കുന്നംകുളം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അവസാന ഇനമായ സീനിയര്‍, ജൂനിയര്‍ ആണ്-പെണ് വിഭാഗത്തില്‍ നടന്ന 4-400 മീറ്റര്‍ റിലേയില്‍ പാലക്കാടും കോഴിക്കോടും സ്വര്‍ണം പങ്കിട്ടു.
ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് പാലക്കാട് സ്വര്‍ണം നേടിയതെങ്കില്‍ ജൂനിയര്‍ പെണ്, സീനിയര്‍ ആണ് വിഭാഗത്തിലാണ് കോഴിക്കോടിന്റെ പൊന്ന്.
സീനിയര്‍ ആണ്‍കുട്ടികളില്‍ 3 മിനിറ്റ് 22.91 സെക്കന്‍ഡിലാണ് കോഴിക്കോടിന്റെ ചുണക്കുട്ടികള്‍ പൊന്നണിഞ്ഞത്.
പാലക്കാട് വെള്ളിയും കോട്ടയം വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 4 മിനിറ്റ് 06.04 സെക്കന്‍ഡിലാണ് കോഴിക്കോട് സ്വര്‍ണം നേടിയത്. 4:14.76 മിനിറ്റില്‍ പാലക്കാട് വെള്ളി നേടിയപ്പോള്‍ 4:17.69 സെക്കന്‍ഡില്‍ തിരുവനന്തപുരം വെങ്കലം സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ 4 മിനിറ്റ്് 02.88 സെക്കന്‍ഡിലാണ് പാലക്കാട് പൊന്നണിഞ്ഞത്. മലപ്പുറം വെള്ളിയും കോഴിക്കോട് വെങ്കലവും സ്വന്തമാക്കിയപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ 3 മിനിറ്റ് 3.35 സെക്കന്‍ഡില്‍ പാലക്കാട് പൊന്നണിഞ്ഞു. മലപ്പുറം വെള്ളിയും തൃശൂര്‍ വെങ്കലവും നേടി.
പോള്‍വാള്‍ട്ടില്‍ മാര്‍ ബേസിലിന്റെ ആധിപത്യം
കുന്നംകുളം: ആണ്‍കുട്ടികളുടെ സീനിയര്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും നേടി കോതമംഗലം മാര്‍ ബേസിലിന്റെ ആധിപത്യം. കോച്ച് സി.ആര്. മധുവിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ ബിപിന്‍ ഷിജു 4.30 മീ. ഉയരത്തില്‍ ചാടി സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ കൂട്ടുകാരനായ ശിവദേവ് രാജീവ് 4.20 മീ. ഉയരത്തില്‍ ചാടി വെള്ളി നേടി. പ്ലസ്ടു ഹ്യുമാനീറ്റീസ് വിദ്യാര്‍ത്ഥിയായ ബിപിന്‍ ഷിജു കോതമംഗലം രാമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ ഷിജുവിന്റെയും ജിന്‍സിയുടെയും മകനാണ്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറാണ് പിതാവ്. രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ പോള്‍വാള്‍ട്ടില്‍ റെക്കോര്‍ഡ് നേടിയിരുന്നു.
മാര്‍ ബേസില്‍ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ ശിവദേവ് രാജീവാണ് വെള്ളി നേടിയത്. കോലഞ്ചേരി പട്ടിമറ്റം വലമ്പൂര്‍ കുപ്രത്തില് രാജീവിന്റെയും ബിനയുടെയും മകനായ ശിവദേവ് മുന്‍ സംസ്ഥാന സ്കൂള്‍ മീറ്റിലടക്കം അഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: