കൊണ്ടോട്ടി: പത്തുമാസത്തെ ഇടവേളയ്‌ക്കുശേഷം കരിപ്പൂർ വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. ഇതു സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നൽകിക്കഴിഞ്ഞു. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് പകൽസമയത്തെ വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ജനുവരിയിൽ റീ കാർപെറ്റിങ് പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി 11 മാസത്തേക്കായിരുന്നു റൺവേയിൽ പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണിൽത്തന്നെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നു. റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോയി. മണ്ണു ലഭിക്കുന്നതിനുള്ള ക്ഷാമവും മഴകാരണം പ്രവൃത്തി നിലച്ചതുമെല്ലാമാണ് ഗ്രേഡിങ് നീളാൻ കാരണം.
റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതുവരെ വിമാനക്കമ്പനികൾ സർവീസ് സമയം പരിഷ്‌കരിച്ചിരുന്നില്ല. 28-ന് ശൈത്യകാല ഷെഡ്യൂൾ നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ അലിഖിത നിയന്ത്രണങ്ങളും ഇല്ലാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: