സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ ട്രിപ്പിളടിച്ചത് ചിറ്റൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ബിജോയ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 3000 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയ്ക്ക് പുറമെ ഇന്നലെ 800 മീറ്ററിലും വെന്നിക്കൊടി പാറിച്ചാണ് ബിജോയ് ട്രിപ്പിള്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ കായികമേളയിലും ട്രിപ്പിള്‍ നേടിയ ബിജോയ് ചരിത്രമാവര്‍ത്തിക്കുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.
ചെത്ത് തൊഴിലാളിയായ ജയങ്കറിന്റെയും ആശാവര്‍ക്കറായ റീനയുടെയും മകനായ ബിജോയ് പരാധീനതകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നാണ് വരുന്നത്. കായികതാരമാകണമെന്ന് ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന അച്ഛന്റെന്റെ സ്വപ്നം സഫലീകരിച്ചിരിക്കുകയാണ് തുടര്‍ച്ചയായുള്ള ട്രിപ്പിള്‍ നേട്ടത്തിലൂടെ ബിജോയ്. സഹോദരന് റിജോയ് സ്കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ഗോവയില്‍ നടക്കുന്ന ദേശീയ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നതിനിടെ അനുജന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. എം. അരവിന്ദാക്ഷനാണ് കോച്ച്.
ഇന്നലെ 800 മീറ്ററില്‍ പുതിയ റെക്കോഡിട്ട് ട്രിപ്പിള്‍ നേട്ടം കളറാക്കുകയും ചെയ്തു. ഒരു മിനിറ്റ് 51.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പാലക്കാട് ചിറ്റൂര്‍ ജിബിഎച്ച്എസ്എസിലെ ബിജോയ് ജെ ട്രാക്കിലെ മിന്നുംതാരമായത്, പിന്നിലായത് 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലടി സ്കൂളിന്റെ ലിജോമണി സ്ഥാപിച്ച 1:51.77 സെക്കന്‍ഡ് സമയം.
1500, 3000 ഓട്ടത്തിലും ഒന്നാമനായ താരം സീനിയര്‍ ആണ്‍വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടി. സ്കൂളില്‍ ഗ്രൗണ്ടില്ലാത്തതിനാല്‍ പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: