അബുദാബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖാന്തരം യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കാനും മുഖം തിരിച്ചറിയാനുമുള്ള അത്യാധുനിക റോബോട്ടുകളെ അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിന്യസിക്കും. ഏറെ കൗതുകം നിറഞ്ഞതാണെങ്കിലും അത്യന്തം സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇ കസ്റ്റംസ് ആണ് റോബോട്ടുകളെ വിമാനത്താവളത്തിനുള്ളിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.
എഐ റോബോട്ടുകൾ ഉടൻ സേവനത്തിൽ പ്രവേശിക്കുമെന്നാണ് കരുതുന്നതെന്ന് അബുദാബി സീനിയർ കസ്റ്റംസ് കൺട്രോളർ മുഹമ്മദ് അൽ ഹമ്മദി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യയാണ് ഇതിനെ പിന്തുണയ്‌ക്കുന്നത്, ഇത് ഓരോ യാത്രക്കാരന്റെയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് ഓഫീസറെ സഹായിക്കും. ഈ റോബോട്ടുകൾക്ക് ആറ് മീറ്റർ അകലെ നിന്ന് ഒരേ സമയം അഞ്ച് മുതൽ ഏഴ് വരെ ആളുകളെ തിരിച്ചറിയാൻ കഴിയും.
കൂടാതെ, റോബോട്ട് യാത്രക്കാരുടെ ചോദ്യങ്ങൾക്ക് അവരുടെ ഭാഷയിൽ ഉത്തരം നൽകും. അതിന്റെ എഐ സംവിധാനമാണ് ഇതിന് സഹായകമാകുന്നത്. ഇതിനു പുറമെ യാത്രക്കാരെ പണമിടപാടുകൾക്ക് സഹായിക്കാനും മറ്റ് കസ്റ്റംസ് സേവനങ്ങൾക്കും റോബോട്ട് ഉണ്ടാകുമന്ന് അൽ ഹമ്മദി പറഞ്ഞു. റോബോട്ടിൽ ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഇത് യാത്രികർ നൽകിയ വിവരങ്ങൾ കൃത്യതയുള്ളതാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ കഴിയും.
കൂടാതെ റോബോട്ടിന് യാത്രികരുടെ ലിംഗഭേദവും പ്രായവും നിർണ്ണയിക്കാനാകും. ഭാവിയിൽ റോബോട്ടിന് കസ്റ്റംസ് വഴി സാധനങ്ങൾ ക്ലിയർ ചെയ്യാനും സാധിക്കുമെന്നും ഹമ്മദി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: