തൃശൂർ: കെഎസ്ഇബി സർവീസ് വയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തൃശൂർ വരവൂർ സ്വദേശി രാമേഷിനാണ് പരിക്കേറ്റത്. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കഴിഞ്ഞ രാത്രിയോടെയാണ് അപകടം നടന്നത്. സഹോദരനായ രാജേഷിനൊപ്പം സഞ്ചരിക്കവേയായിരുന്നു അപകടം ഉണ്ടായത്. ഇരുവരും കുന്നംകുളം എത്തിയപ്പോൾ കനത്ത മഴ പെയ്തു. ഇതോടെ വഴി വ്യക്തമായി കാണുന്നതിന് തടസമായി. പിന്നാലെ കെഎസ്ഇബി പോസ്റ്റിന്റെ വയറിലെ കമ്പി യുവാവിന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.
കഴുത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുവാവ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
റോഡിൽ അലക്ഷ്യമായി കിടന്നിരുന്ന കേബിൾ വയർ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെഎസ്ഇബി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നുവെന്നും എന്നാൽ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുൻപും കേബിൾ കുരുങ്ങി അപകടം സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: