(ദേവപൂജോപാഖ്യാനം തുടര്‍ച്ച)
കമലോത്ഭവനായ ബ്രഹ്മാവും വിഷ്ണുവും രുദ്രനും ഇന്ദ്രാദിപ്രമുഖന്മാരും അമരന്മാരും ഇക്കണ്ടീടുന്ന ജീവികളും ആമയവിഹീനനായീടുന്ന ആ ദേവന്റെ രോമാളിയാണെന്നു ഉള്ളില്‍ ചിന്തിച്ചുകൊണ്ടീടണം. വിവിധാരംഭങ്ങളെ ചെയ്തീടുന്നവകളായി ഭുവനത്രയയന്ത്രസൂത്രങ്ങളായീടുന്ന ഇച്ഛാദി ശക്തികള്‍ ആ ദേവന്റെ ശരീരത്തില്‍ ചേരുന്നവയാണെന്നോര്‍ക്കണം. സര്‍വസംശ്രയനവന്‍, ചിന്മാത്രനായുള്ളവന്‍, സര്‍വഗന്‍, അവന്‍ അനുഭൂതാത്മാവായീടുന്നു. മതിമന്‍! പരമനായീടും ആ ദേവന്‍ സത്തുക്കള്‍ക്ക് എപ്പോഴും പൂജനീയനാണെന്നു ബോധിച്ചാലും. അന്തമെന്നുള്ളതില്ലാതുള്ളവന്‍ പരാധാരന്‍, ചിന്തിച്ചീടുക, സതാമാത്രൈകരൂപനാണവന്‍. കാലനാണ് അവന്റെ ദ്വാരപാലകന്‍, ജഗജ്ജാലത്തെ നാനാവിധമാക്കി ചെയ്യുന്നതിവനാണ്. എങ്ങും കണ്ണുള്ളവന്‍, എങ്ങും മൂക്കുള്ളവന്‍, എങ്ങും ത്വക്കുള്ളവന്‍, എങ്ങുമേ നോക്കുള്ളവന്‍, എല്ലാദിക്കിലും കര്‍ണ്ണമുള്ളവന്‍, എല്ലാ ദിക്കിലും ഓര്‍ത്താല്‍ മനനാന്വിതനവന്‍. മനനാതീതനായീടുന്നവന്‍ എല്ലാടവും മുനിനായക! നൂനം പരമനായ ശിവനാണ്. ഇങ്ങനെ ഉള്ളില്‍ ചിന്തിച്ചു ദേവേശനെ നിത്യവും വിധിപോലെ പൂജിച്ചുകൊള്ളുക. സംവിത്വരൂപനായ ദേവനെ പൂജിക്കുവാന്‍ ബാഹ്യോപചാരമൊന്നും ആവശ്യമില്ലെന്നോര്‍ക്കുക. ക്ലേശംകൂടാതെ കൈവന്നീടുന്ന നാശമില്ലാത്ത പാരം ശീതളമായ ഒന്നായി വിളങ്ങുന്ന തന്റെ ബോധമായീടുന്ന നല്ല അമൃതംകൊണ്ട് എന്നും പൂജിക്കണം. അന്തരംഗത്തിലുള്ള ശുദ്ധമാകുന്ന ചിന്മാത്രത്തെ എപ്പോഴും ചിന്തിക്കുകയെന്നത് ഓര്‍ത്താല്‍ പരമാകുന്ന ധ്യാനമായീടുന്നത് ആയതുതന്നെ, പരയാം പൂജയായിടുന്നതുമതുതന്നെ.
കാണുക, കേട്ടീടുക, തൊടുക, ഭക്ഷിക്കുക, മണംപിടിക്കുക, ഉറങ്ങീടുക, നടക്കുക, ശ്വാസത്തെ ശരിയായി വിട്ടുകൊള്ളുക, പിന്നെ വെടിയുക, സ്വീകരിക്കുക എന്നിതൊക്കെയും ചെയ്തീടുന്നതാകിലും ശുദ്ധസംവിന്മയനായി ഭവിക്കണം. ധ്യാനമാണ് ആത്മാവിനെ പൂജിക്കാന്‍ പൂജാദ്രവ്യം, ധ്യാനമെന്നതുതന്നെയാണു അതിന്റെ മഹാര്‍ച്ചനം. ധ്യാനത്തെക്കൊണ്ടല്ലാതെ വേറെ യാതൊന്നുകൊണ്ടും ആത്മാവിനെ പ്രാപിച്ചീടുകയില്ല. പതിമൂന്നു നിമിഷം കഴിവോളം ധ്യാനംകൊണ്ട് ഈ ദേവനെ നന്നായി പൂജിക്കുകില്‍ മൂഢനായുള്ളവനും ഗോദാനത്തിന്റെ ഫലം കിട്ടീടുമെന്നതിനു സംശയമൊട്ടുമില്ല. ഈ ഭൂമിയില്‍ ഏതൊരുത്തന്‍ നൂറോളം നിമിഷം ഈവിധം പ്രഭുവിനെ പൂജിച്ചുകൊണ്ടീടുന്നു, ആയവന്‍ അശ്വമേധയാഗത്തെ ചെയ്തഫലം ലഭിച്ചീടുമന്നറിയുക. അരനാഴികനേരം തന്റെ ആത്മാവിനെ ധരണീതലത്തിങ്കല്‍ ആരേവം പൂജിക്കുന്നു, ആയിരം അശ്വമേധം ചെയ്തതിനുള്ള ഫലം അവനുണ്ടായിവരും. പൂജ ഇങ്ങനെ ഒരു നാഴിക ചെയ്തീടില്‍ രാജസൂയത്തിന്റെ ഫലം നിശ്ചയമായും ലഭിക്കും. പതിനഞ്ചുനാഴിക നേരം നന്നായി പൂജിക്കുന്നവന് ലക്ഷം രാജസൂയത്തിന്റെ ഫലം ഉണ്ടാകും. ഈവിധം ഒരുദിനം പൂജിച്ചീടുകില്‍ നിര്‍വിവാദമായും ബ്രഹ്മപ്രകാശത്തിങ്കല്‍ അവന്‍ വാഴുന്നു. ഇതുതന്നെ ഉത്തമമാകുന്ന യോഗം, ഇതുതന്നെ ഉത്തമമാകുന്ന തപസ്സ്.ഞാന്‍ ആത്മാവിന്റെ ബാഹ്യപൂജയെക്കുറിച്ചു പറഞ്ഞു. ഇനി ആന്തിരകപൂജയെപ്പറയാം, കേട്ടീടുക. നിത്യവും ശരീരാഭിമാനിയായി, ഉറങ്ങുന്നവനായി, എഴുന്നേറ്റവനായി, സ്ഥിതനായി, സഞ്ചാരിയായി, സ്പര്‍ശിച്ചീടുക, കൈക്കൊണ്ടീടുക, കളയുക, പെരുകും ഭോഗങ്ങളെ ഭുജിക്കെന്നതുമെല്ലാം സരസമായി ചെയ്യുന്ന ജീവനെത്തന്നെ പരമാകുന്ന ശിവനെന്നു ധ്യാനിച്ചുകൊണ്ടീടണം. ഘടം മുതലായ ആകാരമായീടുന്ന ചിത്തവൃത്തിയില്‍ചേരും ആത്മചൈതന്യത്തിന്റെ അനുസന്ധാനമായീടുന്ന സ്‌നാനംകൊണ്ട് മുനിനായക! പാരം ശുദ്ധനായി ഭവിച്ച് മാനസമനനശക്തിയില്‍ സ്ഥിതിചെയ്യുന്നവനായി സദാ പ്രാണാപാനാന്തരത്തില്‍ ഉദിക്കുന്ന ഹൃത്കണ്ഠതാലുക്കളുടെ നടുവില്‍ ചേരുന്നതായി, ഭ്രൂമദ്ധ്യം പിന്നെ നാസാപുടം എന്നുള്ളതായപീഠങ്ങളില്‍ സ്ഥിതിചെയ്ത് ഷട്ത്രിംശത് പദകോടിയില്‍ ഇരിക്കുന്നതായി ഉന്മന്യദശാതിഗമാകുന്ന സത്‌ബോധലിംഗത്തിനെ നിത്യാവബോധമായീടുന്ന പൂജകൊണ്ടു നിത്യവും വഴിപോലെ പൂജിച്ചീടുകവേണം. ഹസ്തപദാദികളാകുന്ന അംഗങ്ങള്‍ ചേര്‍ന്ന് ഈ ദേഹത്തില്‍ വര്‍ത്തിക്കുന്ന ചിദാഭാസന്‍ തന്നെയാകുന്നു ദേവന്‍. മാനസനേത്രങ്ങളാകുന്ന ബാഹ്യേന്ദ്രിയങ്ങള്‍ക്കുള്ള നാനാവിധാചാരകളായി വിചിത്രകളായ ശക്തികള്‍, പത്‌നികള്‍ ഉത്തമനാകുന്ന ഭര്‍ത്താവിനെയെന്നപോലെ, എന്നെസ്സദാ സേവിച്ചുകൊണ്ടീടുന്നു. ത്രൈലോക്യത്തെ നേരായി അറിയിച്ചിട്ടും മനം ദ്വാരപാലകനായി വര്‍ത്തിക്കുന്നു. ശുദ്ധരൂപിണിയാകുന്ന ഈ ചിന്ത എനിക്ക് ദ്വാരത്തില്‍ നില്‍ക്കുന്ന കാവല്‍ക്കാരനായീടുന്നു. വളരെ വിചിത്രങ്ങളാകുന്ന ജ്ഞാനങ്ങള്‍ അംഗങ്ങളില്‍ ചേരുന്ന നല്ല ഭൂഷണങ്ങളായീടുന്നു. ബുദ്ധീന്ദ്രിയങ്ങളായ ഗണങ്ങളോടൊത്ത കര്‍മ്മേന്ദ്രിയങ്ങളാണ് എനിക്ക് ദ്വാരങ്ങള്‍. അപ്രകാരമുള്ള ഈ പ്രത്യക്ഷജ്ഞാനംതന്നെ തത്പദജ്ഞാനമായുള്ള ആത്മാവായീടുന്ന ഈ ഞാന്‍ അനഘന്‍, പരിച്ഛേദരഹിതന്‍, സ്വരൂപന്‍, ഞാന്‍ അനന്തന്‍, പൂര്‍ണനായീടുന്നവന്‍, അന്തര്യാമി, ഭരിതൈകാത്മാവായി വാഴുന്നവന്‍ എന്നീവണ്ണം ഭാവിച്ചുകൊണ്ടീടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: