കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യ ആയുധ പരിശീലകന് മുഹമ്മദ് മുബാറക്ക് സമര്‍പ്പിച്ച ജാമ്യാപേക്ഷ വിശദമായ വാദങ്ങള്‍ക്ക് ശേഷം കൊച്ചി എന്‍ഐഎ പ്രത്യേക കോടതി തള്ളി.
അഭിഭാഷകന് കൂടിയായ മുബാറക്കിന്റെ എടവനക്കട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം വാളുകള്‍, മഴു തുടങ്ങിയ മാരകായുധങ്ങളും നിരവധി ഡിജിറ്റല്‍ രേഖകളും കണ്ടെടുത്തിരുന്നു. അന്നുതന്നെ കസ്റ്റഡിയില്‍ എടുത്ത മുബാറക്കിനെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായകമായ പല വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചിരുന്നു. മുഹമ്മദ് മുബാറക് പിഎഫ്ഐയുടെ മുഖ്യ ആയുധ പരിശീലകനാണെന്നും പെരിയാര്‍ വാലി, ഗ്രീന്‍വാലി, തുടങ്ങിയ പിഎഫ്ഐ കേന്ദ്രങ്ങളില്‍ വച്ച് പാലക്കാട് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ക്ക് മുബാറക് ആയുധ പരിശീലനം നല്കി എന്നുമുള്ള എന്‍ഐഎയുടെ വാദം പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി ജാമ്യഹര്‍ജി തള്ളിയത്. എന്‍ഐഎക്ക് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് എസ്. എന്നിവര്‍ ഹാജരായി.
ഒരു പ്രതി കൂടി അറസ്റ്റില്‍
കൊച്ചി: പിഎഫ്ഐ ഭീകരവാദ കേസില്‍ മലപ്പുറം ആര്യങ്കര പൂക്കോത്തൂര് സ്വദേശി ഷിഹാബ്(25) എന്‍ഐഎയുടെ പിടിയിലായി. കേസിലെ 68-ാം പ്രതിയാണ് ഇയാള്‍. പാലക്കാട് ശ്രീനിവാസന് വധക്കേസിലെ ഗൂഢാലോചനയിലും പങ്കാളിയാണ് ഷിഹാബ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഹക്കീമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും ഷിഹാബാണ്. പ്രതിയെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 25 ന് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: