ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്കുന്ന ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം, പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് പദ്മഭൂഷണ്‍ മധുരൈ ടി.എന്‍. ശേഷഗോപാലിന് സമ്മാനിക്കും. അഞ്ച് പതിറ്റാണ്ടിലേറെയായി കര്‍ണാടക സംഗീതരംഗത്ത് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
ശ്രീഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കവും 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ചെമ്പൈ പുരസ്കാരം. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നവംബര്‍ എട്ടിന് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
ദേവസ്വം ചെയര്മാന് ഡോ. വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ മണ്ണൂര്‍ രാജകുമാരനുണ്ണി, എ. അനന്തപത്മനാഭന്, തൃപ്പുണിത്തുറ എന്‍. രാധാകൃഷ്ണന്, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായര്‍ എന്നിവരുള്‍പ്പെട്ട പുരസ്കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
2005 ലാണ് ദേവസ്വം, ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി. ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. പത്തൊമ്പതാമത്തെ പുരസ്കാരമാണ് മധുരൈ ടി.എന്‍. ശേഷഗോപാലിനെ തേടിയെത്തിയത്. ഭരണസമിതി യോഗത്തില്‍ അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, പി.സി. ദിനേശന് നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രന്, കെ.ആര്. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്, ദേവസ്വം ഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന് എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: