കോട്ടയം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘടന ഭാരവാഹികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണമല അട്ടിവളവില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും. ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ബദല്‍പാതകള്‍ക്കായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീര്‍ഥാടനകാലം ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയില്‍ ഒരുക്കുമെന്നും എംഎല്‍എ പറഞ്ഞു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. ജൈവ, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തീര്‍ഥാടന മേഖലയില്‍ മാലിന്യം കുന്നുകൂടുന്നത് തടയാന്‍ ലേലം ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിര്‍ദേശം ലേലനിബന്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പാലിക്കാത്തവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും.
മേഖലയിലേക്കുള്ള ഇടറോഡുകള്‍ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് നിര്‍ദേശം നല്‍കി. ദിശാസൂചന ബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍, അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കും. കണമല, ഓരുങ്കല്‍ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
എരുമേലി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയടക്കം സമീപ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ആശുപത്രികളില്‍ മരുന്നുകളും ആന്റിവെനം, ആന്റി റാബീസ് എന്നിവയും ഉറപ്പാക്കാനും നിര്‍ദേശിച്ചു. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലന്‍സ് എരുമേലിയില്‍ എല്ലാദിവസവും ഉണ്ടാകും. ആവശ്യമായ മെഡിക്കല്‍ സംഘത്തെ നിയമിക്കാനും ഹോട്ടലുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും ഡി.എം.ഒയെ ചുമതലപ്പെടുത്തി.
ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ സംഘത്തിന്റെ സേവനം കടപ്പാട്ടൂര്‍, എരുമേലി, ഏറ്റുമാനൂര്‍ ഇടത്താവളങ്ങളില്‍ ഏര്‍പ്പെടുത്തും. എല്ലാ ഇടത്താവളങ്ങളിലും എരുമേലി മേഖലയിലും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ കെഎസ്ഇബിയ്‌ക്ക് നിര്‍ദേശം നല്‍കി. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റ് സ്ഥാപിക്കാനും
നിര്‍ദേശിച്ചു. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കെഎസ്ഇബിയും ഉറപ്പാക്കണം. എല്ലാ ഹോട്ടലുകളിലും അഞ്ചു ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: