അലിഗഡ്: ഡോ. ബി.ആര്. അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കേന്ദ്രങ്ങളെ സര്‍ക്കാര്‍ പഞ്ചതീര്‍ത്ഥമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ ജനതയുടെ അഭിമാനമായ അടയാളങ്ങളെയെല്ലാം തകര്‍ക്കുകയാണ് സമാജ് വാദിപാര്‍ട്ടിയുടെ സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ഒരു കൂട്ടം ആളുകളായി മാത്രമാണ് എസ്പിയും കോണ്‍ഗ്രസും ഗോത്രവര്‍ഗ ജനതയെ കണ്ടത്. ബിജെപിക്ക് രാഷ്ട്രത്തിന്റെ സമ്പത്താണ് അവര്‍. അലിഗഡ് എക്സിബിഷന് ഗ്രൗണ്ടില്‍ ദളിത് വര്‍ഗ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്.
കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപിയുടെ ഇരട്ട എന്ജിന് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ദളിത് സമൂഹം ഛിന്നഭിന്നമായിരുന്നു. അവരെ സംഘടിപ്പിക്കുകയും സമൃദ്ധരാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബാബാസാഹേബ് ഭീംറാവു അംബേദ്കറിന്റെ ചിത്രം നിര്‍ബന്ധമാക്കിയത് ബിജെപി സര്‍ക്കാരാണ്. ഗോത്രവര്‍ഗ ജനതയുടെ സമ്പൂര്‍ണ സുരക്ഷയാണ് ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കിയത്. സമൂഹത്തിന്റെ ഉന്നമനത്തിനായി സന്ത് രവിദാസ് നടത്തിയ ത്യാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി വാരാണസിയില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി. ഡോ.ബി.ആര്. അംബേദ്കറിന് ഭവ്യമായ സ്മാരകം ലഖ്നൗവില്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2017-ന് മുമ്പ് വരെ സംസ്ഥാനത്ത് പലയിടത്തും ഗോത്രവര്‍ഗജനതയ്ക്ക് ഘോഷയാത്ര നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. അത് നീക്കിയത് ബിജെപി സര്‍ക്കാരാണ്. ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്കുന്ന സ്കോളര്‍ഷിപ്പ് എസ്പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അത് പുനരാരംഭിക്കുക മാത്രമല്ല, ദളിത് സഹോദരങ്ങള്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു, യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: