പൊന്‍കുന്നം: പൊന്‍കുന്നം-പാലാ റോഡില്‍ പൈക മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് 2023ല്‍ മാത്രം നടന്നത് എട്ട് അപകടമരണം. പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണക്കാണിത്.
ബുധനാഴ്ച രാത്രി മൂന്ന് ഓട്ടോയാത്രക്കാര്‍ മരിച്ചതുള്‍പ്പെടെയുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 51 പേര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു. പോലീസ് കേസില്ലാതെ തീര്‍പ്പായിപ്പോയ അപകടങ്ങളുടെ എണ്ണവും ഏറെയാണ്.
ഹൈവേയായി നവീകരിച്ചതിന് ശേഷം ആറുവര്‍ഷത്തിനിടെ അറുപതിലേറെ മരണം പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് നടന്നിട്ടുണ്ട്. അതിലേറെയും 2023ല്‍ തന്നെയാണ്.
നിരന്തരം അപകടം നടന്നിട്ടും…
പാലാ-പൊന്‍കുന്നം റോഡില്‍ നിരന്തരം അപകടം നടന്നിട്ടും വേണ്ടത്ര കരുതലുകളില്ല. അപകടങ്ങളേറെയും അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം. മദ്യലഹരിയിലും ഗതാഗതനിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയിലുള്ള ഓട്ടവുമാണ് ഏറെ അപകടങ്ങള്‍ക്കും കാരണം. ഹൈവേ ആയിട്ടും വളവുകള്‍ ഏറെയുള്ള റോഡില്‍ മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാരും അപകടങ്ങളുണ്ടാക്കുന്നു. തേഞ്ഞുതീര്‍ന്ന ടയറുകളുമായി ഓടുന്ന വാഹനങ്ങളാണ് നിരവധി അപകടങ്ങള്‍ക്ക് കാരണം. നിയമം പാലിക്കാതെ വളവുകളിലെ ഓവര്‍ടേക്കിങ്ങും അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഓവര്‍ടേക്കിങ്ങ് നടത്തുന്ന വാഹനങ്ങളുടെ അരികിലൂടെ പിന്നാലെയെത്തുന്ന വാഹനം കൂടി മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന വാഹനത്തിലിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
റോഡിന്റെ അശാസ്ത്രീയതെക്കുറിച്ച് എന്നും പരാതിയുണ്ട് വാഹനയാത്രികര്‍ക്ക്. വളവുകളും ഇറക്കങ്ങളും നിലനിര്‍ത്തി തന്നെയാണ് റോഡ് പുനര്‍നിര്‍മിച്ചതെന്നും അലൈന്‍മെന്റില്‍ അപാകതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. വേഗതാ നിയന്ത്രണത്തിനുള്ള സംവിധാനം ഒരിടത്തുമില്ല.
പുതിയ ഹൈവേകളില്‍ വേഗനിയന്ത്രണത്തിന് നിര്‍മിക്കാറുള്ള റംപിള്‍ സ്ട്രിപ്പുകള്‍ പാലാ-പൊന്‍കുന്നം റോഡില്‍ ഇല്ല. ഈ റോഡിന്റെ തുടര്‍ച്ചയായുള്ള പൊന്‍കുന്നം-പുനലൂര്‍ റോഡില്‍ വിവിധയിടങ്ങളില്‍ റംപിള്‍ സ്ട്രിപ്പുകള്‍ ഉണ്ട്. വാഹനങ്ങള്‍ അമിതവേഗമെടുക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണിത്. ഇവയിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ വേഗത കുറയും. അപകടസാധ്യത ഒഴിവാകും.
വഴിവിളക്കില്ലാത്തതും ദുരിതം
കഴിഞ്ഞ ദിവസം അപകടം നടന്നയിടത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വഴിവിളക്കുകളുടെ സഹായവുമില്ല. 21 കിലോമീറ്ററുള്ള പി.പി.റോഡില്‍ നാനൂറിലേറെ സോളാര്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തന രഹിതമാണ്. മൂന്നുവര്‍ഷത്തിലേറെയായി മുഴുവന്‍ വഴിവിളക്കുകളും തകരാറിലായിട്ടും പുന: സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. ബുധനാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തുണയായത് മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: