ദേവീപ്രസാദം
ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയ രാജാവ് ഒരിക്കല്‍ വ്യാസമഹര്ഷിയോടു ചോദിച്ചു: ”ദേവിയുടെ ഉത്ഭവം എങ്ങനെ?” മഹര്‍ഷിയുടെ മറുപടി ഇങ്ങനെ: ”ദേവിയുടെ ഉത്ഭവത്തെക്കുറിച്ചു വിചാരിപ്പാന്‍ ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്ക്കും ശക്തിയില്ല. എന്തായാലും ഞാന്‍ വല്ലതുമൊക്കെ പറയാം.” വല്ലതുമൊക്കെയാണ് വേദവ്യാസന് പറഞ്ഞതെങ്കില്‍ അതു തന്നെ എത്ര വലുത്! ആ ദേവീ മഹിമയുടെ ഉത്തേജിത പുനഃസൃഷ്ടിയാണ് ശ്രീശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി.’ ഇതിന്റെ മറ്റൊരു പേരാണ് ‘ആനന്ദലഹരി’. മതാത്മക ഘടനയുള്ള ഭാരതീയലാവണ്യദര്ശനത്തിന്റെ ആത്മീയമുഖമാണ് ശ്രീശങ്കരന്റെ സൗന്ദര്യലഹരി. അല്ലെങ്കില്‍ നമുക്ക് ഇങ്ങനെ പറയാം. ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തിക ഗ്രന്ഥമാകുന്നു ഇത്.
ഒരു നൂറു ശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരിക്ക് അമ്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളിലും വിവര്‍ത്തനങ്ങളും കാണാം. തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണിത്. യോഗശാസ്ത്രമായ സൗന്ദര്യലഹരിയില്‍ വേദസന്ദേശങ്ങളെല്ലാം ഉള്ളടങ്ങിയിരിക്കുന്നു.
ആദ്യത്തെ 41 ശ്ലോകങ്ങളില്‍ പരദേവതാതത്ത്വവും ഷട്ചക്രഭേദനവും ശ്രീചക്രോദ്ധാരവുമാണുള്ളത്. 42 മുതല്‍ 91 വരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡവര്‍ണനയാണ്. ഭഗവതിയുടെ സ്വരൂപവര്‍ണനയാണ് അവസാനത്തെ പത്തു ശ്ലോകങ്ങള്‍.
ഇച്ഛാജ്ഞാനക്രിയാശക്തികള് തന്നെയാണ് പിണ്ഡാണ്ഡ (ദേഹം മൈക്രോ) ത്തിനും ബ്രഹ്മാണ്ഡ (വിശ്വം മാക്രോ) ത്തിനും കാരണഭൂതങ്ങള്‍. ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ കുണ്ഡലിനി. കുണ്ഡലിനി എന്നാല്‍ ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണ് അര്‍ഥം. വ്യഷ്ടിജീവന്റെ ശക്തിക്ക് കുണ്ഡലിനി എന്നും സമഷ്ടിജീവന്റെ ശക്തിക്ക് ‘ത്രിപുരസുന്ദരി’ എന്നുമാണ് ശാക്തേയവ്യവഹാരം. സുഷുമ്നാനാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനീശക്തിയുടെ ആവാസമന്ദിരം. ജഗല്മാതാവിന്റെ മരീചീമാലകളാണ് ഷഡ്ചക്രങ്ങള്‍. സൂക്ഷ്മദൃഢതന്ത്രീരൂപങ്ങളായ നാഡികള്‍ ഉര്‍വരമാക്കുന്ന ദേഹശക്തികള്‍ക്ക് മൂലസ്ഥാനം ഈ ആറുചക്രങ്ങളത്രെ.
ഷഡ്ചക്രപ്രതിപാദനം സൗന്ദര്യലഹരിയിലെ ഉദാത്തമായ കവിത തന്നെ. മൂലാധാര ചക്രത്തില്‍ പൃഥ്വീതത്ത്വമടങ്ങിയിരിക്കുന്നു. ത്രികോണാകൃതിയിലുള്ള ഈ ചക്രം ചതുര്ദളകമലമത്രെ. സ്വാധിഷ്ഠാനചക്രത്തില്‍ അഗ്നിതത്ത്വം. ഇതാവട്ടെ ഷഡ്ദളകമലം. ദശദളകമലാകൃതിയിലുള്ള മണിപൂരകചക്രത്തില്‍ പഞ്ചഭൂതങ്ങളിലെ ജലതത്ത്വം. വായുതത്ത്വം അനാഹത ചക്രത്തില്‍. ദ്വാദശദളകമലമത്രേ ഇത്. വിശുദ്ധിചക്രത്തില്‍ മനസ് തത്ത്വമാണ്. അങ്ങനെ നാം ശ്രീചക്രരൂപിയായ സഹസ്രദളകമലത്തിലെത്തുകയായി. ഇതത്രെ ബിന്ദു. ബിന്ദുവിന്റെ പരിണാഹം തന്നെ വിശ്വമണ്ഡലം.
പരാശക്തിയുടെ ആരാധനം മൂന്നുവിധത്തിലാണ്. കൗളം, സമയം, മിശ്രികം. ഈ ത്രിവിധ ഉപാസനകളും വിധിച്ചത് പരമശിവനത്രെ. ശിവചക്രങ്ങളും ശക്തിചക്രങ്ങളുമടങ്ങുന്ന ശ്രീചക്രത്തെ സ്വര്‍ണം, വെള്ളി, മുതലായ ലോഹങ്ങളില്‍ ലേഖനം ചെയ്ത് ജഗന്മാതാവിനെ ധ്യാനിച്ച് നടത്തുന്ന ഉപചാരപൂജയാണ് കൗളം. പൂര്‍വകൗളം, ഉത്തരകൗളം എന്ന് കൗളമതം രണ്ടുവിധം. പരമശിവന് ആനന്ദഭൈരവന് എന്നും നവാത്മാ എന്നും കൗളമതത്തില്‍ നാമങ്ങള്‍. ശക്തിയെ ആനന്ദഭൈരവി, കൗളിനി എന്നും വിളിക്കുന്നു. നവാത്മാ എന്നത് ഉദാത്തവും ഉജ്ജ്വലവുമായ സങ്കല്പമാണ്. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ.
വസിഷ്ഠസംഹിത, ശുകസംഹിത, സനന്ദനസംഹിത, സനകസംഹിത, സനല്‍കുമാരസംഹിത എന്നിവയ്ക്ക് ശുഭാഗമപഞ്ചകം എന്നു വിളിപ്പേര്. തന്ത്രപഞ്ചകമെന്നും ഇതറിയപ്പെടും. ഈ അഞ്ചുസംഹിതകളില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് ‘സമയം’ എന്നറിയപ്പെടുന്നത്. യോഗിയുടെ ചിത്തവൃത്തിനിരോധിതമായ ഹൃദയഭൂമികയാണ് ചിദാകാശം. ഇവിടെ നടത്തുന്ന പൂജതന്നെയാണ് സമയപൂജ. സമയ സിദ്ധാന്തത്തില്‍ ശ്രീചക്രത്തിന് 24 മര്‍മ്മങ്ങളും 43കോണങ്ങളും 24 സന്ധികളുമാണുള്ളത്. ശക്തിപൂജയില്‍ ഏറെ പ്രാധാന്യം സമയമതത്തിനാണ്.
ബ്രഹ്മദേവന് പരാശക്തിയുടെ പാദാരവിന്ദത്തിലുള്ള അതിസൂക്ഷ്മമായ ഒരു രജഃകണത്തെ എടുത്താണ് ഈ ചരാചരാത്മകമായ പ്രപഞ്ചത്തെ നിര്‍മ്മിക്കുന്നത്. മഹാവിഷ്ണു ഇതിനെ വഹിക്കുന്നു. രുദ്രന് ഇല്ലാതാക്കുന്നു. വീണ്ടും സംഹാരാത്മകമായ സര്‍ഗം സമാരംഭിക്കുകയായി. ബ്രഹ്മാവിഷ്ണുരുദ്രന്മാര്‍ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരത്തെ ചെയ്യുന്നത് ദേവിയുടെ പാദധൂളിയുടെ മഹിമാതിരേകം കൊണ്ടാടുന്നു.
അനാദിയാണ് കാലം. അനന്തവുമാണ്. പകല്‍, രാത്രി, സന്ധ്യ, പക്ഷം, അയനം, ഋതു, സംവത്സരം, യുഗം, കല്പം…എല്ലാം കാലഗണനകള്‍ക്കും കാരണം ത്രിപുരേശ്വരീ ദേവി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: