മഹാകവി അക്കിത്തമാണ് ഹരിപ്പാട് കെ.പി.എന്‍. പിള്ളയെ തപസ്യയുമായി ബന്ധപ്പെടുത്തുന്നത്. കെ.പി.എന്‍. പിള്ള കോഴിക്കോട് ആകാശവാണിയില്‍ ചേര്‍ന്ന വര്‍ഷമാണ് മഹാകവി അക്കിത്തം അവിടെ നിന്ന് വിരമിച്ചത്. 1990 ല്‍ നവരാത്രി ആഘോഷത്തിന് കടലുണ്ടിയില്‍ കച്ചേരി നടത്താന്‍ ക്ഷണിക്കാന്‍ അക്കിത്തത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തപസ്യയുടെ പ്രവര്‍ത്തകര്‍ എത്തിയത്. തപസ്യയുടെ ക്ഷണം സ്വീകരിച്ച് കടലുണ്ടിയില്‍ കച്ചേരിക്കെത്തിയ എത്തിയ കെ.പി.എന്‍. പിള്ള അപ്രതീക്ഷിതമായാണ് പരിപാടിയുടെ ഉദ്ഘാടകനായത്. അന്ന് തപസ്യയുടെ പ്രസിഡന്റായിരുന്ന അക്കിത്തം വിളക്ക് തെളിക്കാന്‍ പിള്ളയോട് ആവശ്യപ്പെടുകയായിരുന്നു. കവിതയും സാഹിത്യവുമല്ല സംഗീതമാണ് ഇവിടെ വിളയേണ്ടത് എന്നായിരുന്നു അക്കിത്തം പറഞ്ഞത്.
മുപ്പത്തിമൂന്നു വര്‍ഷം ഇവിടെ തുടര്‍ച്ചയായി നവരത്രി ആഘോഷത്തില്‍ പങ്കെടുത്ത് കെ.പി.എന്‍.പിള്ള കച്ചേരി നടത്തിയിട്ടുണ്ട്. പിള്ളയുടെ മുപ്പത്തിനാലാമത് കച്ചേരിയാണ് ഈ മഹാനവമി ദിനത്തില്‍ നടക്കുന്നത്.
‘മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്ക്യകുയിലാളി’ എന്ന ഗാനത്തിന് ഈണം നല്കിയ സംഗീത സംവിധായകനായ ഹരിപ്പാട് കെ.പി.എന്‍.പിള്ള കോഴിക്കോട് ബാലുശ്ശേരി വൈകുണ്ഡത്തിലുള്ള ഒരു പഴയ വീട്ടില്‍ ഒറ്റയ്ക്കുതാമസിച്ചാണ് ഗ്രാമീണരായ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നത്. സ്കൂളില്‍ ശ്രീകുമാരന്‍ തമ്പിക്കും എം.ജി.രാധാകൃഷ്ണനുമൊപ്പവും സംഗീതകോളജില്‍ യേശുദാസിനും രവീന്ദ്രനും ഒപ്പവും പഠിച്ച അദ്ദേഹം ആകാശവാണിയിലെ ശാസ്ത്രീയ സംഗീത പാഠങ്ങളിലൂടെയാണ് അനേകായിരം പേരുടെ ഗുരുനാഥനായിത്തീര്ന്നത്.
1939 ഫിബ്രവരി 22 ന് ചെങ്ങന്നൂരിനടുത്ത് പുലിയൂരുകാരനായ തുടപ്പാട്ട് രാഘവക്കാരണവരുടെയും ഹരിപ്പാട് കോയിക്കപ്പറമ്പില്‍ ഭവാനിയമ്മയുടെയും മകനായാണ് കോയിക്കപ്പറമ്പില്‍ നാരായണപ്പിള്ള എന്ന ഹരിപ്പാട് കെ.പി. എന്‍. പിള്ള ജനിച്ചത്. ഹരിപ്പാട്ടെ വീടിനടുത്തുള്ള സംഗീതാധ്യാപിക പാര്‍വതിക്കുട്ടിയമ്മയായിരുന്നു കെ.പി.എന്‍.പിള്ളയ്ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തത്.
അക്കാലത്ത് നടന്ന ഒരു സംഗീതമത്സരത്തില്‍ കെ.പി.എന്‍.പിള്ളയ്ക്ക് ഒന്നാംസമ്മാനം ലഭിച്ചു. രണ്ടാംസ്ഥാനം എം.ജി.രാധാകൃഷ്ണനായിരുന്നു. വിധികര്‍ത്താവായെത്തിയ ഭാഗവതര്‍ ഹരിപ്പാട്.ജി.രാമന്‍കുട്ടിനായര്‍ ഒന്നാംസ്ഥാനക്കാരനെക്കുറിച്ച് അന്വേഷിച്ചു. പാട്ടുപഠിക്കണമെന്നുണ്ടെങ്കില്‍ തന്റെയടുത്തേക്ക് വരണമെന്ന് പിള്ളയോട് പറഞ്ഞു.
യേശുദാസിന്റെ അച്ഛനും എം.ജി.രാധാകൃഷ്ണന്റെ അച്ഛനും ഭാഗവതര്‍ ജി.രാമന്‍കുട്ടിനായരുടെ സമകാലികരായിരുന്നു. തന്നിലെ സംഗീതം കണ്ടെത്തിയത് ഭാഗവതരാണെന്നാണ് പിള്ള പറഞ്ഞത്. ഭാഗവതരുടെ വീട്ടില്‍ താമസിച്ചാണ് ഹരിപ്പാട് ഗവ.ഹൈസ്കൂളില്‍ പഠിച്ചത്. തൃപ്പക്കുടം ശിവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 15 വയസ്സുള്ളപ്പോഴാണ് ആദ്യകച്ചേരി നടത്തിയത്. പത്താംക്ലാസ് പാസായാലേ സംഗീതകോളജില്‍ ചേര്‍ക്കൂവെന്ന് അച്ഛന് പറഞ്ഞതുകൊണ്ടു മാത്രമാണ് കഷ്ടപ്പെട്ടു പഠിച്ചുപാസായത്.
1956ല്‍ ആദ്യത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം ഹരിപ്പാട് കെ.പി.എന്‍. പിള്ളയ്ക്കായിരുന്നു. 1957 മുതല്‍ 61 വരെ തിരുവനന്തപുരം സംഗീതകോളജിലെ വിദ്യാര്‍ഥിയായിരുന്നു പിള്ള.
സംഗീതവിദ്വാന്‍ കോഴ്സ് പൂര്‍ത്തിയാവുന്നതിനുമുന്‍പ് പിള്ളയ്ക്ക് ഉദ്യോഗമണ്ഡല്‍ ഫാക്ട് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു. ജോലിയില്‍ ചേര്‍ന്നയുടനെ യേശുദാസിന് പിള്ള ഒരു കത്തയച്ചു. ‘സ്കൂളില്‍ അടുത്തൊരു ഒഴിവുണ്ടാവുമ്പോള്‍ കത്തയയ്ക്കും, ദാസ് വരണം’ എന്നായിരുന്നു കത്ത്. പക്ഷേ ആ കത്ത് കയ്യില്‍ കിട്ടുന്നതിനുമുന്പ് യേശുദാസ് തൃശൂരില്‍ വോയ്സ് ടെസ്റ്റിനുപോയിരുന്നു. എം.ബി. ശ്രീനിവാസനാണ് വോയ്സ് ടെസ്റ്റ് നടത്തിയത്. യേശുദാസ് മലയാളസിനിമ കീഴടക്കുമെന്ന് അന്ന് എം.ബി.എസ് തന്റെ ഡയറിയില്‍ എഴുതിവച്ചിരുന്നു. പിന്നീട് പിള്ള യേശുദാസിനെ കാണുന്നത് ഏറെക്കാലം കഴിഞ്ഞ് മദ്രാസില്‍വച്ചാണ്.
ഉദ്യോഗമണ്ഡല്‍ ഫാക്ട് ഹൈസ്കൂളിലെ അധ്യാകനായിരിക്കെ അതേ സ്കൂളിലെ അധ്യാപികയായ സരോജിനിയമ്മയെയാണ് പിള്ള വിവാഹം കഴിച്ചത്. അമ്മയുടെ ബന്ധുവായിരുന്നു.
പത്രത്തില്‍ കാണുന്ന ഒഴിവുകള്‍ക്കെല്ലാം അപേക്ഷിക്കുന്ന ശീലം പിള്ളയ്ക്കുണ്ടായിരുന്നു. അങ്ങനെ ലക്നൗവില്‍ ലിറ്ററസി ഹൗസില്‍ ഒരു മാസത്തെ പരിശീലത്തിനു പോയി. ഗാന്ധിജിയുടെ സഹചാരിയായിരുന്ന ഫിഷറിന്റെ ഭാര്യ മിസിസ് വെല്‍ത്തി ഫിഷറായിരുന്നു നടത്തിപ്പുകാരി. പരിശീലനത്തിന്റെ അവസാനദിവസം പിള്ള പാടിയിരുന്നു. മധുരമണി അയ്യര്‍ ഒരുക്കിയ പാശ്ചാത്യസംഗീതമാണ് പിള്ള അവതരിപ്പിച്ചത്. പാട്ടിനൊപ്പം തൊണ്ണൂറുകാരിയായ വെല്‍തി ഫിഷര്‍ നൃത്തം ചവിട്ടി. അടുത്തദിവസം അവിടെ ജോലിക്കുചേരുന്നോയെന്ന് വെല്‍ത്തി ഫിഷര്‍ ചോദിച്ചു. സ്കൂളിലെ ജോലി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് തിരികെപ്പോവുകയായിരുന്നു. കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിരുന്നുള്ളൂ.
അക്കാലത്താണ് ശ്രീകുമാരന്‍തമ്പി മദിരാശിയിലേക്കു വരണമെന്നാവശ്യപ്പെട്ട് പിള്ളയ്ക്ക് കത്തയച്ചത്. അക്കാലത്ത് സംഗീത റെക്കോര്‍ഡ് കമ്പനികള്‍ രണ്ടുപാട്ടുകളടങ്ങിയ റെക്കോര്‍ഡുകളാണ് പുറത്തിറക്കിയിരുന്നത്. എച്ച്എംവിക്കുവേണ്ടി ശ്രീകുമാരന്‍തമ്പി എഴുതിയ രണ്ടു ഭക്തിഗാനങ്ങള്‍ പാടാനാണ് മദിരാശിയിലേക്കു ക്ഷണിച്ചത്. ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് സംഗീത സംവിധായകന്. അനേകായിരം പാട്ടുകള്‍ സംഗീത സംവിധാനം നിര്‍വഹിക്കാനുള്ള പാഠമാണ് ദക്ഷിണാമൂര്‍ത്തി സ്വാമി ഹരിപ്പാട് കെ.പി.എന്‍. പിളളക്ക് പകര്‍ന്നു നല്‍കിയത്.
1978ലാണ് അധ്യാപകജോലി രാജിവച്ച് കോഴിക്കോട് ആകാശവാണിയില്‍ ചേര്‍ന്നത്. ആകാശവാണിയില്‍ മ്യൂസിക് കംപോസര്‍, തംബുരു കം വോക്കല്‍ ആര്‍ടിസ്റ്റ് എന്നിങ്ങനെ രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. ആദ്യം നെടുമങ്ങാട് ശശിധരന്‍നായര്‍ക്കാണ് ജോലി ലഭിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ മ്യൂസിക് കംപോസറുടെ ഒഴിവിലേക്ക് കെ.പി.എന്‍.പിള്ളയ്ക്കും നിയമനം ലഭിച്ചു. പിള്ള ജോലിക്കുചേരുമ്പോള്‍ കോന്നിയൂര്‍ നരേന്ദ്രനാഥാണ് സ്റ്റേഷന് ഡയറക്ടര്‍. മഹാകവി അക്കിത്തം അപ്പോഴേക്കും അവിടെ നിന്ന് വിരമിച്ചിരുന്നു.
മലയത്ത് അപ്പുണ്ണിയെഴുതിയ സ്വര്‍ണമുഖികള്‍ എന്ന ഗാനത്തോടെ ശ്രോതാക്കളുടെ മനംകവര്‍ന്നു. ആകാശവാണിക്കുവേണ്ടി പി.എസ്.നമ്പീശനെഴുതി കൃഷ്ണചന്ദ്രന് പാടിയ ‘താമര പൂക്കുന്ന തമിഴകം’ എന്ന ലളിതഗാനം പതിറ്റാണ്ടുകളോളം യുവനോത്സവവേദികളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ആകാശവാണിയുടെ പ്രഭാതഗീതമായി ചിട്ടപ്പെടുത്തിയ ശ്യാമളാദണ്ഡകം ഇന്നും ശ്രോതാക്കളുടെ മനസില്‍ തങ്ങിനില്ക്കുന്നുണ്ട്. 1990 ല്‍ സീനിയര്‍ സംഗീതസംവിധായകനായി. 1997 ല്‍ വിരമിച്ചു. 2007 ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.
