ന്യൂദല്‍ഹി: മഹുവ മൊയ്ത്രയ്ക്ക് കൂടുതല്‍ തലവേദന നല്കി ബിജെപി എംപി നിഷികാന്ത് ദുബെ. പാര്‍ലമെന്റ് വെബ് സൈറ്റില്‍ മഹുവ മൊയ്ത്രയ്ക്കുള്ള എംപിമാരുടെ പേജിലേക്ക് പ്രവേശിക്കാനുള്ള പാസ് വേഡ് ദര്ശന് ഹീരാനന്ദാനി ഗ്രൂപ്പിന് നല്കി എന്ന ആരോപണം സ്ഥിരീകരിക്കുന്ന മറ്റൊരു വിമര്‍ശനമാണ് ശനിയാഴ്ച നിഷികാന്ത് ദുബെ ഉയര്‍ത്തിയിരിക്കുന്നത്. സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലാണ് നിഷികാന്ത് ദുബെ ഈ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മഹുവ മൊയ്ത്ര എന്ന പേരെടുത്ത് പറയാതെ ഒരു എംപി എന്നും തൃണമൂല്‍ എംപി എന്നും മാത്രമാണ് നിഷികാന്ത് ദുബെ സമൂഹമാധ്യമപോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്.
എംപി (മഹുവ മൊയ്ത്ര) ദല്‍ഹിയില്‍ ആയിരുന്നപ്പോള്‍ ദുബായില്‍ നിന്നും അവരുടെ ലോക് സഭാ വെബ്സൈറ്റ് പേജിലേക്ക് ആരോ ലോഗിന്‍ ചെയ്ത് കയറി എന്നതാണ് നിഷികാന്ത് ദുബെയുടെ ഗുരുതരമായ ആരോപണം.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയെന്നും നിഷികാന്ത് ദുബെ ആരോപിക്കുന്നു. “കുറച്ചുപൈസയ്ക്ക് വേണ്ടി എംപി(മഹുവ മൊയ്ത്ര) രാജ്യസുരക്ഷ പണയപ്പെടുത്തി”-നിഷികാന്ത് ദുബെ പറയുന്നു. പുതിയ ആരോപണത്തിലൂടെ അദാനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര പണവും വില പിടിച്ച സമ്മാനങ്ങളും വാങ്ങി എന്ന ആരോപണത്തെ സമര്‍ത്ഥിക്കുക കൂടിയായിരുന്നു നിഷികാന്ത് ദുബെ.
” പാര്‍ലമെന്റ് വെബ് സൈറ്റിലെ എംപിയുടെ (മഹുവ മൊയ്ത്രയുടെ) ഐഡി ദുബായില്‍ നിന്നും തുറക്കുമ്പോള്‍ എംപി ഇന്ത്യയിലായിരുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ ഉപയോഗിക്കുന്ന വെബ് സൈറ്റാണ് ഇതെന്നാ് ഓര്‍ക്കണം”- നിഷികാന്ത് ദുബെ പറയുന്നു.
“ഇനിയും തൃണമൂല്‍ എംപിയും പ്രതിപക്ഷ നേതാക്കളും ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുമോ? രാജ്യത്തെ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. “-നിഷികാന്ത് ദുബെ ആരോപിച്ചു.
കഴിഞ്ഞ ദിവസം ദര്ശന് ഹീരാനന്ദാനി തന്നെ പാര്‍ലമെന്റിന്റെ സദാചാര കമ്മിറ്റിക്ക് നല്കിയ സത്യവാങ് മൂലത്തില്‍ മഹുവ മൊയ്ത്രയ്ക്ക് താന്‍ പണം നല്‍കിയെന്നും അവരുടെ വീട് പുതുക്കിപ്പണിത് കൊടുത്തെന്നും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നും പാര്‍ലമെന്റ് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ മഹുവ മൊയ്ത്ര നതിക്ക് നല്‍കിയെന്നും കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ സത്യവാങ് മൂലത്തില്‍ വിശ്വസനീയമല്ലെന്നും ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും ഉള്ള ആരോപണങ്ങളാണ് മഹുവ മൊയ്ത്ര ഉയര്‍ത്തുന്നത്. എന്തായാലും മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് ഓരോദിവസവും പുതിയ തെളിവുകള്‍ പുറത്തുവരികയും പ്രശ്നം ഗുരുതരമാവുകയും ചെയ്യുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ആദിര്‍ രഞ്ജന്‍ ചൗധരി മഹുവ മൊയ്ത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും പാര്‍ലമെന്റില്‍ 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷക്കാലം മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ആകെ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും അദാനിയ്ക്ക് എതിരായ ചോദ്യങ്ങളായിരുന്നു. ശക്തനായ അദാനിയെ ചോദ്യം ചെയ്യുക വഴി എളുപ്പവഴിയില്‍ പേരെടുക്കാനും ഒപ്പം അദാനിയ്ക്കെതിരെ ഹീരാനന്ദാനി ഗ്രൂപ്പിന്റെ താല്പര്യബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കുകയുമായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: