ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്നാല്‍ ഭാരതം സാമ്പത്തികമായി ശക്തി നേടുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ ജിഡിപി 8.5% വളരുന്നു എന്നതാണ് ഐസിആര്‍എ പ്രതീക്ഷിക്കുന്നത്. ആര്‍ബിഐയുടെ പ്രതീക്ഷ8% ആണ്, അതേസമയം എസ്ബിഐ പ്രവചനം 8.2-8.5% ആണ് ദേശീയ സ്ഥിതിവിവര ഏജന്‍സിയുടെ(എന്‍എസ്ഒ)കണക്കുകള്‍ പ്രകാരം 22-23 ലെ ആദ്യപാദം 7.8% ആണ് ജിഡിപി. സമാനമായ രീതിയില്‍ ചൈനയുടേത്5% വളര്‍ച്ചയെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായി വളരുന്ന രാജ്യമായി ഭാരതം മാറി. അതുകൊണ്ടുതന്നെയാണ് ഐഎംഎഫ്, ലോക ബാങ്ക് അടക്കം ഭാരതത്തിനെ പ്രതീക്ഷയോടെ കാണുന്നതും.
ഭാരതത്തിന്റെ വാര്‍ഷിക കയറ്റുമതിയുടെ കണക്കുകള്‍ ഏകദേശം 800 ബില്ല്യന്‍ യഎസ് ഡോളറാണ് കണക്കാക്കുന്നത്. ഇത് സാമ്പത്തിക വളര്‍ച്ചയുടെ ലക്ഷണമാണ്. അതില്‍ തന്നെ 6 ബില്യണ്‍ ഡോളര്‍ കയറ്റുമതി മൊബൈല്‍ ഫോണുകളുടെ മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയമായി പ്രതിഫലിക്കുന്നുണ്ട്. ഇതാകട്ടെ എക്കാലത്തെയും വലിയ വര്‍ദ്ധനയാണ്. പ്രത്യക്ഷ നികുതികളുടെയും പരോക്ഷനികുതികളുടെയും വരുമാനം 33.60 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ബജറ്റില്‍ മൊത്തം വരുമാനം ഏകദേശം 45 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 2014-15 ലെ ഇതേ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 16.63കോടിരൂപ ചെലവും 12 കോടി വരുമാനവുമായിരുന്നു എന്നത് 9 വര്‍ഷത്തെ സാമ്പത്തിക കുതിച്ചു ചാട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ വര്‍ദ്ധന റോഡ്, റെയില്‍വേ ശൃംഖലകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തില്‍ ഗണ്യമായ രീതിയില്‍ പ്രതിഫലിക്കുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും കോര്‍പ്പറേറ്റ് നികുതിയില്‍ നിന്നുള്ള വരുമാനം 2014-15 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60% വര്‍ദ്ധിച്ചു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍, മോദി ഗവണ്മെന്റിന്റെ കാലത്ത് വരുമാനത്തിലും ചെലവിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. പ്രത്യേകിച്ചും അടിസ്ഥാന സൗകര്യവികസനത്തില്‍. അങ്ങിനെ രാജ്യം ആഗോള സാമ്പത്തിക രംഗത്ത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നു. ഭാരതം സമീപഭാവിയില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയരും എന്നതാണ് പ്രതീക്ഷ.
കാര്‍ഷിക, അനുബന്ധ മേഖലക്കായി 20 ലക്ഷം കോടി രൂപ നീക്കിവയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍, അതില്‍ തന്നെ11% മത്സ്യബന്ധനത്തിനും മൃഗസംരക്ഷണത്തിനും ഉള്‍പ്പെടെ, ഗ്രാമീണ മേഖലയിലെ യുവ സംരംഭകര്‍ സ്ഥാപിച്ച അഗ്രി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് മാറ്റിവെച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കും വലിയ ഉത്തേജനം നല്കുന്ന യത്നത്തിലാണ്. ഈ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, കരകൗശല വിദഗ്ധരും അവരുടെ പരമ്പരാഗത വൈദഗ്ധ്യവും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഭാരതത്തിന്റെ യഥാര്‍ത്ഥ വൈദഗ്ധ്യമുള്ള ഉല്‍പ്പാദന സമൂഹമാണ് വിശ്വകര്‍മ സമൂഹം. വിശ്വകര്‍മജരെപ്പോലുള്ള പരമ്പരാഗത കരകൗശല വിദഗ്ധരെ ഉല്പന്നങ്ങളുടെ അളവും ഗുണനിലവാരവും വ്യാപ്തിയും മെച്ചപ്പെടുത്താനും അവരെ എംഎസ്എംഇയുടെ മൂല്യ ശൃംഖലയുമായി സംയോജിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി വിശ്വകര്‍മ കൗശല്‍ സമ്മാന്‍ എന്ന പദ്ധതിയിലൂടെ കലയും കരകൗശല വ്യവസായവും സൃഷ്ടിച്ച ഉല്‍പ്പന്നങ്ങള്‍ ”ആത്മനിര്‍ഭര്‍ ഭാരതിന്റെ യഥാര്‍ത്ഥ ചൈതന്യമായി” പ്രതിനിധീകരിക്കാന്‍ അവസരം ഒരുക്കപ്പെടുകയാണ്. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍, നൂതന നൈപുണ്യ പരിശീലനം, കാര്യക്ഷമമായ ഹരിത സാങ്കേതികവിദ്യകള്‍, ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവ് എന്നിവയ്ക്കൊപ്പം സാമ്പത്തിക പിന്തുണയും നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള, കഴിവുറ്റ കരകൗശല തൊഴിലാളികളെ ആധുനികവത്കരിച്ച് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന പ്രക്രിയയാണ് കാണാന്‍ കഴിയുന്നത്
കൊവിഡ് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, ആഗോള മാന്ദ്യ സാഹചര്യങ്ങള്‍ക്കെതിരെയും, എല്ലാ പ്രധാന ലോക സമ്പദ്വ്യവസ്ഥകളും വളര്‍ച്ചാ നിരക്കില്‍ പിന്നോട്ടു നില്ക്കുമ്പോള്, ഭാരത സമ്പദ്വ്യവസ്ഥ 8% -8.5% വരെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടായിരിക്കും എന്നതാണ് നല്ല സൂചകങ്ങള്‍. ഇത് ഭാരതത്തിന്റെ മൊത്തത്തിലുള്ള സമൃദ്ധമായ ഭാവിയെ സൂചിപ്പിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന വീക്ഷണത്തോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വന്‍ശക്തിയാക്കാന്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുക, നിലവിലെ അഞ്ചാം സ്ഥാനത്ത് നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുക എന്നതാണ് ലക്ഷ്യം. ലഭ്യമായ എല്ലാ സാമ്പത്തിക ഡാറ്റയും സൂചിപ്പിക്കുന്നത്, ലക്ഷ്യം സമീപഭവിയില്‍ നേടും എന്നു തന്നെയാണ്. ഭാരത സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും പരിപാടികളും ഈ ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. അതുവഴി 14 കോടി ജനങ്ങള്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവരികയും ശുദ്ധജല ലഭ്യത ഇല്ലാതിരുന്നവരുടെ ശതമാനം 16% നിന്നും കേവലം 2.7% ലേക്ക് താഴുകയും, ഇലക്ട്രിസിറ്റി ലഭ്യത ഇല്ലാത്തവരുടെ സംഖ്യ 29% ത്തില്‍ നിന്നും 2.1% ലേക്കും, വീട് ഇല്ലാത്തവരുടെ ശതമാനം 45 ല്‍ നിന്നും 13.6% ആയി കുറയുകയും ചെയ്തു. ഇതാണ് യുഎന്‍ഡിപിയുടെ കണക്കുകള്‍. ഈ ജിഡിപി വളര്‍ച്ച വഴി ദാരിദ്ര്യം കുറക്കുന്നതിലും ജീവിത നിലവാരവും മെച്ചപ്പെടുത്താനും ഭരതത്തിനു കഴിയുന്നു എന്നാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചൈന തളരുമ്പോള്‍
2022-ല്‍ ചൈന 3% ജിഡിപിവളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് ഏകദേശം 5% ജിഡിപി എന്ന വളര്‍ച്ചാ ലക്ഷ്യമാണ് ചൈനയുടേത്. എന്നാല്‍ ചൈനയിലെ പ്രാദേശിക ഗവണ്മെന്റുകളുടെ കടം കുതിച്ചുയര്‍ന്നതിനാല്‍, ഗണ്യമായ സാമ്പത്തിക ഉത്തേജക നടപടികള്‍ ആരംഭിക്കുന്നതിന് ഇപ്പോള്‍ സാധ്യത കാണുന്നില്ല. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.2% എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുന്നതും, ഒപ്പം മൊത്തം ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ 21.3% എന്ന പുതിയ ഉയരത്തിലെത്തിയതും അവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും, കുറയുന്ന കയറ്റുമതിയും മൂന്ന് വര്‍ഷമായി മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ചൈനയെ പ്രതിസന്ധിയിലാക്കുന്നത്. അതുകൊണ്ടുതന്നെ ചൈനയുടെ സമ്പദ്വ്യവസ്ഥ ഏപ്രില്‍ 23 മുതല്‍ കൂടുതല്‍ മന്ദഗതിയിലാണ്.
ഒരു കാലത്ത് പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ ചൈനയിലെ ഏറ്റവും വലിയ ഡെവലപ്പര്‍ ആയിരുന്ന കണ്ട്രി ഗാര്ഡന്റെയും മുന്‍നിര ട്രസ്റ്റ് കമ്പനിയായ സോങ്റോംഗ് ട്രസ്റ്റിന്റെയും സാമ്പത്തിക പ്രതിസന്ധി, ചൈനയുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കയാണ്. സമീപകാലത്ത് കണ്ട്രി ഗാര്ഡന് രണ്ട് ബില്യണ്‍ യുഎസ് ഡോളര്‍ ബോണ്ടുകളുടെ പലിശ പേയ്മെന്റുകള്‍ കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ അതിലെ നിക്ഷേപകരെ ഭയപ്പെടുത്തുകയും തകര്‍ന്ന എവര്‍ഗ്രാന്‍ഡിന്റെ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2021ലെ റിയല്‍ എസ്റ്റേറ്റ് പ്രതിസന്ധിയുടെ അതേ സ്വഭാവം സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കടബാധ്യതയുടെ ചിത്രവും. എവര്‍ഗ്രാന്‍ഡെയുടെ കടം ഇപ്പോഴും പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, കണ്ട്രി ഗാര്‍ഡനിലെ പുതിയ പ്രതിസന്ധി ചൈനീസ് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് വിപണിയെ പുനരുജ്ജീവിപ്പിക്കാന്‍ ബെയ്ജിംഗ് പിന്തുണയോടെയുള്ള പദ്ധതികള്‍ ഒന്നും തന്നെ ഫലം കാണുന്നില്ല, എന്നതിനാല്‍, ബീജിംഗ് നേരിടുന്ന വെല്ലുവിളികള്‍ ഇപ്പോഴും അവസാനിക്കുന്നതായി കരുതാന്‍ കഴിയില്ല.
ഇതിനിടയില്‍, പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരുടെ കടബാധ്യതകള്‍ രാജ്യത്തിന്റെ 2.9 ട്രില്യണ്‍ ഡോളര്‍ നിക്ഷേപ ട്രസ്റ്റ് വ്യവസായത്തിലേക്ക് വ്യാപിക്കുകയാണ്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കും സമ്പന്നരായ വ്യക്തികള്‍ക്കുമായി 87 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്ന സോങ്റോംഗ് ട്രസ്റ്റ്, കുറഞ്ഞത് നാല് കമ്പനികള്‍ക്കെങ്കിലും ഏകദേശം 19 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങളുടെ ഒരു തിരിച്ചടവ് നല്കാന് കഴിയാതെ പരാജയപ്പെട്ടുവെന്ന് കമ്പനിയുടെ തന്നെ സമീപകാല പ്രസ്താവനകള്‍ പറയുന്നു.ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യതയുടെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നതാണ് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ ആശങ്കയുടെ മറ്റൊരു കാരണം.
പ്രാദേശിക സര്‍ക്കാര്‍ കടങ്ങള്‍
ഒരു പ്രധാന ആശങ്ക, പ്രാദേശിക ഗവണ്മെന്റുകളുടെ കടമാണ്. ഇത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ മാന്ദ്യം കാരണം ഭൂമി വില്‍പ്പന വരുമാനത്തില്‍ കുത്തനെ ഇടിവ് സംഭവിച്ചത് മൂലമാണ്. അതാകട്ടെ ചൈനീസ് ബാങ്കുകള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുക മാത്രമല്ല, വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും പൊതു സേവനങ്ങള്‍ വിപുലീകരിക്കാനുമുള്ള സര്‍ക്കാരിന്റ നീക്കങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സാമ്പത്തിക മാന്ദ്യം മറകടക്കാന്‍15 വര്‍ഷം മുമ്പ് ചൈന ചെയ്തതുപോലെ കൂടുതല്‍ ധനം വിപണിയില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സമ്പദ്വ്യവസ്ഥ. മുന്‍പ് സമാന സാഹചര്യത്തില്‍ ചൈനീസ് നേതാക്കള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് നാല് ട്രില്യണ്‍ യുവാന്‍ (586 ബില്യണ്‍ ഡോളര്‍) സാമ്പത്തിക പാക്കേജ് പുറത്തിറക്കിയാണ് മാന്ദ്യം മറകടന്നത്. എന്നാല്‍ സമാനമായ നടപടികള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ല.
ആഗോള നിക്ഷേപകര്‍ ചൈനയുടെ ഓഹരി വിപണിയില്‍ നിന്ന് ഇതിനകം 10 ബില്യണ്‍ ഡോളറിലധികം പിന്‍വലിച്ചു കഴിഞ്ഞു. ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റും മോര്ഗന് സ്റ്റാന്‍ലിയും ചൈനീസ് ഇക്വിറ്റികള്‍ക്കായുള്ള തങ്ങളുടെ ലക്ഷ്യങ്ങള്‍ വെട്ടിക്കുറച്ചതായി അവരുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ഇറക്കുമതി മൂല്യം 14 ശതമാനത്തിലധികം ഇടിഞ്ഞതോടെ ആഫ്രിക്കയും ഏഷ്യയും ചെനീസ് മാര്‍ക്കറ്റില്‍ നിന്നും ഇറക്കുമതി കുറച്ചത് ചൈനയെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്നും തായ്വാനില് നിന്നുമുള്ള ഇലക്ട്രോണിക്സ് ഭാഗങ്ങളുടെ ഡിമാന്‍ഡ് കുറയുന്നതാണ് മറ്റൊരു പ്രശ്നം. തൊഴില്‍ വിതരണത്തിലെ ഇടിവും ആരോഗ്യ സംരക്ഷണവും സാമൂഹിക ചെലവുകളും വര്‍ധിച്ചതും വിപുലമായ ധനക്കമ്മിയിലേക്കും, ഉയര്‍ന്ന കടബാധ്യതയിലേക്കും നയിച്ചേക്കാം. ഒരു ചെറിയ തൊഴില്‍ ശക്തിയുടെ കുറവ് തന്നെ ആഭ്യന്തര സമ്പാദ്യം ഇല്ലാതാക്കാം, ഇത് ഉയര്‍ന്ന പലിശനിരക്കിനും നിക്ഷേപം കുറയുന്നതിനും ഇടയാക്കുന്നു. മൊത്തത്തില്‍ ചൈന വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയാണ്. കുറയുന്ന നിക്ഷേപങ്ങള്‍, കയറ്റുമതിയിലെ മാന്ദ്യം, വളര്‍ച്ചാമുരടിപ്പ്, പെരുകുന്ന തൊഴിലില്ലായ്മ, വഷളാകുന്ന അന്താരാഷ്ട്ര ബന്ധങ്ങള്‍, അങ്ങിനെ നീളുന്നു ചൈനയുടെ സമീപകാല വെല്ലുവിളികള്‍. ഈ തളര്‍ച്ചയെ നേരിടാനാകാതെ നില്ക്കുന്ന ചൈനയെ ആണ് ലോകം ഇന്നുകാണുന്നത്.
(നാളെ: എല്ലാ മേഖലയിലും തകരുന്ന കേരളം)
(ലേഖകന്‍ ഫിനാന്‍ഷ്യല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ലഘുഉദ്യോഗ ഭാരതിയുടെ സംസ്ഥാന ട്രഷററുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: