തിരുവനന്തപുരം: അരബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ബുധനാഴ്ച രാവിലെയോടെ ഒമാൻ-യമൻ തീരത്ത് എത്താൻ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തേജ് ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല എന്നാണ് റിപ്പോർട്ട്.
എന്നാൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തിങ്കളാഴ്ച മുതൽ മഴ ശക്തമാകാനാണ് സാദ്ധ്യത.
കേരള-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. തുലാവർഷത്തിന്റെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: