ഒളിച്ചു വച്ചിരിക്കുന്നതും അവരാണ്. ഭൂതലത്തിലെ ഒന്നും തന്നെ ആഗ്രഹിക്കാത്ത എക വര്‍ഗ്ഗം അവരാണ്. മരുഭൂമിയില്‍ പോലും അവര്‍ വസന്തം സൃഷ്ടിക്കും. മുറിഞ്ഞു വീഴുമ്പോഴും തണലു നല്‍കും. തന്നിലെ ഫലങ്ങള്‍ മുള്ളവര്‍ക്കാണ് നല്‍കുന്നത്. ദാഹിച്ചു പൊരിഞ്ഞാലും കരിഞ്ഞുണങ്ങിയാലും സ്വയം സഹിക്കും.
വാടിക്കൊഴിഞ്ഞു വീഴുന്ന ഇലകള്‍ കൊണ്ടു പോലും അവര്‍ മണ്ണിനെ പുതപ്പിക്കുന്നു. ഈര്‍പ്പം കാക്കുന്നു. ആരും ഇതൊക്കെ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമില്ല. ഭൂതലത്തിനു വേണ്ടിയുള്ള
നിശ്ചലവും നിഷ്‌കാമവുമായ പ്രാര്‍ത്ഥനയാണത്. അവര്‍ക്ക് സ്‌നേഹപൂര്‍ണ്ണമായ ഒരു ചിന്ത പോലും ആരും നല്‍കുന്നില്ല. ഉചിതമായ സംസ്‌കാരം കൊടുക്കുന്നുമില്ല. അതിനാല്‍ അവര്‍ക്കായി ഒരിടം ഇവിടെ ഞങ്ങള്‍ നല്‍കുന്നുണ്ട്. ഏറ്റവും ആദരിക്കപ്പെടുന്ന , ഉത്തമമായ ഒരിടമാണത്. നിശ്ചല ധ്യാനത്തിലേര്‍പ്പെട്ട യോഗിവര്യന്മാര്‍ക്കു നല്‍കുന്ന ആദരങ്ങള്‍ ഇവിടെ ഞങ്ങള്‍ നല്‍കുന്നു. ജീവന്റെ ഭൂമിക എന്നാണ് പറയുന്നതു തന്നെ. ഉണര്‍വ്വിന്റെയും ഉന്മേഷത്തിന്റെയും ലോകമാണത്.
അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
അത് അഭൗമമായ ഇടമായിരുന്നു. ഭൂമിയിലേതു പോലെ ശവക്കല്ലറകള്‍ പ്രതീക്ഷിച്ചു ചെന്നതായിരുന്നു ഞാന്‍. മരതകപ്പച്ച പോലത്തെ പ്രകാശം അവിടമെങ്ങും നിറഞ്ഞു നിന്നു. പരമമായ ശാന്തി എങ്ങും നിറഞ്ഞു നിന്നു. സ്വയം മറന്ന് നൃത്തം ചെയ്യാന്‍ തോന്നും വിധം. അല്ലങ്കില്‍ ഒരാള്‍ സ്വയം നൃത്തമായി മാറും വിധം. ഞാന്‍ സൂക്ഷിച്ചു നോക്കി. വിചിത്ര രൂപികളായ അനേകമനേകം പേര്‍ അവിടെ നടനമാടുന്നു. ആനന്ദ നൃത്തം. ചിലങ്കകളില്ലാത്ത മേളങ്ങളില്ലാത്ത നടനം. നോക്കി നില്‍ക്കെ പ്രപഞ്ചം അതിനൊത്ത് താളാത്മകമായി നടനം ചെയ്തു. അതിന്റെ ആരോഹണ അവരോഹണങ്ങള്‍ക്ക് അനുസരിച്ച് ദ്രുത,ശാന്ത താളങ്ങള്‍ക്കനുസരിച്ച് പ്രപഞ്ചത്തില്‍ പുതിയതു പലതും ഉണ്ടാകുകയും പഴയതു മാഞ്ഞു പോകുകയും ചെയ്തു കൊണ്ടിരുന്നു. നൃത്തം ലോകത്തെ നവീകരിച്ചു കൊണ്ടിരുന്നു.
ഇനി മറ്റൊരിടം കൂടിയുണ്ട്. അവിടേക്ക് പോയ് വരാം.
അവിടെ കാത്തിരിക്കുന്ന പുതിയ കാഴ്ച എന്താകും എന്ന് ചിന്തിച്ചു. ഇവിടെയുള്ള ഓരോ കാഴ്ചയും ഓരോ അനുഭവമാണ്. അവ വെറും കാഴ്ചകളല്ല, പ്രപഞ്ചത്തിന്റെ നിലനി
ല്‍പ്പു തന്നെ അജ്ഞാതരായ മറ്റനേകം പേരുടെ നിഷ്‌കാമ പ്രയത്‌നത്താലാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായി. വളര്‍ത്തു പൂച്ചകളെ ഉപേക്ഷിച്ചതില്‍ എനിക്ക് പൊടുന്നനെ വ്യസനം തോന്നി. എത്ര പുറത്തേക്ക് ഓടിച്ചു വിട്ടാലും ആരും കാണാതെ ഓടിവന്ന് അവ വീടിനകം വൃത്തികേടാക്കിക്കൊണ്ടിരുന്നു. ഒരുതരം പകയോടെ, ഉന്മാദത്തോടെ എന്നു തോന്നുമാറ് വീടിനകം നരകമാക്കി. ഇനി ഉപേക്ഷിച്ചയിടത്തു നിന്ന് അവയെ മടക്കിക്കൊണ്ടു വരണോ വേണ്ടയോ എന്നൊരു ചിന്ത ഉള്ളില്‍ മുളച്ചു.
ചിന്താഭാരത്തോടെ പുതിയ കാഴ്ച കാണാന്‍ ഞാന്‍ അയാള്‍ക്കു പിന്നാലെ നടന്നു.
അത് ഏറ്റവും തിരക്കുപിടിച്ച ഒരിടമാണ്. ഉറക്കെയുള്ള ഒരു ശ്വാസം കൊണ്ടു പോലും അവിടെയുള്ളവരുടെ ജോലിക്കു ഭംഗം വരുത്തരുത്. അയാള്‍ മുന്നറിയിപ്പു നല്‍കി.
കണ്ണിമ ചിമ്മാതെ അദ്ദേഹം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം അത്രയേറെ വിപുലമാണ്.
അയാള്‍ ആ ലോകത്തെക്കുറിച്ചു പറയാന്‍ തുടങ്ങി.
നക്ഷത്രങ്ങള്‍ ഓടിപ്പോകാതെ അവിടത്തന്നെ പിടിച്ചു നിര്‍ത്തുന്നത് അദ്ദേഹമാണ്. മനസിന്റെയും പ്രപഞ്ചത്തിന്റെയും വഴികള്‍ മിനുസപ്പെടുത്തുന്നത്, നൃത്തം ചെയ്യുന്നവരുടെ താളം തെറ്റാതെ നോക്കുന്നത് അദ്ദേഹമാണ്.
അതിഭയങ്കരമായ തിരക്കുകളുടെ ലോകമാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അലസനെപ്പോലെ ഒരാളെയാണ് കാണാന്‍ കഴിഞ്ഞത്. സര്‍വ്വയിടത്തും കണ്ണെത്തേണ്ട, അത്ര തിരക്കുപിടിച്ച ജോലി ചെയ്യുന്ന ഒരാള്‍ ഒരു പുഞ്ചിരിയോടെ ഉറക്കം നടിച്ച് ഒരിടത്തു കിടക്കുന്നു.
എന്താണങ്ങനെ? അദ്ദേഹത്തെ ഉണര്‍ത്തൂ .
ഞാന്‍ മന്ത്രിച്ചു.
അരുത്. അദ്ദേഹം കര്‍മ്മ നിരതനാണ്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കൂ. ദിവ്യമായ ഗാനം കേള്‍ക്കുന്നില്ലേ.ഒരു ഗാനത്തിന്റെ സ്വപ്‌നലയം പോലെ അദ്ദേഹം പ്രപഞ്ചത്തെ ചേര്‍ത്തു പിടിച്ചിരിക്കയാണ്.പ്രപഞ്ചം ആ നാദധാരയില്‍ ധ്യാനത്തിലാണ്. സകലതിന്റെയും ധ്യാനം വന്നു ചേരുന്നത് അദ്ദേഹത്തിലാണ്.
അവിടെ എല്ലാമുണ്ട്. ധ്യാനവും ജ്ഞാനവും സമാധിയും എല്ലാം അവിടെയാണ്. നീഎന്നില്‍ നിന്ന് ഒരു നാദം പ്രവഹിക്കുന്നതു പോലെ തോന്നി. എന്റെ ആത്മാവ് അലിഞ്ഞലിഞ്ഞ് ഗാനമായി മാറുന്നു. ഉള്ളിലൂടെ നവ്യമായ ശ്വാസം ആരോ പ്രവഹിപ്പിക്കുന്നു. ശരീരമില്ല ആത്മാവില്ല നാദലയം മാത്രം. പ്രപഞ്ചത്തിന്റെ ഓരോ അണുവിലേക്കും ആ നാദം ലയിച്ചു ചേരുന്നു. പ്രപഞ്ചവും നാദമാകുന്നു. ആദിമമായ താളം. അത്രയ്‌ക്ക് കാതുകൂര്‍പ്പിച്ചാല്‍ മാത്രം അനുഭവിക്കാനാകുന്ന ഒന്ന്.
വരൂ…
അയാള്‍ എന്നെ ഉണര്‍ത്തി. ഞാന്‍ അയാളെ നോക്കി അതി മനോഹരമായി പുഞ്ചിരിച്ചു. സ്വയം മറന്ന് അയാള്‍ എന്നെ നോക്കിനില്‍ക്കുന്നതു കാണായി.
പര്‍വ്വതങ്ങളെ താങ്ങി നിര്‍ത്തുന്നവരുടെ ഇടയിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. ഏതോ പഞ്ഞിത്തുണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ലാഘവം അവരില്‍ ദൃശ്യമായി. പാതിയടഞ്ഞ മിഴികളുമായി തപം ചെയ്യുന്നവരെയും കണ്ടു. അവരാണ് പ്രപഞ്ചത്തിന്റെ കരുത്ത്.
അയാള്‍ പറഞ്ഞു.
നീ ഭൂമിയുടെ സൗന്ദര്യം ദര്‍ശിച്ചിട്ടുണ്ടോ. എത്ര മനോഹരമായാണ് ഓരോ ഇടങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് അറിയാമോ. ഇതിനെക്കാള്‍ മനോഹരമായ ഒന്ന് ഈ പ്രപഞ്ചത്തിലില്ല. ഉണ്ടാവും എന്നത് വെറും തോന്നല്‍ മാത്രമാണ്. വെറും ചപലമായ ആഗ്രഹവും. ഇവിടെ ഇല്ലാത്തത് എന്താണ്. ഇവിടെയില്ലാത്ത എന്താണ് മറ്റൊരിടത്തു നിന്നു ലഭിക്കുന്നത് ?എത്ര അത്ഭുതകരമാണിത്.
നീ കണ്ടില്ലേ എത്ര വിശിഷ്ടമായാണ് ഞങ്ങള്‍ ഇതിനെ പരിപാലിക്കുന്നതെന്ന്. രൂപികളുടെയും അരൂപികളുടെയും ഇടം ഇതു തന്നെ. മനുഷ്യന്റെയും ഈശ്വരന്റെയും ഇടം ഇതു തന്നെ.
മേഘങ്ങളെക്കൊണ്ട് രചിക്കുന്ന ചിത്രങ്ങള്‍. സായന്തന സൂര്യന്റെ നിറച്ചാര്‍ത്തുകള്‍. ആകാശവിതാനത്തു നിന്നു കൊഴിയുന്ന മഴത്തുള്ളികള്‍.
മൂടല്‍മഞ്ഞ് മായ്ചു രസിക്കുന്ന കാഴ്ചകള്‍.
എന്തൊരു ഭംഗിയാണിവിടെ. മറ്റെല്ലാം മറന്നു പോകുന്ന ഒരു തരം ആനന്ദം. കാഴ്ചയിലും കേള്‍വിയിലും ചിന്തയിലും നിറയുന്ന മധുരം.
നിനക്ക് മടങ്ങിപ്പോകേണ്ടെ? അയാള്‍ ചോദിച്ചു. കഴിയുന്നത്ര കാഴ്ചകള്‍ കാണിച്ചു തന്നിട്ടുണ്ട്. ബാക്കി പിന്നീടൊരിക്കലാകാം.
ഞാനെന്റെ സ്‌നേഹിതനെ കൃതജ്ഞതാപൂര്‍വ്വം കടാക്ഷിച്ചു. അപരിചിതയായ സ്‌നേഹിതയെ എത്ര കരുതലോടെയാണ് അയാള്‍ ഇവിടമൊക്കെ കാണിച്ചു തന്നത്. അയാള്‍ക്കൊപ്പമാകുമ്പോള്‍ മടങ്ങിപ്പോരാന്‍ തോന്നാത്ത സുരക്ഷിതത്ത്വം അനുഭവിക്കുന്നു. വീടിനെക്കുറിച്ചുള്ള വിചാരം അപ്പോഴാണ് വന്നത്. അമ്മ തിരക്കും മുന്‍പേ അങ്ങെത്തണം. അല്ലെങ്കില്‍ പിന്നെ വഴക്കുപറച്ചിലായിരിക്കും.
അയാളുടെ പിന്നാലെ വേഗം നടന്നു. ഇനിയും ഇടയ്‌ക്കിടെ വരണം എന്നു കരുതി.
ആകാശമുല്ലയുടെ ചുവടെയുള്ള ദ്വാരത്തിലൂടെ പുറത്തേക്കിറങ്ങി.
ചുറ്റും നോക്കി. നേരം വൈകിയിട്ടില്ല. ഭാഗ്യം. അയാളെ നന്ദിസൂചകമായി കടാക്ഷിച്ചു. ഉച്ചച്ചൂട് നന്നായുണ്ട്. ഇപ്പോള്‍ അമ്മ ഏതായാലും തിരക്കില്ല. വൈകുന്നേരമാകുമ്പോഴേ അന്വേഷിക്കൂ. വല്ല ഉച്ചമയക്കത്തിലോ മറ്റോ ആണെന്ന് കരുതും. അതുകൊണ്ട് വേണമെങ്കില്‍ കുറച്ചു നേരം കൂടി ഇരിക്കാം. ഇപ്പോള്‍ വല്ലാതെ ദാഹവും വിശപ്പും ഒക്കെയുണ്ട്. ഇനിയിപ്പോള്‍ മതിലു പൊളിഞ്ഞു കിടക്കുന്നയിടത്തു കൂടി ഇറങ്ങിപ്പോകേണ്ടല്ലോ. അയാള്‍ ഗേറ്റ് തുറന്നു തരും. അതു വഴി ഇറങ്ങാം.
പെട്ടെന്നാണ് ചുറ്റുപാടുകളിലേക്ക് ഒന്നു കണ്ണോടിച്ചത്. തീരെ അപരിചിതമായ പ്രദേശം. വഴി തെറ്റാന്‍ സാധ്യതയില്ല. ആകാശമുല്ലച്ചുവടും പോയ വഴിയും മടങ്ങിവന്ന വഴിയും ഒക്കെ തെറ്റിയിട്ടില്ല. പക്ഷേ ഇതെന്താണ് ഇങ്ങനെ?
ഇതെവിടെയാണ് ? വീട്ടില്‍ പോകണമെനിക്ക്. നമുക്ക് വഴി തെറ്റിയോ?
എനിക്ക് ലേശം കോപം വന്നു.
ഇല്ല. വഴി തെറ്റിയില്ലെന്നു നിനക്കറിയാമല്ലോ. പിന്നെന്താ…
അയാള്‍ മന്ദഹസിച്ചു.
നമ്മള്‍ പോയപ്പോഴുള്ളതു പോലെയല്ല ഇവിടം ഇപ്പോള്‍. എത്രമേല്‍ മാറിയിരിക്കുന്നു എന്നറിയാമോ? ഇവിടെ നിന്നു നോക്കിയാല്‍ കാണാവുന്നത്ര അടുത്തായിരുന്നു വീട്. ഇപ്പോള്‍ പക്ഷേ…
ആകെ സംഭ്രമിച്ചു. അപരിചിതനായ പുരുഷനുമായി, ഒറ്റപ്പെട്ട ഒരിടത്ത് ഏറെ നേരം ചിലവഴിക്കുന്നത് അമ്മയ്‌ക്ക് തീരെ ഇഷ്ടമാകില്ല. അയാള്‍ എത്ര നല്ലവനായാലും.
അമ്മ അറിയാതിരുന്നാല്‍ ഇടയ്‌ക്കിടെ ഇങ്ങോട്ടു വരികയോ സൗഹൃദം തുടരുകയോ ചെയ്യാം. ഇതിപ്പോള്‍..
അത് എന്റെ വീടു നിന്നിരുന്നയിടമാണെന്ന് എനിക്കറിയാം. പക്ഷേ, ഇപ്പോള്‍ അവിടെ അങ്ങനെയൊരു വീടേ ഇല്ല. ഒന്നുമില്ല. സ്വപ്‌നം കണ്ടു മയങ്ങുന്ന എന്റെ കിടക്ക, കവിത എഴുതുന്ന ജനാല,എന്റെ പുസ്തകങ്ങള്‍, മയില്‍പ്പീലികള്‍, പൂച്ചക്കുഞ്ഞുങ്ങള്‍, പൂച്ചെടികള്‍ എല്ലാം എവിടെയാണ്?
ആ വീടും അല്പം മുന്‍പ് ഞാനിരുന്ന തിണ്ണയും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. അപരിചിതമായ ഭൂമിക. ജീവജാലങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പ്രപഞ്ചത്തിലുള്ള ഭീകരവും നിഗൂഢവുമായ ശൂന്യത അനുഭവിച്ചു.
ഒന്നും മനസിലായില്ല. നിസ്സഹായതയോടെ അതീവ സങ്കടത്തോടെ ഭയത്തോടെ ഞാനയാളുടെ കയ്യില്‍ പിടിച്ചു. അപ്പോഴാണ് അയാളെ ആദ്യമായി സ്പര്‍ശിക്കുന്നത് എന്നതും മറന്നു പോയി. അറിയാതെ അയാളെ ചുറ്റിപ്പിടിച്ച് ശരീരത്തേക്ക് ചാഞ്ഞു കൊണ്ട് ഞാന്‍ വിതുമ്പി.
എന്തു പറ്റി ഇത്രപെട്ടെന്ന്? എല്ലാവരുമെവിടെ? അമ്മയെ കാണണമെനിക്ക്.
അയാള്‍ അരുമയോടെ എന്നെ നെഞ്ചിലേക്കു ചേര്‍ത്തു പി
ടിച്ചു. അതീവ വാത്സല്യത്തോടെ. മുടിയിഴകളിലൂടെ തലോടി സാന്ത്വനിപ്പിച്ചു.
യുഗങ്ങള്‍ക്കു ശേഷമാണ് നമ്മള്‍ മടങ്ങിയെത്തിയത്. അതീത ലോകത്ത് അവ ഏതാനും നിമിഷങ്ങള്‍ മാത്രമായിരുന്നു. ഇപ്പോള്‍ ഇവിടെ നമ്മള്‍ ഇരുവരും മാത്രമാണുള്ളത്.
ഞാന്‍ ഞെട്ടിപ്പിടഞ്ഞു മുഖമുയര്‍ത്തി. കണ്‍പോളകള്‍ മൃദുവായി അനക്കി സാരമില്ല എന്ന് സാന്ത്വനം പോലെ കാട്ടി.
നീ ശാന്തവും ശൂന്യവുമായ പ്രകൃതി കാണുന്നില്ലേ. യുഗാന്തരങ്ങള്‍ക്കു ശേഷം അതിങ്ങനെ ശൂന്യമാകും. പ്രകൃതിയുടെ വിശ്രമവേളകള്‍. നിന്റെ വീടിരുന്നയിടത്ത് കൊടുങ്കാടുകളെ തോന്നിയില്ലേ. അതു വെറും തോന്നലായിരുന്നു. അവിടെ ഒന്നുമില്ല. വെറും തരിശാണ്. ഏതോ കാലത്തിന്റെ നിഴല്‍ പതിഞ്ഞതായിരുന്നു. അതും മാഞ്ഞു പോയി. ആദ്യം മുതല്‍ നമുക്ക് എല്ലാം തുടങ്ങേണ്ടതുണ്ട്. നിന്റെ കുപ്പായത്തില്‍ വിത്തുകള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. നീ അവയെ ഇവിടെയെല്ലാം നട്ടു വയ്‌ക്കണം. മണ്ണിനടിയില്‍ മരങ്ങളുടെ വിത്തുകള്‍, ചില്ലകളില്‍ പറവകളുടെ വിത്തുകള്‍, മണ്ണിനു മീതെ മനുഷ്യന്റെയും ജീവജാലങ്ങളുടെയും വിത്തുകള്‍, ജലത്തില്‍ മത്സ്യത്തിന്റെ വിത്തുകള്‍ അങ്ങനെയങ്ങനെ നീ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിയിരിക്കുന്നു. അവ നശിച്ചു പോകാതെ പരിപാലിച്ച് മുളപ്പിച്ചു വളര്‍ത്തിയെടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അയാള്‍ മന്ദഹസിച്ചു.
യുഗങ്ങളുടെ നിശബ്ദമായ പിന്‍വാങ്ങലുകള്‍, മടങ്ങിവരവുകള്‍. ഇപ്പോള്‍ എകാന്തമായ ഒരിടത്ത് ഞങ്ങളിരുവരും മാത്രമായി. ചിലപ്പോള്‍ യുഗങ്ങള്‍ക്കു മുന്‍പും യുഗങ്ങള്‍ക്കു ശേഷവും ഞങ്ങളിരുവരും മാത്രമായിരുന്നിരിക്കും ഇങ്ങനെ. കവിതയെഴുതുന്ന അവളും പ്രാര്‍ത്ഥിക്കുന്ന ജോലി ചെയ്യുന്ന അവനും. ഒരു പാടു തലമുറകള്‍, ജീവജാലങ്ങള്‍ ഒക്കെ അവരില്‍ നിന്നും കടന്നു പോയിട്ടുണ്ടാകും. വിശ്രമിക്കണമെന്നു തോന്നുമ്പോള്‍ ആകാശ മുല്ലയുടെ ചുവട്ടിലെ സൂക്ഷ്മ പാതയിലൂടെ അതീത ലോകത്തു പോയിട്ടുണ്ടാകും. പിന്നെയും മടങ്ങിവരും.
എന്നാലും എന്റെ അമ്മ… കവിതയെഴുതാനിരിക്കുമ്പോള്‍ തുറന്നിടുന്ന ജനാല…
എനിക്കു സങ്കടം വന്നു.
ഞാന്‍ ഉറക്കെയുറക്കെ കരഞ്ഞു.
ശബ്ദം പുറത്തുവന്നതേയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Story