ഏറ്റവുമടുത്ത സുഹൃത്തായ സലാം പള്ളിത്തോട്ടമാണ് 1985ല്‍ ഹരിപ്പാട് കെ.പി.എന്‍.പിള്ളയെ സിനിമയിലേക്കു കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ നാടകങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ മദ്രാസിലാണ് നടന്നത്. നിര്‍മാതാവ് കുറ്റിയില്‍ ബാലനോട് കെ.പി.എന്‍.പിള്ളയെക്കുറിച്ച് പറഞ്ഞത് സലാം പള്ളിത്തോടാണ്. ആകാശവാണിയിലെ സഹപ്രവര്‍ത്തകനായിരുന്ന കെ.എ.കൊടുങ്ങല്ലൂരും പിന്തുണച്ചതോടെ പിള്ള സംഗീതസംവിധായകനായി. പി.ചന്ദ്രകുമാറായിരുന്നു സംവിധായകന്. തുടര്‍ന്ന് അനേകം സിനിമകളില്‍ സംഗീതസംവിധായകനായി.
സംഗീതകോളജില്‍ യേശുദാസിന്റെയും പിള്ളയുടെയും ജൂനിയറായാണ് സംഗീതസംവിധായകന് രവീന്ദ്രന് പഠിക്കാനെത്തിയത്. പില്ക്കാലത്ത് പിള്ള ചെട്ടികുളങ്ങര ദേവിയെക്കുറിച്ചു രവീന്ദ്രനെക്കൊണ്ട് ഭക്തിഗാനം പാടിച്ചു.
വിരമിച്ച ശേഷം അമ്മയുടെ പേരില്‍ ബാലുശ്ശേരിയില്‍ ഭവാനി സംഗീതകോളജ് തുടങ്ങി. ആകാശവാണിയില്‍നിന്നു വിരമിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ബാലുശ്ശേരിയില്‍ അദ്ദേഹം സംഗീത കോളജ് തുടങ്ങിയത്. കയ്യില്‍ പണമില്ലെങ്കിലും പാടാന്‍ വാസനയുള്ളവരാണെങ്കില്‍ വളര്‍ന്നുവരണം എന്നതാണ് പിള്ളയുടെ ആഗ്രഹം. വൈകുണ്ഡം വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് ഒരു വീട് വാടകയ്കക്കെടുത്താണ് ഏറക്കാലമായി പിള്ള താമസിക്കുന്നത്. ശിഷ്യരാണ് ഭക്ഷണം കൊണ്ടുവരുന്നത്. അനേകായിരം ശിഷ്യന്മാരെ ഇതുവരെ പാട്ടുപഠിപ്പിച്ചിട്ടുണ്ട്. അവരില്‍ പലരും സംഗീതസംവിധായകരാണ്. ഏതുസമയത്തും ഏതു ശിഷ്യനും വന്നിരുന്ന് സംഗീതം അഭ്യസിക്കാം. ബാലുശ്ശേരിയില്‍ ശാസ്ത്രീയ സംഗീതം കേള്‍ക്കാന്‍ അവസരമില്ലായിരുന്നു. ശിഷ്യര്‍ക്ക് എല്ലാവര്ക്കും ഒരുമിച്ചുവന്നിരുന്ന് പാട്ടുകേള്‍ക്കാനായാണ് സ്വാതിതിരുന്നാള്‍ സംഗീത സഭ രൂപീകരിച്ചത്.
ഭാര്യ സരോജിനിയമ്മ എറണാകുളം കൂനംതൈയിലാണ് സ്ഥിരതാമസം.
ബാലുശ്ശേരിയില്‍നിന്ന് മാസത്തിലൊരിക്കല്‍ വീട്ടില്‍പ്പോയി വരികയാണ് ഹരിപ്പാട് കെ.പി.എന്‍. പിള്ള ചെയ്യുന്നത് മൃദംഗവിദ്വാന്‍ കൂടിയായ മകന് ബിജു എറണാകുളത്ത് കലൂരില്‍ പരസ്യക്കമ്പനി നടത്തുകയാണ്. ഭാര്യ ശാന്തി കാലടി ആശ്രമം സ്കൂളില്‍ പ്ലസ്ടു സയന്‍സ് അധ്യാപികയാണ്. ഗായികയായ മകള്‍ ബിന്ദുവും ഭര്‍ത്താവ് ശങ്കറും മകളും ബഹറിനിലാണ്. പിള്ളയുടെ അനിയന് ഉദ്യോഗമണ്ഡല്‍ വിക്രമന് മുംബൈയിലെ പ്രശസ്തനായ നര്‍ത്തകനാണ്. പിള്ളയുടെ സഹോദരി സരോജത്തിന്റെ മകള്‍ ഗീത പദ്മകുമാര്‍ കുച്ചിപ്പുടി നര്‍ത്തകിയും മഞ്ജുവാര്യരടക്കമുള്ളവരുടെ ഗുരുവുമാണ്. മറ്റൊരു സഹോദരി സാവിത്രി സംഗീത അധ്യാപികയായി വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: